Action | ആംബുലൻസിന്റെ വഴി മുടക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; 9000 രൂപ പിഴയും ഈടാക്കി
● റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുക്കണം
● 16 കിലോമീറ്ററിലധികം ദൂരം വഴി മുടക്കിയെന്നാണ് പരാതി
● ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
കാസർകോട്: (KasargodVartha) ആംബുലൻസിന്റെ വഴി മുടക്കിയ കാർ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. കാർ ഓടിച്ച കൊടുവള്ളിയിലെ പി മുഹമ്മദ് മുസമ്മലിന്റെ (27) ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി ആർടിഒ എൻഫോഴ്സ്മെന്റ് അറിയിച്ചു. ഇതോടൊപ്പം ഒൻപതിനായിരം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.
കാസർകോട് കെയർവെൽ ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനെ കെഎൽ 48 കെ 9888 നമ്പർ ഹ്യുണ്ടായി കാർ കിലോമീറ്ററുകളോളം വഴി തടസ്സപ്പെടുത്തിയതായി ആംബുലൻസ് ഡ്രൈവർ ഡെയ്‌സൺ പരാതി നൽകിയിരുന്നു. ബേക്കൽ മുതലായിരുന്നു വഴിമുടക്കി കാറിൽ അഭ്യാസ പ്രകടനം നടത്തിയത്.
16 കിലോമീറ്ററിലധികം ദൂരം വഴി മുടക്കികൊണ്ടുള്ള കാറിന്റെ യാത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മംഗ്ളൂറിൽ നിന്നും കോഴിക്കോട് പോവുകയായിരുന്നു മുഹമ്മദ് മുസമ്മിൽ. ഇയാളെ നേരിട്ട് വിളിപ്പിച്ചാണ് ആർടിഒ (എൻഫോഴ്സ്മെൻറ്) പി രാജേഷ് നടപടി സ്വീകരിച്ചത്. അഞ്ചുദിവസം എടപ്പാളിലെ ഐ ഡി റ്റി ആറിൽ റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ആർടിഒ എൻഫോഴ്സ്മെന്റ് മുമ്പാകെ ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
#ambulance #kasaragod #accident #traffic #law #india #kerala #driver #license #suspended