Lottery | 5000 രൂപ വരെയുള്ള സമ്മാനം നോക്കി മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച ടികറ്റിന് ഒരു ലക്ഷം രൂപയുടെ ലോടറി അടിച്ചു; ഉടമസ്ഥനെ സിസിടിവി ദൃശ്യം നോക്കി തേടിപ്പിടിച്ച് കടയുടമയുടെ സത്യസന്ധത

● ബേക്കൽ പള്ളിക്കര സ്വദേശിയായ രഘുവിനാണ് ലോടറി അടിച്ചത്.
● കാഞ്ഞങ്ങാട്ടെ സംസം ലോടറി കടയിൽ നിന്നാണ് ടികറ്റ് കണ്ടെത്തിയത്.
● സത്യസന്ധതയുടെയും മനുഷ്യത്വത്തിന്റെയും ഉത്തമ മാതൃകയായി ഈ കട
കാഞ്ഞങ്ങാട്: (KasargodVartha) ഭാഗ്യം വരുമ്പോൾ ചില അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്. അത്തരമൊരു സംഭവമാണ് കാഞ്ഞങ്ങാട്ടെ സംസം ലോടറി കടയിൽ അരങ്ങേറിയത്. മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച ലോടറി ടികറ്റിന് ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചതറിഞ്ഞ് ഉടമയെ തേടിപ്പിടിച്ച് സമ്മാനം കൈമാറിയിരിക്കുകയാണ് സംസം ലോടറി കടയുടമ ടി വി വിനോദും ജീവനക്കാരും. സത്യസന്ധതയുടെയും മനുഷ്യത്വത്തിൻ്റെയും ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് ഈ ലോടറി കട.
ബേക്കൽ പള്ളിക്കര സ്വദേശിയും കാഞ്ഞങ്ങാട് ആവിക്കരയിൽ താമസക്കാരനുമായ രഘുവിനാണ് അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിച്ചത്. ഫാർമസി ജീവനക്കാരനായ രഘു വിൻ വിൻ ലോടറിയുടെ ടികറ്റാണ് എടുത്തത്. എന്നാൽ സമ്മാനം ലഭിച്ച ടികറ്റ് നഷ്ടപ്പെട്ടതോടെ രഘു നിരാശയിലായി. അദ്ദേഹത്തിൽ നിന്ന് ടികറ്റ് നഷ്ടമായിരുന്നു. തന്റെ ഭാഗ്യ ടികറ്റ് കണ്ടെത്താൻ രഘു പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് കാഞ്ഞങ്ങാട് 'സംസം ലോടറി ഹൗസി'ലെ ടി വി വിനോദ്, ജീവനക്കാരായ നന്ദുരാജ്, സുധിൻ ശങ്കർ, മിഥുൻ രമേശ് എന്നിവരാണ് മാലിന്യച്ചാക്കിൽനിന്ന് ഏറെനേരത്തെ തിരച്ചലിനൊടുവിൽ സമ്മാനാർഹമായ ലോടറി ടികറ്റ് കണ്ടെടുത്തത്. ലോടറി അടിച്ചിട്ടും സമ്മാനാർഹമായ ടികറ്റ് കിട്ടാത്ത സങ്കടത്തിൽ പോയ ഉടമസ്ഥന്റെ മേൽവിലാസമോ ഫോൺ നമ്പറോ അവർക്ക് അറിയുമായിരുന്നില്ല. ഒടുവിൽ സിസിടിവിയിൽ പതിഞ്ഞ അദ്ദേഹത്തിന്റെ മുഖം നോക്കി ആളെ കണ്ടെത്തുകയായിരുന്നു.
