city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

താങ്ങാവുന്നതിലും അധികം അസുഖങ്ങള്‍; നൊമ്പരകാഴ്ചയായി അഭിനവ്

കാസര്‍കോട്: (www.kasargodvartha.com 23/06/2015) കൂട്ടുകാരെല്ലാം സ്‌കൂളില്‍ പോകുമ്പോള്‍ ഒപ്പം കൂടാനാകാത്ത വേദനയിലാണ് 10 വയസുകാരനായ അഭിനവ്. ബാല്യത്തിന്റെ കുസൃതിത്തരങ്ങളൊന്നും പ്രകടിപ്പിക്കാന്‍ ഈ കുട്ടിക്ക് കഴിയുന്നില്ല. പിറന്നുവീണപ്പോഴെ കൂടെപിറപ്പായി വന്ന രോഗം അവന്റെ സ്വപ്നങ്ങള്‍ക്കെല്ലാം കരിനിഴലാവുകയാണ്. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ  ചട്ടഞ്ചാല്‍ മാച്ചിപ്പുറം മൊട്ടയിലെ എം മുരളീധരന്റെയും ഷിജിലയുടെയും മകനാണ്  അഭിനവ്.

ജന്മനാ തന്നെ തലച്ചോറിലെ ഞരമ്പുകളുടെ തകരാറുമൂലം വന്നുചേര്‍ന്ന അപസ്മാരം, ബുദ്ധിമാന്ദ്യം, ഹൈപ്പര്‍ ആക്ടിവിറ്റി, പ്രായത്തില്‍ കവിഞ്ഞ ശരീര വളര്‍ച്ച  എന്നീ രോഗങ്ങളാണ് അഭിനവിനെ അലട്ടുന്നത്. ഇതോടൊപ്പം  ഈ രോഗങ്ങള്‍ക്കുള്ള ചികിത്സയുടെ ഭാഗമായി കഴിഞ്ഞ പത്ത് വര്‍ഷമായി തുടര്‍ച്ചയായി മരുന്ന് കഴിച്ചതുമൂലം പാര്‍ശ്വഫലമായി ശരീരത്തിലെ അസ്ഥികളുടെ ബലം കുറയുകയും ചെയ്തിട്ടുണ്ട്. അറിയാതെ എവിടെയെങ്കിലും തട്ടിയാല്‍ കൈകാലുകള്‍ പെട്ടെന്ന് ഒടിഞ്ഞുപോകുന്ന സ്ഥിതിയാണ്. അതുപോലെ ശരീരം അമിതമായി തടിച്ചു വളരുകയും ചെയ്യുന്നു.  ഇതിനു വേറെയും ചികിത്സ നടത്തുന്നുണ്ട്.

കുട്ടിയുടെ ചികിത്സയ്ക്കായി കുടുംബം ഇതിനകം 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ചുകഴിഞ്ഞു. കൂലിപണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട്  ജീവിക്കുന്ന മുരളിയുടെ കുടുംബം ഉള്ളതെല്ലാം വിറ്റും , പലരില്‍ നിന്നും കടം വാങ്ങിയുമാണ് ഇത്രനാള്‍ കുട്ടിയെ ചികിത്സിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിയെ മാസങ്ങളോളം ചികിത്സിച്ചിരുന്നു.

പാലക്കാട് നിര്‍മ്മാലാനന്ദഗിരി മഹാരാജ ആയുര്‍വേദ ആയുര്‍വേ ആശുപത്രിയില്‍ ഒരു വര്‍ഷവും, കോഴിക്കോട് നടക്കാവിലുള്ള ന്യൂറോളജി സര്‍ജ്ജന്‍ ഡോ. ജെയിംസ്, എല്ല് രോഗ വിദഗ്ധന്‍ ഡോ. ഗോപിനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷവും, എറണാകുളം അമൃതാ ആശുപത്രിയില്‍ രണ്ടര വര്‍ഷവും,  മംഗലാപുരം കെഎംസി ആശുപത്രിയില്‍ ഒരു വര്‍ഷവും, കോഴിക്കോട് എപ്പിലപ്‌സി ആശുപത്രിയിലെ കുട്ടികളുടെ ന്യൂറോളജി വിഭാഗത്തില്‍ ഒന്നര വര്‍ഷവും, കരിവെള്ളൂര്‍ വെള്ളച്ചാലിലെ മൂകാംബിക വൈദ്യശാലയില്‍ ഒരു വര്‍ഷവും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മാസങ്ങളോളവും ചികിത്സ നടത്തിയെങ്കിലും രോഗങ്ങള്‍ ഭേദമാക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ ഒരു വര്‍ഷത്തോളമായി ചികിത്സിച്ചു വരികയാണ്.

രോഗങ്ങളോട് പൊരുതി തളര്‍ന്ന അഭിനവിന്റെ അസുഖം ഭേദമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഇനിയും തുടര്‍ച്ചയായി വിദഗ്ദ ചികിത്സ ആവശ്യമായതിനാല്‍  ഇതിനു വേണ്ട വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ മുരളിയുടെ കുടുംബത്തിന്  മാത്രമായി സാധിക്കാത്ത സാഹചര്യത്തില്‍  ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വിപുലമായ അഭിനവ് ചികിത്സ സഹായ സമിതി രുപീകരിച്ചിട്ടുണ്ട്.

എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമുഹാജി, ചെമ്മനാട്ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, അംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ വച്ച് എം.എല്‍.എമാരും ജനപ്രതിനിധികളും രക്ഷാധികാരികളായും പാദൂര്‍ കുഞ്ഞാമുഹാജി ചെയര്‍മാനും വി. രാജന്‍ കണ്‍വീനറായും എം. കൃഷ്ണന്‍ നായര്‍ ഖജാന്‍ജിയായും അബൂബക്കര്‍ കണ്ടത്തില്‍ വൈസ് ചെയര്‍മാനായും ഇ. കുഞ്ഞിക്കണ്ണന്‍ മാച്ചിപ്പുറം ജോ. കണ്‍വീനറായും സഹായ സമിതി രുപീകരിച്ചു.

ധനസഹായം സ്വീകരിക്കുന്നതിനായി ചട്ടഞ്ചാല്‍ വിജയ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍-200501011002745, ഐഎഫ്എസ് സി കോഡ്- 0002005. വിവരങ്ങള്‍ക്ക് ചെയര്‍മാന്‍ (പാദൂര്‍ കുഞ്ഞാമു ഹാജി)-9249447007, കണ്‍വീനര്‍ (വി. രാജന്‍)-9400555084.
താങ്ങാവുന്നതിലും അധികം അസുഖങ്ങള്‍; നൊമ്പരകാഴ്ചയായി അഭിനവ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia