കാസർകോട്ട് അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലിക്ക് തുടക്കമായി; നാലായിരത്തോളം ഉദ്യോഗാർഥികൾ പങ്കാളികളാകും
● ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും റാലിയിലുണ്ട്.
● ആദ്യദിനം അറുനൂറിലധികം പേരുടെ കായികക്ഷമത പരിശോധന പൂർത്തിയാക്കി.
● ജനറൽ ഡ്യൂട്ടി, ടെക്‌നിക്കൽ, ക്ലർക്ക് ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് നിയമനം.
● റാലി ജനുവരി 11 വരെ നീണ്ടുനിൽക്കും.
കാസർകോട്: (KasargodVartha) ആറുനാൾ നീളുന്ന അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലിക്ക് വിദ്യാനഗറിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കമായി. ചൊവ്വാഴ്ച, 2026 ജനുവരി 6-ന് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് ജില്ലാ മജിസ്‌ട്രേറ്റ് പി അഖിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലെയും നാലായിരത്തോളം ഉദ്യോഗാർഥികളാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്.

ആദ്യദിവസം അറുനൂറിലധികം ഉദ്യോഗാർഥികളുടെ കായികക്ഷമത പരിശോധനയും അളവെടുപ്പുമാണ് നടന്നത്. കോഴിക്കോട് ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് ഡയറക്ടർ കേണൽ ഐ വി എസ് രംഗനാഥിന്റെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുന്നത്.


നേരത്തെ നടത്തിയ ഓൺലൈൻ എഴുത്തുപരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. കായികക്ഷമത പരിശോധനയിൽ വിജയിക്കുന്നവർക്ക് തുടർന്ന് വൈദ്യപരിശോധന നടത്തും.

ജനറൽ ഡ്യൂട്ടി, ടെക്‌നിക്കൽ, ക്ലർക്ക്, സ്റ്റോർ കീപ്പർ, ട്രേഡ്‌സ്‌മാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി മൂന്ന് മാസത്തിനകം നിയമനം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഒഴിവുകളുടെ എണ്ണം നിലവിൽ നിശ്ചയിച്ചിട്ടില്ല. കോഴിക്കോട് ആർമി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ മേൽനോട്ടത്തിലാണ് ശാരീരികക്ഷമത പരിശോധനയും കായികക്ഷമത പരിശോധനയും ഉൾപ്പെടുന്ന ഈ റാലി നടക്കുന്നത്.

1600 മീറ്റർ ഓട്ടം, ജമ്പിങ്, പുൾ അപ്പ്, സിഗ് സാഗ് ബാലൻസിങ് തുടങ്ങിയ ഇനങ്ങളിലാണ് ഉദ്യോഗാർഥികളുടെ മികവ് പരിശോധിക്കുന്നത്. റാലിയുടെ സുഗമമായ നടത്തിപ്പിനായി കോഴിക്കോട് ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് ജീവനക്കാരും കണ്ണൂർ ഡി എസ് സി സെന്ററിലെ നൂറോളം സൈനികരും കാസർകോട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്. റിക്രൂട്ട്‌മെന്റ് റാലി ജനുവരി 11 വരെ തുടരും.

അഗ്നിവീർ റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: The 6-day Agniveer Army recruitment rally has started at Vidyanagar Municipal Stadium in Kasaragod.
#AgniveerRally #IndianArmy #KasaragodNews #ArmyRecruitment #KeralaYouth #DefenceJobs






