Police Action | തുരുമ്പെടുത്ത് കുമ്പള പൊലീസ് സ്റ്റേഷൻ വളപ്പിൽ കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ: ലേലത്തിന് തുടർനടപടിയില്ല

● ചുരുക്കം വാഹനങ്ങൾ മാത്രമാണ് അന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ലേലത്തിൽ വിറ്റത്.
● കുമ്പളയിൽ നശിക്കുന്ന വാഹനങ്ങളെറേയും മണൽ കൊള്ളയും അതുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന ടിപ്പർ ലോറികളും, ടെംപോകളുമാണ്.
● ലഹരി കേസുകളിൽ പിടിച്ചെടുത്ത കുറെ കാറുകളും വാഹനാപകടത്തിൽപെട്ട് പൂർണമായും തകർന്ന വാഹനങ്ങളും ഉണ്ട്.
കുമ്പള: (KasargodVartha) കുമ്പള പൊലീസ് സ്റ്റേഷന് സമീപം സ്കൂൾ മൈതാനത്തും പരിസരത്തുമായി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ നശിക്കുന്നു. വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് കാടുപിടിച്ച് തുരുമ്പെടുത്ത് നശിക്കുന്നത്. സ്റ്റേഷൻ വളപ്പിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് വാഹനങ്ങൾ സ്കൂൾ മൈതാനത്തേക്ക് മാറ്റിയത്. ഇപ്പോൾ ഈ വാഹനങ്ങൾ ആക്രിക്കച്ചവടക്കാർക്ക് പോലും വേണ്ടാത്ത അവസ്ഥയിലാണ്.
നേരത്തെ ഈ വിഷയത്തിൽ പൊലീസ് അധികാരികൾ ഇടപെട്ട് വാഹനങ്ങളൊഴിവാക്കാൻ ലേലനടപടികൾ നടത്തിയതാണ്. ചുരുക്കം വാഹനങ്ങൾ മാത്രമാണ് അന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ലേലത്തിൽ വിറ്റത്. സർക്കാരിലേക്ക് നല്ലൊരു വരുമാനവും ഇതുവഴി ലഭിച്ചിരുന്നു. എന്നാൽ ഇതിന് തുടർനടപടികൾ ഉണ്ടാകാത്തതും, പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ പെരുപ്പവും കൊണ്ട് കുമ്പള പൊലീസ് സ്റ്റേഷൻ പരിസരം വാഹനങ്ങളുടെ ശ്മശാനമായി മാറിയിട്ടുണ്ട്.
കുമ്പളയിൽ നശിക്കുന്ന വാഹനങ്ങളെറേയും മണൽ കൊള്ളയും അതുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന ടിപ്പർ ലോറികളും, ടെംപോകളുമാണ്. ഇതിനിടയിൽ ലഹരി കേസുകളിൽ പിടിച്ചെടുത്ത കുറെ കാറുകളുമുണ്ട്. വാഹനാപകടത്തിൽപെട്ട് പൂർണമായും തകർന്ന വാഹനങ്ങൾ വേറെയും. എല്ലാം തുരുമ്പെടുത്ത് നശിച്ചു പോയിട്ടുണ്ട്. അതിനിടെ കാടുകയറി നശിക്കുന്ന വാഹന കൂമ്പാരങ്ങൾക്കിടയിൽ ഇഴജന്തുക്കൾ ഉള്ളത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
നേരത്തെ ഇവിടെയുണ്ടായിരുന്ന പിഡബ്ല്യുഡിയുടെ പഴകി ദ്രവിച്ച റസ്റ്റ് ഹൗസ് കെട്ടിടം പൊളിച്ചുമാറ്റിയ അവശിഷ്ടവും ഇവിടെത്തന്നെയുണ്ട്. പിഡബ്ല്യുഡി സ്ഥലം കൂടി പൊലീസ് സ്റ്റേഷന് നൽകുകയും പൊലീസ് സ്റ്റേഷൻ പുതുക്കിപ്പണിയും, അടിസ്ഥാനസൗകര്യം ഒരുക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എങ്കിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഒതുക്കി ഇടാനുള്ള സംവിധാനമെങ്കിലും ഉണ്ടാവുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് ജനപ്രതിനിധികളുടെ ഇടപെടൽ വേണമെന്നും ആവശ്യമുയരുന്നുണ്ട്.
#KumbalaPolice, #VehicleAuction, #SeizedVehicles, #KumbalaNews, #KasaragodNews, #PoliceStationIssues