Reckless | ആംബുലന്‍സിന്റെ വഴിമുടക്കി കാറില്‍ അഭ്യാസപ്രകടനം; നടപടിയുമായി ആര്‍ടിഒ
● വാഹനത്തിന് കടന്നുപോകാന്‍ സൗകര്യ നല്‍കിയില്ല.
● വീഡിയോ സമൂഹ മാധ്യമങ്ങൡ വൈറലായി.
● മറ്റൊരു കാറിലും ബൈകിലും തട്ടിയതായും പരാതി.
● കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
കാസര്‍കോട്: (KasargodVartha) ആംബുലന്‍സിന്റെ വഴിമുടക്കി കാറില്‍ അഭ്യാസപ്രകടനം നടത്തിയതിന് പിന്നാലെ നടപടിയുമായി ആര്‍ടിഒ അധികൃതര്‍ രംഗത്തെത്തി. കാസര്‍കോട് നിന്ന് പുറപ്പെട്ട ആംബുലന്‍സിനെ ബേക്കല്‍ മുതലാണ് വഴിമുടക്കി കാറില്‍ അഭ്യാസപ്രകടനം നടത്തിയത്. ഇങ്ങനെ 16 കിലോമീറ്ററിലധികം ദൂരം വഴി മുടക്കികൊണ്ടുള്ള കാറിന്റെ യാത്ര തുടര്‍ന്നിരുന്നുവെന്നാണ് പരാതി.
വാഹനത്തിന് കടന്നുപോകാന്‍ സൗകര്യ നല്‍കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുക്കളാണ് വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് ആര്‍ടിഒ അധികൃതര്‍ നടപടിയുമായി രംഗത്ത് വന്നത്. അതേസമയം, അമിതവേഗതയില്‍ പോയ ഈ കാര്‍ മറ്റൊരു കാറിലും ബൈകിലും തട്ടിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയില്‍ നിന്നാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ടത്. വഴിയില്‍വെച്ചായിരുന്നു കാര്‍ വഴി മുടക്കിയത്. കൊടുവള്ളി സ്വദേശിയുടെ പേരില്‍ രെജിസ്റ്റര്‍ ചെയ്ത കെഎല്‍48 കെ 9888 എന്ന കാറില്‍ സഞ്ചരിച്ചവരാണ് അതിക്രമം കാണിച്ചത്.
ഇതോടെ കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. പിഴയും ഒടുക്കേണ്ടി വന്നേക്കും. ഇത് സംബന്ധിച്ചുള്ള റിപോര്‍ട് കൊടുവള്ളി ആര്‍ടിഒക്ക് കൈമാറുമെന്നാണ് അധികൃതര്‍ കാസര്‍കോട്‌വാര്‍ത്തയോട് പ്രതികരിച്ചത്. കുമ്പള സ്വദേശിയായ ഡെയ്‌സണ്‍ ആണ് ആംബുലന്‍സ് ഓടിച്ചിരുന്നത്.
#ambulance #recklessdriving #trafficviolation #Kasargod #RTO #accident #viralvideo