ഗ്രാമയാത്ര വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ സജീവം
Nov 20, 2012, 19:50 IST
കാസര്‍കോട്: പഞ്ചായത്ത് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ. മുനീര്‍ നവംബര്‍ 22ന് ജില്ലയിലെ മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ നടത്തുന്ന ഗ്രാമ യാത്ര വിജയപ്രദമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ രൂപം നല്‍കിയതായി കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്തില്‍ നടക്കുന്ന ഗ്രാമയാത്രയില്‍ 2500 കുടുംബശ്രീ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുര്‍ റസാഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംയുക്ത യോഗത്തില്‍ തീരിമാനിച്ചു. ഘോഷയാത്രയില്‍ പരമാവധി കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കാനും കലാജാഥകള്‍ നടത്താനും യോഗം തീരുമാനിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ യോഗം, മൊഗ്രാല്‍ പുത്തൂരില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഗ്രാമയാത്രയില്‍ 2500 കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
വൈകുന്നേരം അഞ്ചുമണിക്ക് ഉദുമ നിയോജകമണ്ഡലത്തിലെ പള്ളിക്കരയില്‍ നടക്കുന്ന ഗ്രാമയാത്രയില്‍ 1500 കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കും. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
വിവിധ കുടുംബശ്രീ യോഗങ്ങളില്‍ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ആഇഷത്ത് താഹിറ, വൈസ് പ്രസിഡന്റ് അലി മാസ്റ്റര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, കുടുംബശ്രീ കണ്‍സള്‍ടന്റ് റെഡ്ഡി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Gramayathra, M.K.Muneer, Leader, Uduma, Manjeshwaram, Kasaragod, Kerala, Malayalam news, Active preparation for Gramayathra






