Analysis | കുഞ്ചുവിന്റെ 'ഖബ്ബിനാലെ'
● ഖബ്ബിനാലെ അതീഖ് ബേവിഞ്ചയുടെ രചനയാണ്.
● നോവലിന്റെ പ്രധാന കഥാപാത്രം കുഞ്ചു എന്ന ഒരു കുട്ടിയാണ്.
● നോവലിൽ പ്രകൃതിയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു.
(KasargodVartha) അതീഖ് ബേവിഞ്ചയുടെ 'ഖബ്ബിനാലെ' എന്ന നോവലിന്റെ തുടക്കത്തില്‍ 'മുനിയാലിലൂടെ ഖബ്ബിനാലെയിലേക്ക്' എന്നൊരു അധ്യായമുണ്ട്. 'ഖബ്ബിനാലെ കഥകളുടെ നാടാണ്. 'ഖബ്ബിനാലെ കഥകള്‍' കുഞ്ചു കേള്‍ക്കാന്‍ തുടങ്ങിയതു വാസുവേട്ടനില്‍ നിന്നാണ്. തറവാട് മുറ്റത്തുവെച്ച് മുതിര്‍ന്നവരോടായി വാസുവേട്ടന്‍ പറഞ്ഞ ഖബ്ബിനാലെ കഥകള്‍ കുഞ്ചുവിന്റെ മനസ്സില്‍ പതിഞ്ഞു? ഈ മുന്‍കൂര്‍ ജാമ്യം കുഞ്ചു എന്ന എട്ടാം ക്ലാസുകാരന്‍ ആ സ്ഥലം കണ്ടപ്പോള്‍ നേരിട്ടനുഭവിച്ചതാണ് എന്ന് 'ഖബ്ബിനാലെ' എന്ന നോവലിന്റെ ഘടന വെളിപ്പെടുത്തുന്നു.
ഇതിത്രയും പറയാന്‍ കാരണം നമ്മുടെ നോവല്‍ സങ്കല്പങ്ങള്‍ വെച്ച് 'ഖബ്ബിനാലെ' വായിക്കരുത്, എന്നു ഓര്‍മ്മിപ്പിക്കാനാണ്. ഇതൊരു യാത്രാ വിവരണമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അങ്ങനെ കൂട്ടിക്കോളൂ. കുഞ്ചു എന്ന എട്ടാംക്ലാസ്‌കാരന്‍ കുട്ടിയുടെ യാത്രാവിവരണം. അല്ലെങ്കില്‍ ആരാണ് നോവലിന് ഇതിവൃത്തവും കഥയും കഥാപാത്രങ്ങളും നിര്‍ബന്ധമാണ് എന്നു പറയുന്നത്. നോവലിന്റെ നിര്‍വ്വചനവും മാറുകയാണ്. നമ്മുടെ ജീവിതത്തിന്റെ നിര്‍വ്വചനവും മാറുകയാണ്.
കാലത്തിന്റെ ഇങ്ങേ തലയ്ക്കലിരുന്നാണ് ഇന്നൊരു എഴുത്തുകാരന്‍ നോവലെഴുതുന്നത്. മാളത്തിനകത്തെ പാമ്പിന്റെ പുറത്തുകാണുന്ന വാൽ പോലെയാണ് ഇന്ന് നോവല്‍. ഖബ്ബിനാലെയിലെ ജീവിതം തുളുനാട്ടിലെ ഇന്നാണ്. എന്നു വെച്ചാല്‍ ഒരുഭാഗം മാത്രമാണ് ആ നോവല്‍. നമ്മുടെ പരമ്പരാഗത നോവലില്‍ പറയുന്ന പോലെ ആ എട്ടാംക്ലാസുകാരന്‍ തുളുനാട്ടിലെ കരിമ്പ് ആട്ടി പാലെടുത്ത് ശര്‍ക്കര നിര്‍മ്മിച്ച് ഉപജീവനം കഴിക്കുന്ന ഒരു ഗ്രാമത്തിലെ മനുഷ്യരുടെ പൂര്‍വ്വ കഥകള്‍ നിറഞ്ഞ ഒരു ഫ്ലാഷ് ബാക്ക് ചരിത്രം ഖബ്ബിനാലെയില്‍ എഴുത്തുകാരന്‍ എഴുതേണ്ടതുണ്ടോ?
