നിയമം ലംഘിക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ നടപടി: ആര്‍.ടി.ഒ.
Jun 5, 2012, 16:18 IST
കാസര്‍കോട്: പെര്‍മ്മിറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി കുട്ടികളെ കുത്തിത്തിരുകിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെയും റോഡ് നിയമങ്ങള്‍ പാലിക്കാതെയും കുട്ടികളെ നിര്‍ത്തിക്കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടിയെടുക്കുമെന്ന് ആര്‍.ടി.ഒ നാരായണന്‍ പോറ്റി അറിയിച്ചു. സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചറിയുന്നതിന് ഓരോ സ്‌കൂളിലുമുള്ള വാഹനങ്ങള്‍ക്ക് നമ്പര്‍ സിസ്റ്റം ആവിഷ്‌ക്കരിക്കും. ഇത്തരം വാഹനങ്ങളുടെ ഡ്രൈവര്‍ അറ്റന്റര്‍, യാത്ര ചെയ്യുന്ന കുട്ടികള്‍ എന്നിവരുടെ വിവരങ്ങള്‍ ആര്‍.ടി.ഒ ഓഫീസില്‍ ലഭിക്കും. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംയുക്ത സമിതി സ്‌കൂള്‍ വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തും.
റോഡപകടങ്ങള്‍ ഗണ്യമായി കുറക്കുന്നതിനായി കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും, സ്‌കൂള്‍ മാനേജ്‌മെന്റ്, പി.ടി.എ പ്രതിനിധികള്‍ക്കും ഏകദിന റോഡ് സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ക്ലാസ് ഉദ്ഘാടനം ചെയ്തു. ആര്‍.ടി.ഒ. എസ്.എന്‍.നാരായണന്‍ പോറ്റി അദ്ധ്യക്ഷനായി. വേണുഗോപാല്‍, മധുസൂദനന്‍, എ.കെ.രാധാകൃഷ്ണന്‍, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
Keywords : School Vehicle, RTO, Kasaragod