FB Post | എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള മെഡികല്‍ കാംപില്‍ പങ്കെടുത്തപ്പോള്‍ സഹോദരന് ഇടം കിട്ടി; അതേ അസുഖമുള്ള പ്ലസ്ടു വിദ്യാര്‍ഥി വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി;
കാസര്‍കോട്: (KasargodVartha) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള മെഡികല്‍ കാംപില്‍ പങ്കെടുത്തപ്പോള്‍ സഹോദരന് ഇടം കിട്ടുകയും, എന്നാല്‍ അതേ അസുഖമുള്ള പ്ലസ്ടു വിദ്യാര്‍ഥി ചികിത്സാ സഹായത്തിന് കാത്ത് നില്‍ക്കാതെ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇരിയ കട്ടുമാടം സായി ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീധരന്‍ - ശാന്ത ദമ്പതികളുടെ മകന്‍ ശ്രീരാഗ് (17) ആണ് മരിച്ചത്.
മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശ്രീരാഗ് വ്യാഴാഴ്ച (11.04.2024) പുലര്‍ചെയാണ് മരണത്തിന് കീഴടങ്ങിയത്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം അടിഞ്ഞുകൂടിയതിനെ തുടര്‍ന്ന് ലിവര്‍ വില്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെ ചികില്‍സയിലായിരുന്നു ശ്രീരാഗ്.
ബുധനാഴ്ച രാവിലെ കടുത്ത വയറുവേദനയെ തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വൈകുന്നേരമാണ് മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും രോഗം ഹൃദയത്തെയും വ്യാപിച്ചിരുന്നു.
കൂലി തൊഴിലാളിയായ ശ്രീധരന്റെയും അമ്പലത്തറയിലെ ദന്തല്‍ ക്ലിനികിലെ ജീവനക്കാരിയായ ശാന്തയുടെയും സാമ്പത്തിക സ്ഥിതിയറിഞ്ഞ് ശ്രീരാഗിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായ കമിറ്റി രൂപീകരികരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്നു. സഹായം അഭ്യര്‍ഥിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണവും നടത്തിയിരുന്നു.
സുമനസുകളുടെ സഹായത്തിന് കാത്തുനില്‍ക്കാതെയാണ് ശ്രീരാഗിന്റെ വിയോഗം. ഇതേ അസുഖം ബാധിച്ച സഹോദരന്‍ തരുണ്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിലുള്ളതിനാല്‍ ആറ് മാസം മുമ്പാണ് സായിഗ്രാമത്തില്‍ കുടുംബത്തിന് വീട് അനുവദിച്ച് കിട്ടിയത്.
കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശ്രീരാഗ് വടംവലി താരം കൂടിയാണ്. കാസര്‍കോട് ജില്ലക്ക് വേണ്ടി സംസ്ഥാന മല്‍സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയിട്ടുണ്ട്.
മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ സായി ഗ്രാമത്തില്‍ എത്തിക്കും. ഇതിനുശേഷം എടനീരിലേക്ക് കൊണ്ട് പോയി സംസ്‌കാരം നടത്തും. സഹോദരി ദേവനന്ദ.
അതേസമയം, ശ്രീരാഗിന് എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഇടം നല്‍കി ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ അംബികാസുതന്‍ മാങ്ങാട് രാഷ്ട്രീയ നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി ഫേസ്ബുകിലിട്ട പോസ്റ്റ് ചര്‍ചാവിഷയമായിട്ടുണ്ട്.