city-gold-ad-for-blogger

വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ യുവാവിന് 30.65 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

കാഞ്ഞങ്ങാട്: (www.kasargodvartha.com 07/11/2017) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് 30.65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ജഡ്ജ് എസ് മനോഹര്‍കിണി വിധിച്ചു. കല്ല്യാണ്‍റോഡ് അത്തിക്കോത്തെ കൂലിപ്പണിക്കാരനായ ചന്ദ്രന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകന്‍ രാകേഷിനാണ് ഇത്രയും തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.

ഗള്‍ഫുകാരനായിരുന്ന രാകേഷ് പുതിയ വിസ എടുക്കാനായി നാട്ടില്‍ വന്നപ്പോള്‍ 2014 ഓഗസ്റ്റ് 11നാണ് അപകടത്തില്‍പ്പെട്ടത്. ഗള്‍ഫിലേക്ക് തിരിച്ചുപോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാകേഷിന്റെ ജീവിതം തകര്‍ത്ത അപകടമുണ്ടായത്. അയല്‍വാസിയുടെ അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തി സുഹൃത്ത് ജിതേഷിന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തോയമ്മല്‍ ജില്ലാശുപത്രിക്ക് സമീപം ദേശീയപാതയില്‍ വെച്ച് അമിതവേഗതയില്‍ വന്ന ടെമ്പോ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ രാകേഷിന്റെ തലയോട്ടി തകര്‍ന്നു. എല്ലുകള്‍ പലകഷണങ്ങളായി ഉടഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ഉടന്‍ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ മംഗളൂരു കസ്തൂര്‍ബ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ രാകേഷിന്റെ നില അല്‍പം മെച്ചപ്പെട്ടപ്പോള്‍ ജില്ലാശുപത്രിയിലേക്ക് തന്നെ കൊണ്ടുവന്നു. ഇവിടെയും മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ യുവാവിനെ പിന്നീട് വീട്ടിലേക്ക് മാറ്റിയെങ്കിലും പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത രാകേഷ് ഇപ്പോഴും കിടപ്പിലാണ്.

മകന്റെ ചികിത്സയും കുടുംബത്തിന്റെ ജീവിതവും ഒരുപോലെ താങ്ങാന്‍ കഴിയാതെ മാതാപിതാക്കള്‍ കഷ്ടപ്പെട്ടുകഴിയുമ്പോഴാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം വിധി ഒരു ആശ്വാസം പോലെ വന്നത്. ജില്ലയിലെ പ്രമുഖ അഭിഭാഷകന്‍ പി കെ ചന്ദ്രശേഖരനാണ് കേസ് വാദിച്ചത്. കോടതിയുടെ വിധി അറിയിക്കാന്‍ രാകേഷിന്റെ വീട്ടിലെത്തിയ അഡ്വ. പി കെ ചന്ദ്രശേഖരന്റെ കൈപുണര്‍ന്ന് വിങ്ങിപ്പൊട്ടിയ രാകേഷ് തനിക്ക് പഴയതുപോലെ ജീവിക്കാന്‍ ഏത് ആശുപത്രിയിലേക്കാ കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോള്‍ അഭിഭാഷകന്റെയും കൂടെയുണ്ടായവരുടെയും കണ്ണുകള്‍ നിറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ യുവാവിന് 30.65 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Keywords : Kanhangad, Kasaragod, Court, Youth, Accident, News, Compensation, Rakesh.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia