Humanitarian | അതിർത്തി അടച്ചപ്പോൾ തുറന്ന ആശ്വാസത്തിന്റെ വാതിൽ; കോവിഡ് കാലത്ത് കാസർകോടിന്റെ രക്ഷകനായ രത്തൻ ടാറ്റ
● രത്തൻ ടാറ്റ 60 കോടി രൂപ ചിലവിൽ കാസർകോട്ട് ഒരു ആശുപത്രി നിർമിച്ചു.
● അഞ്ച് മാസം കൊണ്ട് 540 കിടക്കകളുള്ള ആശുപത്രി പൂർത്തിയായി.
● ആയിരക്കണക്കിന് കോവിഡ് രോഗികൾക്ക് ചികിത്സ നൽകി.
കാസർകോട്: (KasargodVartha) കോവിഡ് മഹാമാരിയുടെ ഭീകരതയിൽ കാസർകോട് ജില്ല നടുങ്ങിയ കാലം. ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ജില്ലയിലെ ജനങ്ങൾ വലിയ പ്രതിസന്ധിയിലായി. മികച്ച ആശുപത്രികളുടെ അഭാവവും എന്തിനും ആശ്രയിക്കുന്ന അടുത്തുള്ള മംഗ്ളൂറിലേക്കുള്ള വഴിയടഞ്ഞതും ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കി.
കർണാടക അതിർത്തി അടച്ചതോടെ കാസർകോട് ജനതയ്ക്ക് വിദഗ്ധ ചികിത്സ ലഭിക്കാനുള്ള സാധ്യത ഇല്ലാതായി. ഈ ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ ദുരിതകാലത്ത് കാസർകോടിന്റെ നിലവിളി കേട്ടുകൊണ്ട് ഒരു മനുഷ്യൻ രംഗത്തെത്തി, അതായിരുന്നു ബുധനാഴ്ച രാത്രി വിടവാങ്ങിയ വ്യവസായ ലോകത്തെ അതികായകൻ രത്തൻ ടാറ്റ.
ഏപ്രിലിൽ ജില്ലയിൽ കോവിഡ് 19 കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ തുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അതിർത്തികൾ അടച്ചപ്പോൾ ശരിയായ ചികിത്സ കിട്ടാതെ പലരും മരിച്ചു. യഥാസമയം മംഗ്ളൂറിലെത്താൻ കഴിയാത്തതിനാൽ സ്ത്രീകൾക്ക് ആംബുലൻസിൽ പ്രസവിക്കേണ്ടിവന്നു. 65 കിലോമീറ്റർ അകലെയുള്ള പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ എത്താൻ കഴിയാതെ അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർ ഏറെ ബുദ്ധിമുട്ടി.
അഞ്ച് മാസം കൊണ്ട് ഒരു ആശുപത്രി
കോവിഡ് രോഗികൾ വർധിച്ചപ്പോൾ 60 കോടി രൂപ ചിലവിട്ടാണ് ടാറ്റ കാസർകോട്ട് ആശുപത്രി ഒരുക്കിയത്. തെക്കിൽ വിലേജിൽ സംസ്ഥാന സർകാർ അനുവദിച്ച അഞ്ച് ഏകർ ഭൂമിയിലാണ് ടാറ്റ ഗ്രൂപ് ആധുനിക ആശുപത്രി നിർമിച്ചത്. ജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സർകാർ ഒരുക്കി നൽകിയപ്പോൾ, ആശുപത്രി നിർമ്മാണം മുഴുവൻ ടാറ്റ ഗ്രൂപ്പ് സൗജന്യമായി ചെയ്തു.
സെപ്റ്റംബർ 10 ന്, ടാറ്റ ഗ്രൂപ് ആശുപത്രിയുടെ താക്കോൽ, കേരള സർകാരിന് കൈമാറി. അഞ്ച് മാസം കൊണ്ട് പൂർത്തിയാക്കിയ ഈ ആശുപത്രി, 540 കിടക്കകളുള്ള ഒരു അത്യാധുനിക സൗകര്യമാണ്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ആശുപത്രി, തീവ്രപരിചരണ വിഭാഗങ്ങൾ, വെൻ്റിലേറ്റർ സൗകര്യങ്ങൾ എന്നിവയോടുകൂടിയാണ് നിർമ്മിച്ചത്. 128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിൽ ഒരുക്കിയത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ടായിരുന്നു. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചത്.
ആധുനിക സൗകര്യങ്ങളോടെ
1.25 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന വാടർ ടാങ്ക്, ആധുനിക ശുചിത്വ സംവിധാനങ്ങൾ, എട്ട് ഓവർഫ്‌ലോ ടാങ്കുകൾ എന്നിവയെല്ലാം ഈ ആശുപത്രിയെ പ്രത്യേകതയുള്ളതാക്കി. 50 തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തിലൂടെ, പ്രതികൂല കാലാവസ്ഥയെയും കോവിഡ് വ്യാപനത്തെയും അതിജയിച്ച് ഈ മഹത്തായ ദൗത്യം പൂർത്തിയാക്കി.
ഈ ആശുപത്രിയിലെ ഓരോ മുറിയിലും നാല് ശക്തമായ ഇരുമ്പ് കട്ടിലുകൾ, രണ്ട് എയർ കണ്ടീഷണറുകൾ, ഓരോ കിടക്കയ്ക്കും പ്രത്യേക അലമാരകൾ, അറ്റാച്ഡ് ബാത്റൂമുകൾ എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. തീവ്രപരിചരണ വിഭാഗങ്ങൾ, വെൻറിലേറ്റർ സൗകര്യങ്ങൾ, ഐസൊലേഷൻ മുറികൾ എന്നിവയും ഉണ്ടായിരുന്നു.
5,000 കോവിഡ് രോഗികളെ ചികിത്സിച്ച ഈ ആശുപത്രി, കോവിഡ് നിയന്ത്രണത്തിലായതോടെ പ്രവർത്തനം നിർത്തിവച്ചു. ഇപ്പോൾ കണ്ടെയ്നറുകൾ പൂർണമായും പൊളിച്ചു നീക്കി. ജില്ലാ പഞ്ചായതിന് കീഴിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ജില്ലയുടെ ആരോഗ്യ മേഖലയിൽ ടാറ്റയുടെ സംഭാവന ഒരു നാഴികക്കല്ലായി നിലനിൽക്കും. രത്തൻ ടാറ്റയുടെ മനുഷ്യത്വവും കരുതലും സ്നേഹവും കാസർകോടിൻ ജനത നേരിട്ടറിഞ്ഞ നാളുകളായിരുന്നു കടന്നുപോയത്.
#RatanTata #Kasaragod #COVID19 #healthcare #humanitarian #philanthropy #India #Kerala #TataTrusts