Post Office | കുമ്പളയിൽ വിശാലമായ തപാൽ ഓഫീസ് കെട്ടിടം ഉയരുന്നു; നിർമാണ പ്രവൃത്തികൾക്ക് തുടക്കം

● വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്നു
● മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്.
● കുമ്പളയുടെ വികസനത്തിന് മുതൽക്കൂട്ട്.
കുമ്പള: (KasargodVartha) മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയ കുമ്പള ടൗണിലെ വിശാലമായ തപാൽ വകുപ്പിന്റെ സ്ഥലത്ത് ആധുനിക രീതിയിലുള്ള തപാൽ ഓഫീസ് കെട്ടിടം ഒരുങ്ങുന്നു. കെട്ടിട നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വർഷങ്ങളായി കുമ്പളയിലെ പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
തപാൽ വകുപ്പിന് കുമ്പള ടൗണിൽ കണ്ണായ സ്ഥലമുണ്ടായിട്ടും ഇത് മാലിന്യ നിക്ഷേപത്തിനായി ഉപയോഗപ്പെടുത്തുന്നതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു. 2024 ഡിസംബറിൽ മാധ്യമങ്ങൾ ഈ വിഷയം വലിയ വാർത്തയാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ കെട്ടിട നിർമാണത്തിന് തപാൽ വകുപ്പിന്റെ നടപടി ഉണ്ടായിട്ടുള്ളത്.
തപാൽ വകുപ്പിന് സ്വന്തമായി സ്ഥലം ഉണ്ടായിട്ടും വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു ലക്ഷങ്ങൾ പാഴാക്കുകയാണെന്ന ആക്ഷേപമാണ് ഉയർന്നത്. വാടക ഇനത്തിലും, മാലിന്യം നീക്കം ചെയ്യാനും ഓരോ വർഷവും തപാൽ വകുപ്പ് ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പ്രദേശവാസി കയ്യേറിയതായി കണ്ടെത്തിയിരുന്നു.
കേസും, സ്ഥലം തിരിച്ചു പിടിക്കാനുള്ള നിയമ പോരാട്ടവും ഹൈകോടതി വരെ നീണ്ടു. ഒടുവിൽ ഹൈകോടതിയിൽ നിന്ന് തപാൽ വകുപ്പിന് അനുകൂല വിധിയുണ്ടായി. വൈകിയാണെങ്കിലും തപാൽ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള തീരുമാനം നാട്ടുകാർ സ്വാഗതം ചെയ്യുന്നുണ്ട്. തപാൽ ഓഫീസ് കെട്ടിട നിർമ്മാണത്തിനൊപ്പം താഴെ ഷോപ്പിംഗ് മുറികളും നിർമ്മിച്ച് തപാൽ വകുപ്പിന് മികച്ച വരുമാനം നേടിയെടുക്കാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നുണ്ട്. ഇത് കുമ്പളയുടെ വികസനത്തിനും ഉപകാരപ്പെടുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kumbala's post office site is being redeveloped into a modern building. The new structure will benefit the local area, with added shopping units for extra revenue.
#Kumbala #PostOffice #Construction #Kasaragod #ModernBuilding #Development