Tradition | ക്ഷേത്രങ്ങളിൽ നിറപുത്തരിക്കുള്ള കതിർ ഇത്തവണയും അബ്ദുൽ റഹ്‌മാന്റെ പാടത്ത് നിന്നുതന്നെ

● അബ്ദുൽ റഹ്‌മാൻ ഡി 1 എന്ന നെൽവിത്താണ് ഇത്തവണ കൃഷിയിറക്കിയത്.
● മഴയും വന്യമൃഗ ശല്യവും കാരണം വിളവ് പ്രതീക്ഷിച്ചത് പോലെ ലഭിച്ചില്ല.
● അടുത് റഹ്‌മാൻ ഒരുക്കുന്ന പുത്തരി സദ്യ സ്നേഹ സംഗമത്തിൻ്റെ വേദിയായി മാറാറുണ്ട്.
വെള്ളരിക്കുണ്ട്: (KasargodVartha) പരമ്പരാഗതമായി കിട്ടിയ കൃഷി പതിവുപോലെ പരിപാലിച്ച് ബളാൽ കുഴിങ്ങാട്ടെ അബ്ദുൽ റഹ്‌മാൻ കയ്യടി നേടുന്നു. മാറി വരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തിനിങ്ങൾ പരീക്ഷിക്കുന്ന ഇദ്ദേഹം ഇത്തവണ ഡി 1 എന്ന നെൽവിത്താണ് കൃഷിയിറക്കിയത്. പക്ഷെ നിരന്തരമായി പെയ്ത മഴയും വന്യമൃഗ ശല്യവും കാരണം ഇത്തവണ വിളവ് പ്രതീക്ഷിച്ചത് പോലെ ലഭിച്ചില്ലെന്ന് അബ്ദുൽ റഹ്‌മാൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട അന്തുക്ക പറഞ്ഞു.
എങ്കിലും നെൽകൃഷി അന്യംനിന്ന് പോകാതിരിക്കാനും മലയോരത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് നിറപുത്തരിക്ക് തൻ്റെ പാടത്ത് നിന്നുള്ള നെൽകതിർ സമർപ്പണം മുടങ്ങാതിരിക്കാനും ലാഭ നഷ്ട കണക്കുകൾ നോക്കാതെ താൻ കൃഷി ചെയ്യുന്നുവെന്ന് അബ്ദുൽ റഹ്‌മാൻ വ്യക്തമാക്കുന്നു. ഈ നെൽപ്പാടത്ത് ആദ്യ കാലം മുതലുള്ള തൊഴിലാളികൾ പരമ്പരാഗത രീതിയിൽ തന്നെയാണ് ഞാറ് നടലും കൊയ്ത്തും കറ്റമെതിയും നെല്ല് പുഴുങ്ങലും എല്ലാം നടത്തുന്നത്.
തൊഴിലാളികളുടെ കൊയ്ത്ത് പാട്ടിൻ്റെ ഈരടിയിൽ കതിർ കൊയ്തു കൊണ്ട് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ജെ മാത്യു, വാർഡ് മെമ്പർമാരായ പത്മാവതി, സന്ധ്യാ ശിവൻ, കൃഷി ഓഫീസർ നിഖിൽ നാരായണൻ, അസി. കൃഷി ഓഫീസർ ശ്രീഹരി തുടങ്ങിയവർ സംബന്ധിച്ചു.
കൊയ്ത്തും കറ്റ മെതിയും പൂർത്തിയാക്കിയാക്കിയാൽ നെല്ല് പുഴുങ്ങി കുത്തി അരിയാക്കിയ ശേഷം അബ്ദുൽ റഹ്‌മാന്റെ വീട്ടിൽ പുത്തരി സദ്യ ഒരുക്കാറുണ്ട്. തൊഴിലാളികളെയും അയൽവാസികളേയും വിവിധ മത മേലധ്യക്ഷന്മാരേയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും മാധ്യമ പ്രവർത്തകരേയും ക്ഷണിച്ച് കൊണ്ട് പുത്തരി സദ്യ ഒരു സ്നേഹ സംഗമത്തിൻ്റെ വേദിയായി മാറാറുണ്ട്.
#KeralaAgriculture #TraditionalFarming #TempleOfferings #PaddyCultivation #BalalKuzhingatt #D1Rice