city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്‍പടയുടെ നാട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.10.2016) പെണ്‍പടയുടെ നാട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി. നവംബര്‍ രണ്ട് മുതല്‍ നാല് വരെയാണ് കാഞ്ഞങ്ങാട്ട് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് നാടും നഗരവും പ്രചരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുന്നോട്ടേക്ക് വേഗത്തില്‍ നടന്നു പോകൂമ്പോള്‍ പിന്നിലായിപ്പോകുന്നവര്‍ക്കു വേണ്ടിയാണ് ജനാധിപത്യ മഹിളാ അസോസിയേഷനെന്നും അതിനു വേണ്ടികൂടിയാണ് ഈ സമ്മേളനമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സ്വാഗത സംഘം കണ്‍വീനറുമായ ഇ പത്മാവതി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 11ാമത് സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസില്‍ തിരക്കിലാണ് മഹിളകളെല്ലാം.

1981 മാര്‍ച്ച് 10 മുതല്‍ നാലു ദിവസത്തോളം അന്നത്തെ മദ്രാസ്, ഇന്നത്തെ ചെന്നെയില്‍ വെച്ച് ചേര്‍ന്ന കേന്ദ്രീകൃത സമ്മേളനത്തില്‍ വെച്ചാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏകീകൃത ലിഖിത രൂപം കൈക്കൊള്ളുന്നത്. വിവിധ ഭാഷയും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന 16ല്‍ പരം സംഘടനകളാല്‍ പുനസൃഷ്ടിക്കപ്പെട്ടതോടെ  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ശക്തിയായി ഞങ്ങള്‍ മഹിളകള്‍ മാറിക്കഴിഞ്ഞെന്ന് പത്മാവതി പറഞ്ഞു. കേരളത്തില്‍ ലക്ഷങ്ങളണ് ഈ കൊടിക്കീഴില്‍ അണി ചേര്‍ന്നത്. ഏഷ്യ വന്‍കര കണ്ട പ്രമാദമായ സ്ത്രീ മുന്നേറ്റമാകാന്‍ മഹിളാ അസോസിയേഷന് കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും സംഘടിതവും അച്ചടക്കത്തിന്റെയും കൊടിക്കൂറ ഉയരത്തില്‍ ഏന്തുന്നതു കൊണ്ടാണ്.

മുന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ജനാധിപത്യ രീതിയില്‍ തെരെഞ്ഞുടുക്കുന്ന കമ്മിറ്റിയുടെ പിന്‍ബലത്തില്‍ നടത്തുന്ന സമരങ്ങളുടെ വരുംവരായ്കകള്‍ ചര്‍ച്ച ചെയ്യാനാണ് മഹിളകള്‍ കാഞ്ഞങ്ങാട് ഒത്തു ചേരുന്നത്. 11ാമത് സംസ്ഥാന സമ്മേളനം ചരിത്രപരമാക്കി മാറ്റാന്‍ മുന്നിട്ടിറങ്ങിയവരെ അഭിവാദ്യം ചെയ്യാനും ഇ പത്മാവതി മറന്നില്ല.

2015 ഡിസംബര്‍ മുതല്‍ യുണിറ്റുകള്‍ തോറും നടന്ന സമ്മേളനങ്ങള്‍ തുടര്‍ച്ചയായി ചര്‍ച്ച ചെയ്ത മഹിളകളുടെ വിഷയങ്ങളും പ്രശ്‌നങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാന സമ്മേളനം കൈവരിച്ച വിപുലമായ ആലോചനകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രത്തിനായുള്ള പുതിയ തീരുമാനങ്ങള്‍ സമ്മേളനത്തില്‍ ഉരുത്തിരിയും. നവംബര്‍ നാലിന് ചേരുന്ന സമാപന പൊതു സമ്മേളനത്തില്‍ അതിന്റെ പ്രഖ്യാപനമുണ്ടാകും. എടുത്ത തിരൂമാനം ശിരസാവഹിക്കാന്‍, ഐക്യദാര്‍ഡ്യ പ്രതിജ്ഞയുമായി കാല്‍ ലക്ഷം പേര്‍ അന്ന് കാഞ്ഞങ്ങാട്ടേക്ക് ഒഴുകിയെത്തും. സംഘടനയുടെ പ്രസക്തിയും കെട്ടുറപ്പും വെളിവാകുന്നതായിരിക്കും ഈ സമ്മേളനം.

