city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ലക്ഷങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം കളയുന്നത് മഹാപാപം'

'ലക്ഷങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം കളയുന്നത് മഹാപാപം'
കാസര്‍കോട്: ഭക്ഷണം കിട്ടാതെ നമ്മുടെ നാട്ടിലും ലോകത്തിന്റെ പലഭാഗത്തും കുട്ടികളടക്കമുള്ളവര്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ ഭക്ഷണം കളയുന്നതിനെതിരെ പാലക്കുന്നിലെ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാവുന്നു.

സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കളയാറില്ലെന്ന് മാത്രമല്ല, കളയാന്‍ ആരെയും അനുവദിക്കാറുമില്ല. ഭക്ഷണം കളയുമ്പോള്‍ വിശക്കുന്നവനെ ഓര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഭക്ഷണം അമൂല്യമാണ്, അത് കളയരുത്, ലക്ഷങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ ഭക്ഷണം കളയുന്നത് മഹാ പാപമാണ്, ആവശ്യത്തിന് മാത്രം വാങ്ങുക വിളമ്പിയത് മുഴുവന്‍ കഴിക്കുക, ഇല കഴുകി വിളമ്പുക, ഇല തുടച്ച് എഴുന്നേല്‍ക്കുക എന്നീ സന്ദേശങ്ങള്‍ സയന്‍സ് ക്ലബ് പ്രചരിപ്പിക്കുന്നു.

സ്‌കൂളിന് തൊട്ടടുത്ത ഓഡിറ്റോറിയത്തില്‍ ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങളിലുണ്ടാവുന്ന സദ്യകളില്‍ ഭക്ഷണം പാഴാക്കുന്നത് കണ്ട് മനം നൊന്താണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കി ബോധവല്‍ക്കരണവുമായി രംഗത്ത് വന്നത്.

'ലക്ഷങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം കളയുന്നത് മഹാപാപം'ഒരാള്‍ എത്ര ഭക്ഷണം കഴിക്കുന്നുവെന്നും അതില്‍ ഏതൊക്കെ വിഭവങ്ങള്‍ പാഴാക്കുന്നുവെന്നും കുട്ടികള്‍ നിരീക്ഷിച്ചറിഞ്ഞു. കളയുന്ന വിഭവങ്ങളില്‍ മുന്‍പന്തിയില്‍ വരുന്നത് അച്ചാറാണ്. രണ്ടാം സ്ഥാനം സാമ്പാര്‍ കഷണങ്ങള്‍ക്ക്. ചോറ് കളയുന്നവരും കുറവല്ല. പായസവും പഴങ്ങളും ഇറച്ചിയും വരെ പാഴാക്കുന്നു. പപ്പടമാണ് ഏറ്റവും കുറച്ച് കളയുന്നത്. ഐസ്‌ക്രീം ആരും കളയാറില്ല.

കുട്ടികളുടെ വിവര ശേഖരണവും നിര്‍ദേശങ്ങളും മുഖവിലക്കെടുത്ത സ്‌കൂള്‍ അധികൃതര്‍ ഈ സന്ദേശം സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലും അവരിലൂടെ അവരുടെ വീടുകളിലും എത്തിക്കുകയായിരുന്നു. ഭക്ഷണം കളയുന്നതിന്റെ പ്രധാന കാരണം വകതിരിവില്ലാത്ത വിളമ്പലാണെന്ന് മനസിലാക്കിയ കുട്ടികള്‍ അല്‍പാല്‍പം വിളമ്പുക, പലവട്ടം വിളമ്പുക എന്ന മുദ്രാവാക്യം മെനഞ്ഞെടുത്തു.

മുദ്രാവാക്യങ്ങളെല്ലാം സ്റ്റിക്കര്‍ രൂപത്തില്‍ അച്ചടിച്ച് എല്ലാ ഭക്ഷണ ശാലകളിലും ഹോട്ടലുകളിലും കല്യാണ വീടുകളിലും ഒട്ടിക്കാനാണ് വിദ്യാര്‍ത്ഥികളുടെ പരിപാടി. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. വി.ഗോപിനാഥന്‍ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പി.വി.കുമാരന്‍, അരവിന്ദാക്ഷന്‍, പിടിഎ പ്രസിഡന്റ് അഡ്വ.രാജേന്ദ്ര കുമാര്‍, വൈസ് പ്രസിഡന്റ് മധുകൂമാര്‍, മദര്‍ പിടിഎ.പ്രസിഡന്റ് റീത്താ പത്മരാജ്, വൈസ് പ്രസിഡന്റ് കനകമണി, അധ്യാപകരായ കനകരാജ്, സതി, അമൃത എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Food, Students, PTA, school, Palakunnu, Hotel, Kerala, waste, House, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia