Accident | ദേശീയപാതയിലെ ഇടുങ്ങിയ സർവീസ് റോഡിൽ വീണ്ടും വാഹനാപകടം; സ്‌കൂടറിൽ നിന്ന് തെറിച്ചുവീണ് ലോറികയറി ഗൃഹനാഥന് ദാരുണാന്ത്യം
● അപകടം തിങ്കളാഴ്ച രാവിലെ 11 മണിയോടെ
● ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ അപകടം
മൊഗ്രാൽ: (KasargodVartha) ദേശീയപാതയിലെ സർവീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ സ്‌കൂടറിൽ നിന്ന് തെറിച്ചുവീണ് ലോറികയറി ഗൃഹനാഥൻ ദാരുണമായി മരിച്ചു. കാസർകോട് ഭാഗത്തുനിന്ന് കുമ്പളയിലേക്ക് പോവുകയായിരുന്ന സ്കൂടർ യാത്രക്കാരനായ മൊഗ്രാൽപുത്തൂർ കല്ലങ്കൈ ബള്ളൂർ സ്വദേശി ഐശ്വര്യ നിലയത്തിലെ ദിനേശ് ചന്ദ്ര (55) ആണ് മരിച്ചത്.
മൊഗ്രാലിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ടോറസ് ലോറി ഹോൺ അടിച്ചപ്പോൾ സ്‌കൂടർ റോഡിരികിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ പിൻഭാഗം തട്ടി ഓവുചാലിന്റെ സ്ലാബിലേക്ക് കയറുകയും സ്കൂടർ സ്ലാബിൽ തട്ടി മറിയുകയും പിറകെ വന്ന ലോറി ദിനേശ് ചന്ദ്രന്റെ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തല ചതഞ്ഞ നിലയിലാണ്. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ഗവ. ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സിപിഎം ചൗക്കി ബ്രാഞ്ച് മുൻ സെക്രടറിയാണ് മരിച്ച ദിനേശ് ചന്ദ്ര.
മൊഗ്രാലിലെ ദേശീയപാതയിൽ സർവീസ് റോഡിൽ ഒരു വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ വാഹനാപകടവും, മരണവുമാണിത്. ഇടുങ്ങിയ സർവീസ് റോഡിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് അപകടവും, മരണവും തുടർക്കഥയാവുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
#keralaaccident #servicerodaaccident #kasaragod #roadsafety #fatalaccident #lorryaccident