Fest | കുരുന്നു പ്രതിഭകളുടെ സർഗാത്മക ഉത്സവം; അൽബിർ കിഡ്‌സ് സോണൽ ഫെസ്റ്റിന് കളനാട്ട് വർണാഭമായ തുടക്കം
● വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ
● ഫെബ്രുവരി ഒന്നിന് വേങ്ങര കുറ്റാളൂർ വെച്ചാണ് ദേശീയ മത്സരം
കാസർകോട്: (KasargodVartha) സമസ്ത കേരള വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽബിർ സ്കൂളുകളുടെ 2024-25 വർഷത്തെ കിഡ്‌സ് സോണൽ ഫെസ്റ്റ് മത്സരങ്ങൾക്ക് കളനാട് ഹൈദ്രോസ് ജമാഅത്ത് അൽബിർ സ്കൂളിൽ തുടക്കമായി. പ്രൈമറി, പ്രീ-പ്രൈമറി തലങ്ങളിലെ വിദ്യാർഥികളെ കിഡീസ് 1, കിഡീസ് 2, ജൂനിയർ, സബ്ജൂനിയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും.
വിദ്യാർത്ഥികളുടെ അക്കാദമിക മികവും സർഗാത്മക കഴിവുകളും വളർത്തുന്നതിനായി കഴിഞ്ഞ പത്ത് വർഷമായി അൽബിർ ഇത്തരം ഫെസ്റ്റുകൾ സംഘടിപ്പിച്ചു വരുന്നു. ശനിയാഴ്ച നടന്ന പ്രീ-പ്രൈമറി വിഭാഗത്തിന്റെ കാസർകോട് ജില്ലാതല ഫെസ്റ്റിൽ ജില്ലയിലെ 28 സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. കണ്ണൂർ-കാസർകോട് ജില്ലകളിലെ 22 പ്രൈമറി സ്കൂളുകളുടെ ഫെസ്റ്റ് ഞായറാഴ്ച നടക്കും.
കഴിഞ്ഞ വാരം കണ്ണൂർ ജില്ലയിലെ ചാലാടിൽ ഉദ്ഘാടനം ചെയ്യപ്പെട്ട സോണൽ മത്സരങ്ങളുടെ സമാപന സംഗമം ജനുവരി 26ന് കർണാടകയിലെ ഹാങ്കലിൽ വെച്ച് നടക്കും. കേരളം, കർണാടക സംസ്ഥാനങ്ങളിലെ നാനൂറിലധികം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പതിനേഴ് സോണുകളിലായാണ് ഈ ഫെസ്റ്റുകളിൽ മത്സരിക്കുന്നത്. ഫെസ്റ്റിന്റെ ഓഫ്‌സ്റ്റേജ് മത്സരങ്ങൾ കഴിഞ്ഞ നവംബറിൽ 17 മേഖലകളിലായി നടന്നിരുന്നു. സോണൽ തല മത്സരങ്ങളിൽ വിജയിച്ചവരുടെ ദേശീയ മത്സരം ഫെബ്രുവരി ഒന്നിന് മലപ്പുറം ജില്ലയിലെ വേങ്ങര കുറ്റാളൂർ മർകസുൽ ഉലൂം അൽബിർറിൽ വെച്ച് നടത്തപ്പെടും.
ഫെസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാസർകോട് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അൽബിർ നാഷണൽ ഫെസ്റ്റ് ജനറൽ കൺവീനർ ജാബിർ ഹുദവി ചാനടുക്കം, സ്വാഗത സംഘം ചെയർമാൻ കോഴിത്തിടിൽ അബ്ദുല്ല ഹാജി, ജനറൽ കൺവീനർ ശരീഫ് തോട്ടം, വർക്കിംഗ് ചെയർമാൻ കെ പി അബ്ബാസ്, കൺവീനർമാരായ അബ്ദുർറഹ്മാൻ അയ്യങ്കോൽ, മുജീബ് അയ്യങ്കോൽ എന്നിവർ പങ്കെടുത്തു.
അൽബിർ നടപ്പിലാക്കുന്നത് സമന്വയ വിദ്യാഭ്യാസമെന്ന് എൻ എ നെല്ലിക്കുന്ന്
കഴിഞ്ഞ ഒമ്പത് വർഷക്കാലം കൊണ്ട് വലിയ പുരോഗതി കൈവരിച്ച അൽബിർ സ്കൂൾ സമന്വയ വിദ്യാഭ്യാസത്തിന്റെ പുതിയ മാതൃകയാണ് തീർത്തതെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. കളനാട് ഹൈദ്രോസ് ജമാഅത്ത് അൽബിർ സ്കൂളിൽ അൽബിർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കാൻ അൽബിർ പോലോത്ത സ്കൂളുകൾക്ക് സാധ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽബിർ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ പി മുഹമ്മദ് പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ അബ്ദുല്ല ഹാജി കോഴിത്തിടിൽ അധ്യക്ഷത വഹിച്ചു.
ശരീഫ് തോട്ടം, ഹകീം ഹാജി കോഴിത്തിടിൽ, കെ. പി അബ്ബാസ്, അബ്ദുർ റഹ്മാൻ അയ്യങ്കോൽ, മുജീബ് അയ്യങ്കോൽ, അഷ്റഫ് മുക്രി എന്നിവർ പങ്കെടുത്തു. അൽബിർ ട്രൈനിംഗ് കൺവീനർ ഫൈസൽ ഹുദവി പരതക്കാട്, ഫെസ്റ്റ് നാഷണൽ ചെയർമാൻ മൊയ്തു മാസ്റ്റർ വാണിമേൽ, ജില്ലാ കോഡിനേറ്റർ ജാബിർ ഹുദവി എന്നിവർ പങ്കെടുത്തു
#AlBirrSchool #KidsFest #Kasaragod #Education #SchoolEvents #StudentCompetitions