Obituary | വിഷം അകത്തുചെന്ന് ഗുരുതര നിലയിൽ ചികിത്സയിലായിരുന്ന അഡീഷണൽ എസ്ഐ മരിച്ചു
* ഉന്നത ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദത്തെ തുടർന്നാണെന്ന ആരോപണവുമായി യൂത് കോൺഗ്രസ്
കാസർകോട്: (KasaragodVartha) വിഷം അകത്തുചെന്ന് ഗുരുതര നിലയിൽ ചികിത്സയിലായിരുന്ന അഡീഷണൽ എസ്ഐ മരിച്ചു. ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജപുരം കോളിച്ചാൽ സ്വദേശി വിജയൻ (50) ആണ് മരിച്ചത്. പനത്തടി മാനടുക്കത്താണ് താമസം. എറണാകുളം അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബേഡകം പൊലീസ് സ്‌റ്റേഷന് സമീപത്തെ പൊലീസ് ക്വാർടേഴ്സിലാണ് എസ്ഐയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ കാസർകോട്ടെ ആശുപത്രിയിലും പിന്നീട് മംഗ്ളൂറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.
കുട്ടി നായിക് - ആക്കാച്ചു ബായ് ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രീജ. മക്കൾ: അഭിജിത്, ആവണി (വിദ്യാർഥികൾ). സഹോദരങ്ങൾ: ജനാർധനൻ, നാരായണി, ബാലമണി.
അതേസമയം അഡീഷണൽ എസ്ഐയുടെ മരണത്തിന് കാരണമായത് ഉന്നത ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദത്തെ തുടർന്നാണെന്ന ആരോപണവുമായി യൂത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറിക്കെതിരെ കള്ളക്കേസെടുക്കാൻ അഡീഷണൽ എസ്ഐക്ക് മേൽ സമ്മർദം ചെലുത്തിയെന്നും മേലുദ്യോഗസ്ഥരും ചില സിപിഎം നേതാക്കളും ഇദ്ദേഹത്തെ മാനസികമായി തളർത്തിയെന്നുമാണ് ആരോപണം.