പഞ്ചമുഖമുള്ള, അഞ്ചിതളുകളുള്ള രക്തനക്ഷത്രാങ്കിത ശുഭ്ര പതാക ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പാറിക്കളിക്കുന്നതോടൊപ്പം മഹിളാ അസോസിയേഷന്റെ പിറവിയെ സൂചിപ്പിക്കുന്ന 35ാം പിറന്നാളിന്റെ ചിഹ്നങ്ങളും അടയാളപ്പെടുത്തുന്നു. 1500ല്‍ പരം യുണിറ്റുകള്‍, അത്രതന്നെ സംഘാടകസമിതികള്‍. യൂണിറ്റുകള്‍ തോറും വ്യത്യസ്ഥതയാര്‍ന്ന കലാ കായിക പരിപാടികള്‍, ജാഥകളും സ്വീകരണങ്ങളും വേറെ. മഹിളകള്‍ ഉണര്‍ന്നപ്പോള്‍ നാടുണണര്‍ന്നു കഴിഞ്ഞു.

നഷ്ടപ്പെടുവാന്‍ ഒന്നും ബാക്കിയില്ലാതിരുന്ന കഴിഞ്ഞുപോയ നാളുകളില്‍ നിന്നും അടിസ്ഥാന വര്‍ഗത്തിന്റെ തിരിച്ചു പിടിക്കലിന്റെ തുടര്‍ച്ചയാണ് 'വരാനിരിക്കുന്ന പകലുകളോടൊപ്പം രാവുകളും നമുക്ക് തന്നെ സ്വന്ത'മെന്ന മുദ്രാവാക്യം. ഒറ്റയ്ക്ക് ഏതു പാതിരാക്കും നടന്നു നീങ്ങാന്‍ സ്ത്രീക്ക് സാധിക്കുന്ന വിവേചന രഹിത ദിനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ മുദ്രാവാക്യവുമായാണ് മഹിളാ അസോസിയേഷന്‍ സംഘം ചേരുന്നത്. ചെറുവത്തൂരില്‍ നടന്ന രാവുപകലാക്കല്‍ സമരം അതിനുള്ള തുടക്കം കുറിക്കലാണ്. ഈ മുദ്രാവാക്യം ഏറ്റു വിളിക്കാന്‍ പതിനായിരങ്ങള്‍ നാലിന് കാഞ്ഞങ്ങാട് എത്തിച്ചേരും. അവരെ ഹാര്‍ദ്രമായി സ്വാഗതം ചെയ്യുകയാണ് സംഘാടക സമിതിയുടെ കണ്‍വീനര്‍ കുടിയായ ഇ പത്മാവതി.

1,75,000 കത്തുകള്‍ അച്ചടിച്ച് നാടിനെ ആകമാനം ക്ഷണിച്ചിരിക്കുകയാണ്. അവരെ പ്രതിനിധീകരിച്ച് കാല്‍ലക്ഷം പേര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് എത്തിച്ചേരും. ജാതിമത വ്യത്യാസമില്ലാത്ത ജനമുന്നേറ്റമാണ് അനുബന്ധ പരിപാടികളില്‍ കണ്ടു വരുന്നത്. മൈലാഞ്ചി ഇടല്‍ മത്സരത്തിലും കമ്പവലിയിലും ഒരേപോലെ സ്ത്രീകള്‍ വന്നു ചേരുന്നത് അതിനുളള തെളിവുകളുമായാണ്.

