Hospitalized | പൊലീസ് സ്റ്റേഷൻ ക്വാർടേഴ്സിൽ അഡീഷണൽ എസ്ഐയെ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തി
Updated: Apr 29, 2024, 23:35 IST
* മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി
കാസർകോട്: (KasaragodVartha) പൊലീസ് സ്റ്റേഷൻ ക്വാർടേഴ്സിൽ അഡീഷണൽ എസ്ഐയെ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. രാജപുരം കോഴിച്ചാൽ സ്വദേശിയും ബേഡകം സ്റ്റേഷനിലെ അഡീഷണൽ എസ്ഐയുമായ വിജയനെ (50) ആണ് സ്‌റ്റേഷന് സമീപത്തെ ക്വാർടേഴ്സിൽ അവശനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സംഭവ സമയം സ്റ്റേഷൻ ഡ്യൂടിയിലായിരുന്നു വിജയനെന്ന് ഉന്നത പൊലീസ് അധികൃതർ പറഞ്ഞു. ക്വാർടേഴ്സിൽ വിശ്രമിക്കാനെത്തിയ മറ്റ് പൊലീസുകാരാണ് സംഭവം കണ്ട് ബന്ധപ്പെട്ടവരെ വിവരമറിയിച്ചത്.
ഉടൻ തന്നെ കാസർകോട്ടെ ആശുപത്രിയിലെത്തിച്ച ശേഷം നില ഗുരുതരമായതിനാൽ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എലിവിഷം അകത്ത് ചെന്നതായാണ് വിവരം. സംഭവത്തിൻ്റെ കാരണം പുറത്ത് വന്നിട്ടില്ല.