ഒ.വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ തസ്രാക്ക് എന്ന പാലക്കാടന്‍ ഗ്രാമമാണ് ഖസാക്ക് ആയി മാറുന്നത്. ആ നിഷ്‌കളങ്കഗ്രാമത്തിലേക്ക് പരിഷ്‌ക്കാരിയും അഭ്യസ്തവിദ്യനും ആസ്ട്രോഫിസിക്സും ആസ്തിക്യബോധവും അസ്തിത്വ ചിന്തയുമായി വരുന്ന ഒരു സ്‌കൂള്‍ അധ്യാപകനാണ് മറ്റെവിടെയോ നിന്ന് ഖസാക്കിലെ അപരിഷ്‌കൃതരെ നന്നാക്കാനായി വരുന്നത്. നമ്മുടെ നോവലിന് അറിയാതെ പില്ക്കാലത്ത് ഒരു ദുരന്തം സംഭവിച്ചു. പിന്നീട് പല നോവലുകളിലും വടക്കോട്ടേക്ക് അപരിഷ്‌കൃതരെ നന്നാക്കാന്‍ ഒരു ഘടാഘടിയന്‍ നായകന്‍ വരുന്നു. ഈ പ്രദേശങ്ങളെ നന്നാക്കാന്‍ അങ്ങനെയൊരു നായകനെ ആവശ്യമുണ്ട് എന്നൊരു തെറ്റായ സന്ദേശം അറിയാതെ ഇവിടെ നിലനില്‍ക്കുന്നുണ്ട്.
അത്തരമൊരു കാലത്ത് ഇത്തരം നായകരെ ഇവിടെ വേണ്ട എന്നു പറയുന്ന കേവലം ഒരു എട്ടാംക്ലാസുകാരന്‍ കുട്ടി നായകനായി മതി എന്ന് അതീഖ് ചിന്തിച്ചിട്ടുണ്ടെങ്കില്‍ ലക്ഷണമൊത്ത കഥ എന്ന പരമ്പരാഗത സങ്കല്പം പൊളിച്ച് കരിനാഗത്തെയും കാട്ടുപോത്തിനെയും ആനയെയും മരംമുറിയെയും മരങ്ങളില്‍ നിന്ന് പശയെടുക്കുന്ന വരെയും തേനും യക്ഷികളും മന്ത്രിവാദികളും കൊണ്ട് ഒരു കുട്ടിയിലൂടെ ആദിമധ്യാന്തപ്പൊരുത്തമില്ലാത്ത ഒരു പ്രമേയത്തിലൂടെയും നോവല്‍ എഴുതാം എന്ന് തെളിയിച്ചിട്ടുണ്ടെങ്കില്‍ ആ ധീരതയാണ് ഞാന്‍ വാഴ്ത്തുന്നത്. നോവലിലെ സൂചകങ്ങള്‍ പരിശോധിച്ചാല്‍ കിട്ടുന്ന ഉത്തരം ഈ രചനാ മാതൃകയെ മനസ്സിലാക്കിത്തരുന്നു.
ചരിത്രത്തിലേക്ക് പോയാല്‍ കാസറഗോഡ് സൗത്ത് കാനറയുടെ ഭാഗമായിരുന്ന കാലത്ത് ഈ തുളുനാട്ടിലേക്കാണ് വടക്കന്‍ കേരളത്തിലെ വലിയൊരു പണിക്കാരുടെ സംഘവുമായി കോണ്‍ട്രാക്ടര്‍മാര്‍ ജോഗ് ഫാള്‍സ് മേഖലയിലേക്ക് അതിന്റെ നിര്‍മിതിക്കായി പോകുന്നത്. അന്നത് ബല്ലാളന്മാരുടെ ശക്തികേന്ദ്രം. ജാതിയത നിലനിന്നിരുന്നു. ബല്ലാളന്മാര്‍ കൈക്കലാക്കിയ കാടുകളും ഖനന മേഖലകളും ചരിത്രത്തില്‍ കാണാം. മരം മുറിക്കാന്‍ മലയാളികളും (മരം മുറിയര്‍ എന്ന് പേരിട്ട ഒരധ്യായം തന്നെ കാണാം) സഹ്യപര്‍വ്വതത്തിലെ 'ആകുമ്പ' മലനിരകളുടെ താഴ്വര ദേശത്തെ ഖബ്ബിനാലെയില്‍ എത്തിപ്പെടുന്ന കുഞ്ചു എന്ന കുട്ടി ഭൂമിയുടെ എക്കോ സിസ്റ്റത്തിന്റെ മര്‍മ്മത്തിലിരുന്നാണ് കഥ പറയുന്നത്.
പരിഷ്‌ക്കാരിയുടെ ഒരു വാക്കും ഉരിയാടാതെയാണ് കുഞ്ചു നമ്മോട് സംസാരിക്കുന്നത്. അവന്‍ കേള്‍ക്കുന്നതോ പ്രാചീന ഗോത്രത്തിന്റെ തുളുഭാഷ മാത്രം. ആ ഭാഷയില്‍ കഥ പറയാനറിയാത്തതുകൊണ്ട് മലയാളിയായ അതീഖ് മലയാളത്തില്‍ കഥ പറയുന്നു. പേച്ചുകള്‍ മാത്രം തുളുഭാഷയിലാകുന്നു. പശയെടുക്കുന്നവര്‍ എന്ന അധ്യായത്തിലെ ഒരു ഭാഗം ആകുമ്പ മലയുടെ എക്കോ സിസ്റ്റം അറിയിക്കാനായി കുഞ്ചുവിന്റെ ചിന്തയില്‍ പശയെടുക്കുന്നതിന്റെ ആ അനുഷ്ഠാനം രേഖപ്പെടുത്തിയിട്ടുണ്ട്.
മലമുകളില്‍ പൂവം, ഇലന്ത, ഫ്ളാഷ് തുടങ്ങിയ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നുണ്ട്. ഇവയിലാണ് രാഗിനി, കുസുമി തുടങ്ങിയ ചെറുപ്രാണികള്‍ കൂട്ടത്തോടെ വന്നിരിക്കുന്നത്. വായിലെ നുണ സൂചി കൊണ്ട് വൃക്ഷങ്ങളുടെ നീരുവലിച്ചെടുത്ത് കുടിച്ചാണ് വളരുന്നത്. വാസമുറപ്പിക്കുന്നതോടെ ഇവ ഒരു തരം കറ സ്രവിക്കുന്നു. സ്രവം കൂടുന്നതോടെ അത് പ്രാണിയുടെ സംരക്ഷണ ആവരണമായി തീരുന്നു. ഈ സ്രവമാണ് അരക്ക്.
ലക്ഷക്കണക്കിന് പ്രാണികളാണ് ഒരേ സമയം ഒരു വൃക്ഷത്തില്‍ പറ്റിക്കൂടുന്നത്. ആ മരങ്ങള്‍ തൊട്ടു നോക്കാനാണ് അബ്ദുല്ലയോടൊപ്പം മലകയറിയത്. അരക്കു പ്രാണികള്‍ സ്രവിക്കുന്നവ പ്രാണികളെ പൊതിഞ്ഞു മരക്കൊമ്പുകളിലും പറ്റിപ്പിടിച്ചിരിക്കും അതിലേക്ക് സൂര്യ പ്രകാശമേല്‍ക്കുമ്പോള്‍ മഴവില്ല് പോലെ സമ്പൂര്‍ണ്ണ രശ്മികള്‍ തെളിയുന്നു. ഒരുനക്ഷത്രം പോലെ അതിനെ തിളക്കമുള്ളതാക്കുന്നു. പെണ്‍പ്രാണിയാണ് അരക്ക് സ്രവിക്കുന്നതെന്ന് അബ്ദുല്ല പറഞ്ഞു. ആ പ്രാണിയുടെ പത്തിരിട്ടയിലധികം കനത്തില്‍ അരക്കുകൊണ്ട് അതിന്റെ ദേഹം മൂടപ്പെടുന്നു.