ഫഌ്‌സ് ബോര്‍ഡല്ല, ചുമരെഴുത്തിലാണ് ഞങ്ങള്‍ പ്രചരണം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പത്മാവതി പറഞ്ഞു. ആണുങ്ങളല്ല, പോസ്‌റ്റെഴുതുന്നതും, പ്രചരണക്കുടിലുകള്‍ നിര്‍മ്മിക്കുന്നതും, തണല്‍ മരങ്ങളെ അലങ്കരിക്കുന്നതും, കുരുത്തോല കെട്ടുന്നതും പെണ്‍പെരുമ തന്നെ. 125 ഇടങ്ങളിലായി 125 വേദികളില്‍ സ്ത്രീകളുടെ മുന്നേറ്റത്തിനു വേണ്ടിയുള്ള ആഹ്വനങ്ങളുമായി നടന്നു വരുന്ന പ്രഭാഷണ പരമ്പരയില്‍ അപ്രതീക്ഷിത ജനമുന്നേറ്റമാണ്. ഇതൊക്കെ വെളിവാക്കുന്നത് സ്ത്രീത്വത്തിന്റെ മുന്നില്‍ പുതിയ ചെങ്കതിരോന്‍ ഉയര്‍ന്നു പൊങ്ങുന്നതിന്റെ നിമിത്തങ്ങളാണ്. ത്രിതല പഞ്ചായത്തുകളുടെ പകുതിയില്‍ അധികവും ഭരണം ഞങ്ങളെ ഏല്‍പ്പിച്ചപ്പോള്‍ ഉണ്ടാക്കിയെടുത്ത ഉണര്‍വ്വും പുരോഗതിയും ലോക രാജ്യങ്ങള്‍ തന്നെ അംഗീകരിച്ച സാഹചര്യത്തില്‍ അസംബ്ലിയിലും പാര്‍ലിമെന്റിലും പകുതി സംവരണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും. അതു വാങ്ങിയെടുക്കാന്‍ ഈ സമ്മേളനം ഇടപെടും.

എവിടെ നിന്നും കടം കൊണ്ടതല്ല, സപ്തഭാഷാ സംഗമ ഭുമിയായ കാസര്‍കോടിന്റെ വൈവിദ്ധ്യങ്ങളെയാണ് സാംസ്‌കാരിക തനിമയുള്ള കലപരിപാടികളായി അവതരിപ്പിക്കുന്നത്. മൈലാഞ്ചി ചാര്‍ത്തല്‍ തുടങ്ങി ഓലമെടയലും, നെല്ലുകുത്തും, പാട്ടും, ഒപ്പനയും, കവിതയും, കഥ പറച്ചിലും നാടകവും അതില്‍ ഉള്‍പ്പെടും. ചിത്രരചനാ മത്സരം വേറിട്ടതായിരുന്നു. നാടിനെ ആകമാനം ഉണര്‍ത്താന്‍ അനുബന്ധ സമ്മേളന പരിപാടികള്‍ക്ക് സാധിച്ചതായി പത്മാവതി അവകാശപ്പെട്ടു.

എന്തു കൊണ്ടും സമ്മേളനം നടത്താന്‍ പാകപ്പെട്ട മണ്ണാണ് കാഞ്ഞങ്ങാട്. സഖാവ് ദേവയാനിയുടെ പേരിലുള്ള പ്രഥമ അവാര്‍ഡു പ്രഖ്യാപനം മാത്രമല്ല, മുഖം തല്ലിപ്പൊളിച്ച് മുക്കീന്നും വായിന്നും ചോര വാര്‍ന്നു പോയിട്ടു പോലും പല കുടിലുകളിലായി ഒളിവില്‍ കഴിയുന്ന ഒരു സഖാവിനേക്കുറിച്ചും സുചന നല്‍കാന്‍ തയ്യാറാകാതെ മനക്കരുത്തുള്ള കരിച്ചി അമ്മയെ കണ്ടു പഠിച്ച പെണ്‍പടയുടെ നാടാണിത്. അതു പറയുമ്പോള്‍ പത്മാവതിയുടെ വലം കൈ ആകാശത്തേക്കുയര്‍ന്നു. ഉടലില്‍ നിന്നും രക്തം തിളച്ചു മറിഞ്ഞു. അവ വിയര്‍പ്പുചാലുകളായി.

പെണ്‍പടയുടെ നാട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി

Keywords:  Kerala, kasaragod, Kanhangad, Mahila-association, CPM, Prathibha-Rajan, Flag, Conference, Women, Sakhavu. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia