city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് നിര്‍മ്മാണ കമ്മിറ്റി രൂപീകരണ യോഗത്തില്‍ കയ്യാങ്കളി; സ്ഥലം വാങ്ങിയതിനെ ചൊല്ലിയും ആരോപണം

നീലേശ്വരം: (www.kasargodvartha.com 01.12.2018) നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് നിര്‍മ്മാണ കമ്മിറ്റി രൂപീകരണ യോഗത്തില്‍ കയ്യാങ്കളി. കഴിഞ്ഞ ദിവസം ചേര്‍ന്ന നിര്‍മ്മാണ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൈയ്യാങ്കളിയോളമെത്തിയത്. സ്ഥലമെടുക്കാനും ഓഫീസ് നിര്‍മ്മാണത്തിനുമായി പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ആവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണമായത്.

കമ്മിറ്റി രൂപീകരിച്ചപ്പോള്‍ തന്നെ പലരെയും ഒഴിവാക്കിയതിനെ ചൊല്ലി ബഹളമുണ്ടായെങ്കിലും പിന്നീട് സമവായത്തിലൂടെ ഇത് പരിഹരിക്കുകയായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം രാധാകൃഷ്ണന്‍ നായര്‍ ചെയര്‍മാനും മണ്ഡലം പ്രസിഡണ്ട് പി രാമചന്ദ്രന്‍ നായര്‍ കണ്‍വീനറും മഡിയന്‍ ഉണ്ണികൃഷ്ണന്‍ ട്രഷററുമായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് നിര്‍മ്മാണ കമ്മിറ്റി രൂപീകരണ യോഗത്തില്‍ കയ്യാങ്കളി; സ്ഥലം വാങ്ങിയതിനെ ചൊല്ലിയും ആരോപണം

ഇതിനു പിന്നാലെയാണ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട മഡിയന്‍ ഉണ്ണികൃഷ്ണന്‍ തന്നെ സ്ഥലമെടുത്തതിന്റെയും ആധാരം രജിസ്റ്റര്‍ ചെയ്തതിന്റെയും പിരിച്ചെടുത്ത പണത്തിന്റെയും കണക്ക് വേണമെന്നാവശ്യപ്പെട്ടത്.

എന്നാല്‍ ഇത് നല്‍കാന്‍ ബന്ധപ്പെട്ട നേതാക്കള്‍ തയ്യാറായില്ല. കണക്കൊന്നും ചോദിക്കരുതെന്നും ഇത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നായിരുന്നു മറുപടി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മറുപക്ഷം തയ്യാറായില്ല. ഇതിനിടയില്‍ ചില നേതാക്കള്‍ രാജി ഭീഷണി മുഴക്കുകയും ചെയ്തു. ഒടുവില്‍ ബഹളം മൂര്‍ച്ഛിച്ചപ്പോള്‍ യോഗം അലസിപ്പിരിയുകയായിരുന്നു.

നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് സ്വന്തമായി ആസ്ഥാനമന്ദിരം വേണമെന്ന് പ്രവര്‍ത്തകരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. ഇത് പൂര്‍ത്തീകരിക്കുന്നതിനായാണ് സ്വകാര്യ കോളജിന് സമീപത്തായി ഏഴര സെന്റ് ഭൂമി വാങ്ങിയത്. എന്നാല്‍ ഈ ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മണ്ഡലം പ്രസിഡണ്ടിന്റെയും പത്ത് ജനറല്‍ സെക്രട്ടറിമാരുടെയും പേരിലാണ്. എന്നാല്‍ പത്ത് സെക്രട്ടറിമാരില്‍ ഒരു സെക്രട്ടറിയായ ചന്ദ്രശേഖരന്റെ പേര് മാത്രമാണ് രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശരിയല്ലെന്ന് മറ്റുള്ളവര്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു.

ഈ മാസം നാലിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട് ജില്ലയിലെത്തുമ്പോള്‍ തറക്കല്ലിടല്‍ ചടങ്ങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കമ്മിറ്റി രൂപീകരണ യോഗം അലസിപ്പിരിഞ്ഞതോടെ ആ ദിവസത്തെ തറക്കല്ലിടല്‍ ചടങ്ങും നടക്കില്ലെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Nileshwaram, Kasaragod, News, Congress, Allegation on Nileswaram congress committee office construction 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia