Celebration | അംബികാസുതൻ മാങ്ങാടിൻ്റെ എഴുത്തിന്റെ 50 വർഷം പരിസ്ഥിതി സമരങ്ങളുടെ കൂടി അരനൂറ്റാണ്ടെന്ന് ആഷാ മേനോൻ
● അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിന് 50 വർഷം.
● 'മഴവില്ലും ചൂരൽ വടിയും' പുസ്തകം പ്രകാശനം ചെയ്തു.
● ആഷാ മേനോൻ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.
കാസർകോട്: (KasargodVartha) സാഹിത്യകാരൻ അംബികാസുതൻ മാങ്ങാടിൻ്റെ എഴുത്തിന്റെ അമ്പത് വർഷം പരിസ്ഥിതി സമരങ്ങളുടെ കൂടി അമ്പത് വർഷമായി കൂടി അടയാളപ്പെടുത്തേണ്ടതാണെന്ന് പ്രമുഖ നിരൂപകൻ ആഷാ മേനോൻ അഭിപ്രായപ്പെട്ടു. ഹുബാഷിക പബ്ലിക്കേഷൻ സംഘടിപ്പിച്ച അംബികാസുതൻ മാങ്ങാടിൻ്റെ എഴുത്തിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംബികാസുതനുമായുള്ള തന്റെ സൗഹൃദം സാഹിത്യ കൃതികളിലൂടെ ആരംഭിച്ചതാണെന്ന് ആഷാ മേനോൻ അനുസ്മരിച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ തന്റെ കൃതികളിലൂടെ സമൂഹത്തിനു മുന്നിൽ എത്തിക്കാനുള്ള നിരന്തരപരിശ്രമം അംബികാസുതന്റെ ഭാഗത്തു നിന്നുണ്ട്. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ശ്രദ്ധേയ കൃതിയായ 'എൻമകജെ' 25 പതിപ്പുകൾ പിന്നിടുമ്പോൾ, അതിൽ നിന്നുള്ള റോയൽറ്റി തുക മുഴുവൻ എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസത്തിനായി അദ്ദേഹം വിനിയോഗിച്ചത് പുതിയ എഴുത്തുകാർക്ക് പ്രചോദനമാണെന്നും ആഷാ മേനോൻ കൂട്ടിച്ചേർത്തു.
അംബികാസുതൻ മാങ്ങാടിൻ്റെ കഥകളിലെ പ്രധാന പ്രമേയം സാങ്കേതികവിദ്യയിലൂടെ മുതലാളിത്ത യുക്തികളാൽ സംഭവിച്ച ലോകക്രമത്തിൻ്റെ തകിടം മറിച്ചിലാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ നിരൂപകൻ സജയ് കെ വി അഭിപ്രായപ്പെട്ടു. 'മഴവില്ലും ചൂരൽ വടിയും' എന്ന കഥയിലെ സ്കൂൾ ഒരു കാരാഗൃഹമാണെന്നും ക്ലാസ് മുറികൾ സെല്ലുകളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കവി പി. കുഞ്ഞിരാമൻ നായരെപ്പോലെ, മഴവിൽ കമാനങ്ങൾ തീർക്കുന്ന ഒരു കവിമാഷിൻ്റെ സാന്നിധ്യം ഈ കഥയിൽ കാണാം.
ചൂരൽ വടി ഒരു നിമിഷം മഴവില്ലിനെ ഓർമ്മിപ്പിക്കുന്നു. മഴവില്ല് മനോഹരമായ കാഴ്ചയും, ചൂരൽ വടി പീഡിതമായ ബാല്യത്തിൻ്റെ ഓർമ്മയുമാണ്. മറ്റൊരു കഥയുണ്ട്, ദൈവമാണ് ലോകം മുടിച്ച പ്രളയത്തിന് ശേഷം നോഹയുടെ മുന്നിൽ ആദ്യത്തെ മഴവില്ല് നിർമ്മിക്കുന്നത്. ഇനി ലോകത്തെ നശിപ്പിക്കില്ല എന്ന മനുഷ്യനുമായുള്ള ദൈവത്തിൻ്റെ ഉടമ്പടിയുടെ പ്രതീകമായാണ് യഹോവ മഴവിൽ നിർമ്മിക്കുന്നത്. മഴ ആരംഭിക്കുമ്പോൾ മഴവില്ല് പ്രത്യക്ഷപ്പെടും. അതോടു കൂടി യഹോവ പ്രളയമായി വളരാനുള്ള മഴയെ നിയന്ത്രിക്കും എന്നതാണ് ആ കഥ.
ദൈവത്തിൻ്റെ സാങ്കേതികവിദ്യകൾ മനുഷ്യൻ്റെ സൃഷ്ടികൾ കൊണ്ട് പകരം വെക്കുന്നു. ശാസ്ത്രത്തിലൂടെ സാങ്കേതിക വിദ്യയിലൂടെ മുതലാളിത്ത യുക്തികളാൽ സംഭവിച്ച ലോക ക്രമത്തിൻ്റെ തകിടം മറിച്ചിലാണ് അംബികാസുതൻ മാഷുടെ കൃതികളിൽ ആവർത്തിച്ചു വരുന്ന പ്രമേയം. അധ്യാപനത്തിൽ സംഭവിച്ച ജീർണതയാണ് മറ്റൊരു പ്രമേയം. അത് സമൂഹത്തിന് ആകെ സംഭവിച്ച ജീർണതയാണെന്നും സജയ് കെ വി കൂട്ടിച്ചേർത്തു.
കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ അംബികാസുതൻ മാങ്ങാടിൻ്റെ 50 കഥകൾ ഉൾക്കൊള്ളുന്ന 'മഴവില്ലും ചൂരൽ വടിയും' എന്ന പുസ്തകം ആഷാ മേനോൻ, എഴുത്തുകാരൻ റഫീഖ് ഇബ്രാഹിമിന് നൽകി പ്രകാശനം ചെയ്തു. നാടകകൃത്ത് പദ്മനാഭൻ ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ റഹ്‌മാൻ തായലങ്ങാടി, ഡോ. ഇ ഉണ്ണികൃഷ്ണൻ, നാരായണൻ പേരിയ, കെ വി മണികണ്ഠദാസ്, ഹുബാഷിക ഡയറക്ടർ രേഖ കൃഷ്ണൻ സംസാരിച്ചു. എം വി സന്തോഷ് സ്വാഗതവും ടി കെ രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
#AmbikasuthanMangad #KeralaLiterature #EnvironmentalActivism #Endosulfan #AshaMenon #Kasaragod