Success | അൽബിർ കിഡ്സ് ഫെസ്റ്റിൽ തിളങ്ങി കുരുന്നു പ്രതിഭകൾ; ഉദിനൂർ സൈൻ അക്കാദമിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

● പ്രൈമറി വിഭാഗത്തിൽ സെറ്റ് അൽബിർ സീതയിൽ, പൊയിൽ ലേൺവെൽ അൽബിർ, നിലയിലാട്ട് എന്നീ സ്കൂളുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
കളനാട്: (KasargodVartha) കലയുടെ വർണക്കാഴ്ചകൾക്ക് സാക്ഷിയായ അൽബിർ കിഡ്സ് ഫെസ്റ്റ് ഗംഭീരമായി സമാപിച്ചു. എഴുപതിലധികം ഇനങ്ങളിൽ ആയിരത്തോളം കുട്ടികൾ മാറ്റുരച്ച ഈ മത്സരത്തിൽ നാൽപതോളം സ്കൂളുകൾ പങ്കെടുത്തു.
കാസർകോട് ജില്ലാ അൽബിർ പ്രീ പ്രൈമറി ഫെസ്റ്റിവലിലും കണ്ണൂർ-കാസർകോട് സോണൽ പ്രൈമറി ഫെസ്റ്റിവലിലും ഉദിനൂർ സൈൻ അക്കാദമി അൽബിർ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി ഇരട്ട നേട്ടം കൈവരിച്ചു.
പ്രീ പ്രൈമറി ഫെസ്റ്റിൽ മുട്ടുന്തല അൽബിർ സ്കൂൾ ഫസ്റ്റ് രണ്ടാം സ്ഥാനവും നൂറുൽ ഇസ്ലാം അൽബിർ പള്ളിപ്പുഴ, ശൈഖാലി ഹാജി മെമ്മോറിയൽ അൽബിർ പള്ളം എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു. പ്രൈമറി വിഭാഗത്തിൽ സെറ്റ് അൽബിർ സീതയിൽ, പൊയിൽ ലേൺവെൽ അൽബിർ, നിലയിലാട്ട് എന്നീ സ്കൂളുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ പി മുഹമ്മദ്, അൽബിർ നാഷണൽ ഫെസ്റ്റ് ജനറൽ കൺവീനർ ജാബിർ ഹുദവി ചാനടുക്കം, സ്വാഗതസംഘം ചെയർമാൻ അബ്ദുല്ല ഹാജി കോഴിത്തിടിൽ, കൺവീനർ ശരീഫ് തോട്ടം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ചടങ്ങിൽ കെ.പി അബ്ബാസ്, അബ്ദുർ റഹ്മാൻ അയ്യങ്കോൽ, മുജീബ് അയ്യങ്കോൽ, അഷ്റഫ് മുക്രി, ഫൈസൽ ഹുദവി പരതക്കാട്, മൊയ്തു മാസ്റ്റർ വാണിമേൽ, റഷീദ് മാസ്റ്റർ, മുഹമ്മദ് കുട്ടി മാസ്റ്റർ, ഖാദർ മാസ്റ്റർ, ഹസൈനാർ മാസ്റ്റർ, നസീർ ദാരിമി എന്നിവർ സന്നിഹിതരായിരുന്നു.
അൽബിർ കിഡ്സ് ഫെസ്റ്റിൽ ഡയ ലൈഫ് കുരുന്നുകൾക്ക് കാവലായി
അൽബിർ സ്കൂൾ കിഡ്‌സ് ഫെസ്റ്റിൽ കാസർകോട് പുലിക്കുന്നിലെ ഡയ ലൈഫ് ആശുപത്രി രണ്ട് ദിവസങ്ങളിലായി ഒരുക്കിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ആശുപത്രി മാനേജിങ് ഡയറക്ടറും പ്രശസ്ത സീനിയർ ഫിസിഷ്യനും ഡയബെറ്റോളജിസ്റ്റുമായ ഡോക്ടർ ഐ കെ മൊയ്‌ദീൻ കുഞ്ഞിയുടെ മേൽനോട്ടത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന മെഡിക്കൽ ക്യാമ്പിൽ 'ആരോഗ്യകരമായ ജീവിതശൈലി' എന്ന വിഷയത്തിൽ ഡോക്ടർ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.
കൂടാതെ, ജീവിതശൈലി രോഗങ്ങളെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഡയറ്റീഷ്യൻ ക്ലാസും മാർഗനിർദേശവും നൽകി. സൗജന്യ ബിപി, പ്രമേഹ പരിശോധനയ്ക്ക് പുറമെ ഡയ ലൈഫ് ആശുപത്രി നഴ്സുമാരുടെയും ടെക്നീഷ്യൻമാരുടെയും മേൽനോട്ടത്തിൽ പ്രാഥമിക ശുശ്രൂഷയും (ഫസ്റ്റ് എയ്ഡ്) രണ്ടു ദിവസങ്ങളിലായി ലഭ്യമാക്കി. ഏകദേശം മുന്നൂറോളം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ സൗജന്യ സേവനം പ്രയോജനപ്പെട്ടു.
#AlbirKidsFest, #KasargodNews, #StudentAchievement, #SchoolCompetition, #KeralaNews, #UdinoorSainAcademy