കാസർകോടിന് എയിംസ് നിഷേധിക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് ജനകീയ കൂട്ടായ്മ
● രാഷ്ട്രീയ നേതാക്കൾ മൗനം പാലിക്കുന്നത് സംശയകരമെന്ന് കൂട്ടായ്മ.
● സുരേഷ് ഗോപി ആലപ്പുഴക്ക് വേണ്ടി വാദിക്കുന്നത് പൊരുത്തക്കേടാണ്.
● എയിംസിനുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് ബിജെപി അധ്യക്ഷ പറഞ്ഞിരുന്നു.
● എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം.
കാസർകോട്: (KasargodVartha) കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് വിഷയത്തിൽ നടത്തിയ പ്രസ്താവനയെ ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾ പ്രതിരോധിക്കണമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ആദ്യമായും അവസാനമായും എയിംസിനായി മുറവിളി കൂട്ടിയ ഏക ജില്ല കാസർകോടാണ്.
കൂടാതെ എയിംസ് ആവശ്യമുന്നയിച്ച് പോരാട്ടത്തിനിറങ്ങാൻ ആ പേരിൽ തന്നെ സംഘടന രൂപീകരിച്ച് പ്രവർത്തിക്കുന്നതും എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാനത്തെ പതിനാല് ജില്ലകൾ എടുത്താൽ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല കാസർകോടാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ഉമ്മൻചാണ്ടി സർക്കാർ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളുടെ പേര് ഉൾപ്പെടുത്തി എയിംസിനായി പ്രൊപ്പോസൽ നൽകിയപ്പോൾ മുതൽ കാസർകോടിന്റെ പേരും ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു.
പ്രത്യക്ഷമായും പരോക്ഷമായുമുള്ള സമരമുറകളിലൂടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നീതിയും ലഭിക്കാതെ വന്നപ്പോഴാണ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്ത് മുന്നോട്ട് പോകാൻ എയിംസ് ജനകീയ കൂട്ടായ്മ തീരുമാനിച്ചത്.
ഈ അവസരത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവന അനുചിതമാണ് എന്നതിൽ തങ്ങൾക്ക് സംശയമില്ലെന്ന് കൂട്ടായ്മ അറിയിച്ചു. ആലപ്പുഴയിൽ ആവശ്യത്തിന് ആശുപത്രികളും മെഡിക്കൽ കോളേജും മറ്റ് സൗകര്യങ്ങളുമുണ്ടായിട്ടും കാസർകോടിന്റെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയിട്ടുള്ള സുരേഷ് ഗോപി ആലപ്പുഴക്ക് വേണ്ടി വാദിക്കുന്നതിലെ പൊരുത്തക്കേട് മനസ്സിലാകുന്നില്ല.
എന്നാൽ, ആലപ്പുഴയിൽ എയിംസ് അനുവദിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടപ്പോൾ രാഷ്ട്രീയ നിറം നോക്കാതെ രമേശ് ചെന്നിത്തല പിന്തുണക്കാൻ തയ്യാറായിരുന്നു. ഇതിനെ മാതൃകയാക്കി കാസർകോട്ടെ രാഷ്ട്രീയ പാർട്ടികൾ ഈ ജനകീയ വിഷയത്തിൽ ഒറ്റക്കെട്ടായി നിന്ന് ജില്ലക്ക് എയിംസ് ലഭിക്കുന്നതിനായി പോരാടുകയാണ് വേണ്ടത്.
ഈ അവസരത്തിൽ പ്രതിപക്ഷത്തിരിക്കുന്ന കാസർകോട് ജില്ലയിലെ കോൺഗ്രസിന്റെ എം.പിയോ ലീഗിന്റെ എം.എൽ.എമാരോ, ഇപ്പോൾ ഭരണപക്ഷത്തുള്ളതും പ്രതിപക്ഷത്തിരിക്കുമ്പോൾ സർക്കാരിനുള്ള നിവേദനങ്ങളിൽ ഒപ്പിടുകയും എയിംസ് കൂട്ടായ്മയുടെ സമരങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന് പരിപാടികൾ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്ന അന്നത്തെ ഇടതുപക്ഷ എം.പിമാരും എം.എൽ.എമാരും ഉൾപ്പെട്ട പാർട്ടികളും ഇന്ന് ജില്ലക്ക് വേണ്ടി വാ തുറക്കാത്തത് സംശയത്തിനിട നൽകുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് മത്സരത്തിനിറങ്ങിയ ഇന്നത്തെ ബി.ജെ.പി. അധ്യക്ഷ എയിംസിനുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് പ്രസ്താവിച്ചിരുന്നെങ്കിലും, സ്വന്തം പാർട്ടിക്കാരനായ മന്ത്രി സുരേഷ് ഗോപി ആലപ്പുഴയിലോ തൃശ്ശൂരിലോ അല്ലാതെ വേറൊരിടത്തും എയിംസ് അനുവദിക്കാൻ വിടില്ലെന്ന് പറയുമ്പോൾ മൗനം പാലിക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.
ഈ അവസരത്തിൽ കാസർകോട് ജില്ലയിലെ ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിന് സി.പി.എം., ബി.ജെ.പി. ജില്ലാ നേതൃത്വവും, പ്രതിപക്ഷ എം.പി., എം.എൽ.എമാരും അവരുടെ പാർട്ടി നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ആവശ്യപ്പെടുകയാണ്.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ: ഗണേശൻ അരമങ്ങാനം (പ്രസിഡന്റ്), മുരളീധരൻ പടന്നക്കാട് (ജനറൽ സെക്രട്ടറി), സലീം ചൗക്കി (ട്രഷറർ), ശ്രീനാഥ് ശശി ടി.സി.വി. (ജില്ലാ കോർഡിനേറ്റർ), ഹക്കീം ബേക്കൽ (വൈസ് പ്രസിഡന്റ്).
എയിംസ് വിഷയത്തെക്കുറിച്ചുള്ള ഈ വാർത്തയെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്? ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടൂ.
Article Summary: AIIMS Kasaragod action committee criticizes political leaders.
#AIIMSKasaragod #SureshGopi #KeralaPolitics #Kasaragod #HealthCare #AIIMS






