city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൃദയം നുറുങ്ങുന്ന വേദനയുമായി അബ്ദുല്ല; നട്ടെല്ലിന്റെ ഭാഗത്ത് സ്ഥാപിച്ച സ്റ്റീലില്‍ നിന്നും പഴുപ്പ് ബാധിച്ച് ആശുപത്രിക്കിടക്കയില്‍


സുബൈര്‍ പള്ളിക്കാല്‍

കാസര്‍കോട്: (www.kasargodvartha.com 03/05/2016) ഏഴുവര്‍ഷം മുമ്പ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണ് ഉള്ളാളിലെ ഉമ്മറബ്ബയുടെ മകന്‍ അബ്ദുല്ല എന്ന 34 കാരന്‍ ഹൃദയം നുറുങ്ങുന്ന വേദനയുമായി കാസര്‍കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്നു. നട്ടെല്ലിന്റെ ഭാഗത്ത് സ്ഥാപിച്ച സ്റ്റീലില്‍ നിന്നും പഴുപ്പ് കിഡ്‌നിയിലേക്ക് അരിച്ചുകയറുമ്പോള്‍ വേദന കടിച്ചമര്‍ത്തുന്നതിനിടയില്‍ അറിയാതെ കണ്ണുനീര്‍ വാര്‍ന്നൊഴുകുന്നു. കൂട്ടിന് താങ്ങും തണലുമാകേണ്ട ഭാര്യ ഭര്‍ത്താവിന്റെ ഈ അവസ്ഥ കണ്ട് കണ്ണില്‍ ചോരയില്ലാതെ ഏഴ് വയസുള്ള മകനെയും കൂട്ടി പുതിയ മേച്ചില്‍പുറം തേടിപ്പോയി.

2009 ല്‍ കണ്ണൂരില്‍ കോണ്‍ക്രീറ്റ് ജോലിക്കിടെയാണ് അബ്ദുല്ല മൂന്ന് നില കെട്ടിടത്തില്‍ നിന്ന് താഴെവീണത്. കണ്ണൂര്‍ സ്വദേശിനിയായ ഭാര്യയുടെ വീട്ടിലായിരുന്നു അന്ന് താമസം. നട്ടെല്ല് തകര്‍ന്ന് മംഗളൂരു യേനപ്പോയ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയിലായതോടെ കടബാധ്യതയെ തുടര്‍ന്ന് 85 വയസുള്ള മാതാവ് ആസ്യുമ്മയും സഹോദരി റുഖിയയും മൊഗ്രാല്‍ പുത്തൂര്‍ ജമാഅത്ത് ക്വാട്ടേഴ്‌സിലേക്ക് താമസം മാറി. അബ്ദുല്ലയുടെ പിതാവ് ഉമറബ്ബയും രണ്ട് സഹോദരങ്ങളും നേരത്തെ മരിച്ചിരുന്നു. യേനപ്പോയ ആശുപത്രിയില്‍ ബില്ലടയ്ക്കാന്‍ കഴിയാതെ വന്നതോടെ പിന്നീട് വെന്റ്‌ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തിപ്പെട്ടത്.

വിധി സമ്മാനിച്ച വേദനയും ദുഖവും മറക്കാന്‍ ശ്രമിക്കുന്നതിനിടെ താന്‍ പൊന്നുപോലെ നോക്കിയ ഭാര്യ ഉപേക്ഷിച്ചുപോയതാണ് അബ്ദുല്ലയെ കൂടുതല്‍ തളര്‍ത്തിയത്. പ്രായമായ മാതാവും അഞ്ച് പെണ്‍മക്കളും ഒരു മകനുമുള്ള സഹോദരി റുഖിയയും മാത്രമാണ് അബ്ദുല്ലയ്ക്ക ഇന്ന് തുണയായി ഉള്ളത്. ഇവരുടെ ദുഖം കണ്ട് അറിയാവുന്ന പലരും സഹായിച്ചത് കൊണ്ടാണ് അബ്ദുല്ല ഇന്ന് ജീവനോടെ ഇരിക്കുന്നത്. സ്റ്റീലിട്ട നട്ടെല്ലിന് ബാധിച്ച പഴുപ്പിന് എത്രയും പെട്ടെന്ന് വിദഗ്ദ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അബ്ദുല്ലയുടെ കിഡ്‌നിക്കും തകരാര്‍ സംഭവിക്കുമെന്നും ജീവന്‍ അപകടത്തിലാകുമെന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടുള്ള കുടുംബത്തിന് അബ്ദുല്ലയെ വിദഗ്ദ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ ഒരിക്കലും സാധിക്കില്ല. അബ്ദുല്ലയ്ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കിയാല്‍ സ്വയം എഴുന്നേറ്റിരിക്കാനെങ്കിലും കഴിയുമെന്നാണ് വിദഗ്ദ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്.

ഉദാരമനസ്‌കരായ ആളുകള്‍ സഹായിച്ചാല്‍ അബ്ദുല്ലയ്ക്ക് പുതിയൊരു ജീവിതം ഉണ്ടാകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ലോകത്ത ഒരാള്‍ക്കും ഇത്തരമൊരു വേദനാജനകമായ അവസ്ഥ ഉണ്ടാകരുതേ എന്നാണ് ദുരിതക്കിടക്കയില്‍ കഴിയുമ്പോഴും അബ്ദുല്ലയുടെ പ്രാര്‍ത്ഥന. അനാവശ്യ കാര്യങ്ങള്‍ക്ക് പോലും ലക്ഷങ്ങള്‍ പൊടിപൊടിച്ച് ധൂര്‍ത്തുകാട്ടുന്നവര്‍ സഹജീവിക്ക് സംഭവിച്ച ദുരിതം കാണാതെ പോകരുതെന്നാണ് അബ്ദുല്ലയെ അറിയുന്നവര്‍ പറയുന്നത്. ഉദാരമതികള്‍ അബ്ദുല്ലയോടും കുടുംബത്തോടും കരുണ കാട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അബ്ദുല്ലയുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൊഗ്രാല്‍ പുത്തൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അബ്ദുല്ലയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ താഴെ കാണുന്ന അക്കൗണ്ടിലേക്ക് സഹായമെത്തിക്കണം.

അക്കൗണ്ട് നമ്പര്‍: 40412100002600. ഐ എഫ് എസ് സി കോഡ്: കെ എല്‍ ജി ബി 0040412. അബ്ദുല്ലയുടെ മൊബൈല്‍ നമ്പര്‍: 8907988086
ഹൃദയം നുറുങ്ങുന്ന വേദനയുമായി അബ്ദുല്ല; നട്ടെല്ലിന്റെ ഭാഗത്ത് സ്ഥാപിച്ച സ്റ്റീലില്‍ നിന്നും പഴുപ്പ് ബാധിച്ച് ആശുപത്രിക്കിടക്കയില്‍

Keywords: Helping hands, Kasaragod, Ullal, General-hospital, Bank, Mogral puthur, Abdulla, Kerala Grameen Bank, Account.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia