city-gold-ad-for-blogger

ഇരകളുടെ കുടുംബങ്ങള്‍ കണ്ണീര്‍കടലില്‍; ചതി തുടരുന്നു


ഇരകളുടെ കുടുംബങ്ങള്‍ കണ്ണീര്‍കടലില്‍; ചതി തുടരുന്നു
കാസര്‍കോട്: മംഗലാപുരം വിമാനദുരന്തത്തില്‍ ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കാനാരുമില്ല. കാസര്‍കോട് ജില്ലക്കാരായ 48 പേരുടെ ജീവനാണ് വിമാനദുരന്തത്തില്‍ പൊലിഞ്ഞത്. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ അധികൃതര്‍ കാട്ടുന്ന അനീതിയ്ക്ക് അറുതിയായില്ല. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനല്‍ പ്രകാരം 75 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയ അറിയിച്ചത്. ഇതുസംബന്ധിച്ച കേസ് അന്തിമവാദത്തിനായി ഏപ്രിലിലേക്ക് മാറ്റിയിട്ടുണ്ട്. ഓരോരുത്തരുടേയും ജോലിയും മറ്റും നോക്കിമാത്രമേ നഷ്ട പരിഹാരം നല്‍കാന്‍ കഴിയൂവെന്നാണ് സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ റോഹിന്‍ടണ്‍ നരിമാന്‍ പറഞ്ഞത്.

സര്‍ക്കാര്‍ നിലപാട് ഇരകളുടെ ബന്ധുക്കളുടേയും പ്രവാസികളുടേയും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ രാഷ്ട്രീയക്കാരോ മറ്റോ കാര്യമായ പ്രവര്‍ത്തനമൊന്നും നടത്തുന്നില്ലെന്നതിന് തെളിവാണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം ഇനിയും ലഭിക്കാത്ത സംഭവം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനസര്‍ക്കാറിന്റെയോ, ബന്ധപ്പെട്ട ഏതെങ്കിലും ഏജന്‍സികളുടേയോ പ്രതിനിധിസംഘം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ട് വരാന്‍ ഇനിയും ശ്രമിച്ചിട്ടില്ല. പ്രവാസികാര്യമന്ത്രി, പ്രതിരോധ വകുപ്പ് മന്ത്രി, ആഭ്യന്തരസഹമന്ത്രി, വിദേശകാര്യസഹമന്ത്രി, ഊര്‍ജ്ജവകുപ്പ് സഹമന്ത്രി, ഭക്ഷ്യസഹമന്ത്രി തുടങ്ങി ആറ് പ്രധാനപ്പെട്ട മന്ത്രിമാര്‍ കേരളത്തില്‍ നിന്നും കേന്ദ്രത്തിലുണ്ടായിട്ടും അവരുടെ സഹകരണവും, സഹായവും നഷ്ടപരിഹാരത്തുക ലഭിക്കുന്ന കാര്യത്തില്‍ പ്രയോചനപ്പെടുത്താന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും, സംസ്ഥാന ഗവണ്‍മെന്റും തയ്യാറാകാത്തത് മരിച്ചവരുടെ കുടുംബത്തോടുള്ള കടുത്ത വെല്ലുവിളിയായി മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂ. തിരുവനന്തപുരത്തു നിന്ന് ആഡംബര കാറില്‍ പല മന്ത്രിമാരും മരിച്ച പലരുടേയും വീടുകളിലെത്തിയിരുന്നു. പല വിധ ഉറപ്പുകള്‍ നല്‍കുകയും, മരിച്ചവരുടെ കുടുംബത്തിനു മുന്നില്‍ കണ്ണീര്‍ പൊഴിച്ച് മടങ്ങുകയും ചെയ്തതല്ലാതെ അവര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാതെ പോയത് എന്ത് കൊണ്ടാണെന്ന് പൊതുസമൂഹം പോലും ചിന്തിക്കുന്നില്ല.

രാഷ്ട്രീയക്കാരുടെ വാക്കുകള്‍ ഒരു തരത്തിലും വിശ്വാസിക്കാന്‍ പാടില്ലെന്നാണ് കണ്ണീരുണങ്ങാത്ത വിമാനദുരന്തത്തിലെ യഥാര്‍ത്ഥ ഇരകള്‍ വ്യസനത്തോടെ പറയുന്നത്. അര്‍ഹതപ്പെട്ട നഷ്ടപരിഹാരത്തുക ലഭിക്കാന്‍ കോടതികള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് പാവപ്പെട്ട കുറേ ജനങ്ങള്‍. ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യയില്‍ തന്നെയാണ് മരിച്ചവരുടെ പേരില്‍ വിലപേശലും മറ്റും നടക്കുന്നത്. വിമാനദുരന്തം ഉണ്ടായപ്പോള്‍ ഒട്ടേറെ ബഹളങ്ങളാണ് എല്ലാ ഭാഗത്ത് നിന്നും ഉണ്ടായത്.
ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക ആശ്രിതരുടെ കയ്യില്‍ നല്‍കുമെന്നാണ് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലും, പിന്നീട് വന്ന പ്രവാസി മന്ത്രി വയലാര്‍ രവിയും പറഞ്ഞത്. ഒരു മാസം പോയിട്ട് ഒന്നരക്കൊല്ലമായിട്ടും അന്താരാഷ്ട്ര കരാറിനനുസരിച്ചുള്ള നഷ്ടപരിഹാരത്തുക ആശ്രിതരുടെ കയ്യില്‍ കിട്ടിയിട്ടില്ല. ഇതിന് ആരെ പഴി പറയണെന്ന് പാവപ്പെട്ട പലര്‍ക്കും അറിയില്ല. അവര്‍ തങ്ങളുടെ വിധി ഓര്‍ത്ത് ഇപ്പോഴും തേങ്ങലടക്കുകയാണ്. കോടതികള്‍ പോലും തങ്ങളുടെ കാര്യത്തില്‍ കനിയുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. നഷ്ടപരിഹാരം നല്‍കുന്നതിന് പരമാവധി കാലദൈര്‍ഘ്യമുണ്ടാക്കി കിട്ടുന്നത് വാങ്ങിപ്പിക്കുകയെന്ന തന്ത്രമാണ് എയര്‍ഇന്ത്യ പയറ്റുന്നത്. ഇങ്ങനെ പലരുടേയും നഷ്ട പരിഹാര തുക നിയമയുദ്ധത്തിന് കാത്തിരിക്കാതെ അധികൃതരില്‍ നിന്നും സ്വീകരിച്ചിട്ടുമുണ്ട്.


Keywords: Mangalore air crash, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia