Koora Thangal | കൂറത്ത് എന്ന ഗ്രാമത്തെ പ്രശസ്തമാക്കിയ തങ്ങൾ; വിടവാങ്ങിയത് പ്രഭ ചൊരിഞ്ഞ ആത്മീയാചാര്യൻ
കൂറത്തെ പള്ളി വരാന്തയിൽ സഹ അധ്യാപകർക്കൊപ്പം തറയിലിരുന്ന് ഭക്ഷണം കഴിച്ചിരുന്ന തങ്ങൾ മരണം വരെ പതിവ് ശൈലിക്ക് മാറ്റം വരുത്തിയില്ല
കാസർകോട്: (KasargodVartha) ആത്മീയതയുടെ വെളിച്ചം പ്രസരിപ്പിച്ചുകൊണ്ട് ജനമനസുകളെ സ്വാധീനിച്ച മഹാ പണ്ഡിതനായിരുന്നു തിങ്കളാഴ്ച രാവിലെ വിടവാങ്ങിയ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ. കർണാടകയിലെ പുത്തൂരിൽ നിന്ന് 18 കി.മീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ചെറിയൊരു ഗ്രാമമായ കൂറത്ത് എന്ന പ്രദേശം പ്രശസ്തമായത് തങ്ങളിലൂടെയായിരുന്നു. ഇവിടെ നിരവധി വര്‍ഷമായി ആത്മീയ നേതൃത്വമായി സേവനമുഷ്ഠിച്ചിരുന്നത് കാരണം 'കുറാ തങ്ങളെന്ന' പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ജാതിമതഭേദമന്യേ ഉത്തര കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും അനേകായിരം ജനങ്ങള്‍ക്ക് വലിയ ആശ്രയവും ആശ്വാസവുമായിരുന്നു കുറാ തങ്ങള്‍.
പയ്യന്നൂർ എട്ടിക്കുളത്തെ നാലുരപ്പാട്ട് മഠത്തിൽ തങ്ങൾ ഹൗസിൽ താജുൽ ഉലമ സയ്യിദ് അബ്ദുർ റഹ്‌മാൻ അൽ ബുഖാരി തങ്ങളുടെയും പഴയങ്ങാടി ഏഴിമല തങ്ങളെന്ന പേരിൽ പ്രസിദ്ധമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മകൾ സയ്യിദത് ഫാത്വിമ ബീവിയുടെയും മകനായി 1960 മെയ് ഒന്നിനാണ് സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ ജനനം. നാട്ടിൽ സ്‌കൂൾ വിദ്യാഭ്യസവും അതോടൊപ്പം പ്രാഥമിക മതപഠനവും നേടി. ശേഷം പിതാവിൻ്റെ സേവന മണ്ഡലമായ ഉള്ളാൾ മദനി അറബിക് കോളജിൽ ചേർന്നു. 1988ൽ മദനി ബിരുദം കരസ്ഥമാക്കി.
മൂന്ന് വർഷം മദനി കോളജിൽ പിതാവിനൊപ്പം സേവനം ആരംഭിച്ചു. പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്ലിയാര്‍, ഇമ്പിച്ചാലി മുസ്ലിയാര്‍, ഉള്ളാള്‍ ബാവ മുസ്ലിയാര്‍, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. 1991ലാണ് തങ്ങൾ കൂറത്തെത്തിയത്. ഇവിടെ ഫസൽ ജുമാ മസ്ജിദിൽ ഖത്വീബായി പ്രവർത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് 'ഖുർറതുസ്സാദാത്ത്' എന്ന അപരനാമത്തിലുള്ള കൂറാ തങ്ങളായി മാറി വളർന്നു.
ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഉള്ളാൾ മഹല്ല് ഉള്‍പ്പെടെ കാസർകോട്, ദക്ഷിണ കന്നട, കുടക് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു. ഉത്തര കേരളത്തിലെ പ്രമുഖ കലാലയമായ ജാമിഅ സഅദിയ്യ അറബിയ്യയുടെ ജെനറല്‍ സെക്രടറി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, എട്ടിക്കുളം താജുല്‍ ഉലമ എജ്യുകേഷണല്‍ സെന്റര്‍ ജെനറല്‍ സെക്രടറി, മുട്ടം ഹസനുല്‍ ബസരിയ്യ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചുവരികയായിരുന്നു.
ഖിദ്മത്തുസുന്നിയ അവാര്‍ഡ്, ജാമിഅ സഅദിയ്യ അറബിയ്യ ബഹ്‌റൈൻ, കമിറ്റി അവാര്‍ഡ്, ശൈഖ് സയ്യിദ് ഇസ്മാഈല്‍ ബുഖാരി അവാര്‍ഡ്, മലബാരി മുസ്ലിം ജമാഅത് മലേഷ്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സമസ്ത കേന്ദ്ര മുശാവറ അംഗമായും മഹല്ലുകളുടെ ഖാസി പദവി അലങ്കരിക്കുമ്പോഴെല്ലാം തൻ്റെ എളിമക്കോ ലാളിത്യത്തിനോ യാതൊരു ഭാവമാറ്റവുമുണ്ടായില്ല. കൂറത്തെ പള്ളി വരാന്തയിൽ സഹ അധ്യാപകർക്കൊപ്പം തറയിലിരുന്ന് ഭക്ഷണം കഴിച്ചിരുന്ന തങ്ങൾ മരണം വരെ പതിവ് ശൈലിക്ക് മാറ്റം വരുത്തിയില്ല.
പരിപാടികൾക്ക് നേതൃത്തിന് എത്തുമ്പോൾ ആയിരങ്ങൾ തിങ്ങി നിറയണമെന്ന നിർബന്ധമോ ആഗ്രഹമോ തങ്ങൾക്കുണ്ടായില്ല. ഒരാളുണ്ടെങ്കിലും മതി. കൃത്യസമയത്ത് തങ്ങളെത്തും. പരിപാടി ആരംഭിക്കുമ്പോൾ പത്തുപേരുണ്ടാകുന്ന സദസുകളിൽ തങ്ങൾ തുടങ്ങും. പകുതിയിലെത്തുമ്പോഴേക്കും സദസ് ജനനിബിഢമാകുന്ന കാഴ്ചയായിരുന്നു പലേയിടത്തുമുണ്ടായിരുന്നത്. ആര്‍ക്ക് മുന്നിലും അടിയറവ് പറയാത്ത ആദര്‍ശശാലിയായിരുന്നു അദ്ദേഹം സുന്നിപ്രസ്ഥാനത്തിന്റെ ധീര ശബ്ദമായി തങ്ങള്‍ തിളങ്ങി നിന്നു.
പണ്ഡിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവേശവും ഊര്‍ജവും നല്‍കി ഒടുവിൽ അപ്രതീക്ഷിതമായി വിടവാങ്ങുകയായിരുന്നു. ഉള്ളാൾ സയ്യിദ് മദനി ദർഗാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സയ്യിദ് മദനി ശരീഅത് കോളജിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ തിങ്കളാഴ്ച വൈകുന്നേരം പങ്കെടുക്കാനിരിക്കെയാണ് ആകസ്മികമായി മരണപ്പെട്ടത്.
ഭാര്യ: ശരീഫ ഹലീമ ആറ്റ ബീവി പാപ്പിനിശേരി. മക്കള്‍: സയ്യിദ് അബ്ദുർ റഹ്‌മാന്‍ മശ്ഹൂദ്, സയ്യിദ് മുസ്ഹബ് തങ്ങള്‍, റുഫൈദ ബീവി, സഫീറ ബീവി, സകിയ ബീവി, സഫാന ബീവി. മരുമക്കള്‍: സയ്യിദ് ആമിര്‍ തങ്ങള്‍ നാദാപുരം, ഡോ. സയ്യിദ് ശുഐബ് തങ്ങള്‍ കൊടിഞ്ഞി, സയ്യിദ് മിസ്ബാഹ് തങ്ങള്‍ പാപ്പിനിശ്ശേരി. സഹോദരങ്ങള്‍: സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, പരേതയായ ശരീഫ ബീക്കുഞ്ഞി ബീവി മഞ്ചേശ്വരം, ശരീഫ മുത്തുബീവി കരുവന്‍തുരുത്തി, ശരീഫ കുഞ്ഞാറ്റ ബീവി ചെറുവത്തൂര്‍, ശരീഫ ഉമ്മുഹാനി ബീവി ഉടുമ്പുന്തല, ശരീഫ റംല ബീവി കുമ്പള. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ സഹോദരീ ഭര്‍ത്താവാണ്.
മയ്യിത്ത് നിസ്‌കാരം വൈകുന്നേരം അഞ്ച് മണിയോടെ എട്ടിക്കുളം തഖ്‌വാ ജുമാ മസ്ജിദിലും പിന്നീട് ദേളിയിലെ ജാമിയ സഅദിയ്യയിലും കര്‍ണാടകയിലെ ഉള്ളാളിലും നടന്നു. ജാമിഅ സഅദിയ്യില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നൽകി. ഖബറടക്കം കുറത്തിൽ.
sp അനേകായിരം പേർക്ക് വലിയ ആശ്രയവും ആശ്വാസവുമായിരുന്നു