മറ്റൊരു ലോടറി വിൽപനക്കാരനിൽ നിന്നാണ് രഘു ലോടറി എടുത്തത്. തിങ്കളാഴ്ച ഒരു ലക്ഷം രൂപയുടെ സമ്മാനം അടിച്ച ടികറ്റുമായി സംസം ലോടറി കടയിൽ രഘു ടികറ്റുമായി എത്തി. 5000 രൂപ വരെയുള്ള സമ്മാനം അടിച്ചിട്ടുണ്ടോയെന്ന് രഘു തന്നെ നോക്കി ടികറ്റ് മാലിന്യക്കൂമ്പാരത്തിൽ കളഞ്ഞ് തിരിച്ചു പോയി. പിന്നീട് ലോടറി വിറ്റയാൾ രഘുവിനെ സമീപിച്ച് എടുത്ത ടികറ്റിന് ഒരു ലക്ഷം രൂപ അടിച്ചിട്ടുണ്ടെന്ന് പറഞ്ഞതോടെ രഘു തലയിൽ കൈവെച്ചു പോയി.
ചൊവ്വാഴ്ച രാവിലെ ടി വി വിനോദ് ലോടറി കട തുറക്കാൻ എത്തിയപ്പോൾ പുറത്ത് വെച്ചിരുന്ന മാലിന്യചാക്കിൽ രഘു ലോടറി ടിക്കറ്റ് തിരയുന്നതാണ് കണ്ടത്. കാര്യം ചോദിച്ചപ്പോഴാണ് തൻ്റെ സമ്മനം അടിച്ച ടികറ്റ് മാലിന്യക്കൂമ്പാരത്തിൽ കളഞ്ഞ കാര്യം പറഞ്ഞത്. ഒരു മണിക്കൂറോളം തിരഞ്ഞിട്ടും സമ്മാനർഹമായ ടികറ്റ് കണ്ടെത്തിയില്ല. ചാക്കുകളിലെ ടികറ്റ് വീട്ടിൽ കൊണ്ടുപോയി തിരഞ്ഞോളു എന്ന് പറഞ്ഞെങ്കിലും അഭിമാനത്തിന് കോട്ടം തട്ടുമോയെന്ന് കരുതി സരമില്ലെന്ന് പറഞ്ഞ് രഘു തിരിച്ചു പോയി.
കടയിൽ ജീവനക്കാർ എത്തിയ ശേഷം അവരോട് ടികറ്റ് തിരയാൻ പറഞ്ഞ് പുറത്ത് പോയി. ഒരു മണിക്കൂറിന് ശേഷം നഷ്ടപ്പെട്ടുവെന്ന് കരുതിയ ടികറ്റ് കിട്ടിയിട്ടുണ്ടെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ രഘുവിൻ്റെ ഫോൺ നമ്പറോ വിലാസമോ ഒന്നും അറിയില്ലായിരുന്നു. ഒടുവിൽ കടയിലെ സിസിടിവി കാമറ പരിശോധിച്ച് രഘുവിൻ്റെ ചിത്രം എടുത്ത് പലരോടും അന്വേഷിച്ചു. ഫാർമസി ജീവനക്കാരനാണെന്ന് വ്യക്തമായി.
സഹകരണ ബാങ്കിൻ്റെ നീതി മെഡികലിലെ പരിചയക്കാർക്ക് സി സി ടി വി ദൃശ്യങ്ങൾ അയച്ചുകൊടുത്ത് നടത്തിയ അന്വേഷണത്തിൽ രഘു ജോലി ചെയ്യുന്ന ഫാർമസി ഉടമയുടെ നമ്പർ കിട്ടി. വിളിച്ച് രഘുവിന് ഫോൺ കൊടുക്കാൻ പറഞ്ഞു. നിങ്ങളുടെ സമ്മാനാർഹമായ ടികറ്റ് കിട്ടിയിട്ടുണ്ടെന്ന് പറയുകയും വന്ന് കൊണ്ടു പോകണമെന്നും പറഞ്ഞപ്പോൾ ദൈവത്തിന് സ്തുതിയെന്ന് പറയുകയായിരുന്നു. തുടർന്ന് രഘു കടയിലെത്തി ടികറ്റ് കൈപ്പറ്റി. ടി വി വിനോദിനും ജീവനക്കാർക്കും നന്ദി പറഞ്ഞാണ് രഘു മടങ്ങിയത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A lottery ticket worth 1 lakh was found in garbage after being discarded by a winner who thought it was worth 5000. The store owner, TV Vinod, and his team searched and returned the ticket after finding it on CCTV footage.
#LotteryWinner #Integrity #KasaragodNews #TVVinod #Humanity #LotteryTicket