പാവം ഈ പ്രാണികള്‍ അവിടെ മരണം വരിക്കുന്നു എന്ന അറിവ് കുഞ്ചുവിനെ വിഷമിപ്പിച്ചു. ചിലയിനം വൃക്ഷങ്ങളോട് പ്രാണികള്‍ക്ക് പ്രത്യേക മമതയുണ്ട് കുസുമി പ്രാണികള്‍ പൂവം, പൂവനം എന്നീ വൃക്ഷങ്ങളില്‍ മാത്രം ചേക്കേറുന്നു. എന്നാല്‍ രംഗിനി പ്രാണികള്‍ ഇലന്ത, ഫ്ളാഷ് എന്നീ വൃക്ഷങ്ങളിലാണെത്തുന്നത്. ആറുമാസത്തിലധികം ഇവയ്ക്ക് ആയുസ്സില്ല. ആര്‍ക്കുവേണ്ടിയാണ് ഇവരുടെ ജീവിതമെന്ന് കുഞ്ചു വിഷമിച്ചു. ആതിഥേയരായ തൊണ്ണൂറില്‍പരം വിഭാഗത്തില്‍പ്പെട്ട വൃക്ഷങ്ങളുണ്ടെന്ന് മാലിലണ്ണന്‍ പറഞ്ഞു.
ഫ്ളാഷ് വൃക്ഷം ലക്ഷത്തിലധികം പ്രാണികളെ ഒരേ സമയം പോറ്റുന്നതിനാലാണ് 'ലക്ഷതരു' എന്ന പേര് അരക്കിനു വന്നത്. 'ലാക്ഷ' എന്ന പേരില്‍ നിന്നാണ് പശയ്ക്ക് 'ഷെല്ലാക്ക്' എന്ന പേര് ലഭിച്ചതെന്നും. 'ലക്ഷ' എന്ന സംസ്‌കൃത വാക്കാണ് പില്‍ക്കാലത്ത് ഇംഗ്ലീഷിലെ Lakhs എന്ന വാക്കായതെന്നും മാവിലണ്ണന്‍ പുതുതായെത്തിയ ജൂനിയര്‍ എഞ്ചിനീയറോട് പറഞ്ഞു: 'അയാള്‍ പറയുന്ന പല കാര്യങ്ങളും തിരിയാത്തതിനാല്‍ അബ്ദുല്ല മുഖ വിലയ്ക്കെടുത്തില്ല.'
ആകുമ്പ മലക്ക് കീഴിലെ മനുഷ്യരുടെ കഥ മാത്രം പറയുകയല്ല. ഈ നാനാതരം ജീവജാലങ്ങളുടെ ജീവചരിത്രമാണ് അതീഖ് എട്ടാംക്ലാസ്സിലെ ഒരു കുട്ടിയുടെ സാമൂഹ്യ പാഠപുസ്തകത്തിലെ അധ്യായംപോലെ നോവലില്‍ ആലേഖനം ചെയ്യുന്നത്. കഥ എന്ന പരമ്പരാഗത മാധ്യമത്തില്‍ കോര്‍ത്തിടാത്തതുകൊണ്ട് തെക്കന്‍ കര്‍ണാടകത്തിലെ കാടിന്നകത്തും പുറത്തുമായി എഴുതപ്പെട്ട മറ്റു കഥകളില്‍ നിന്ന് വ്യത്യസ്തമാണ് ഖബ്ബിനാലെ രേഖപ്പെടുത്തുന്ന മനുഷ്യേതര ജീവികളുടെ ഈ ഇതിഹാസം വ്യതിരിക്തമാകുന്നു.
ലക്ഷം പ്രാണികള്‍ ഒരേസമയം പോറ്റുന്ന ലക്ഷ തരു പോലുള്ള മനുഷ്യരല്ലാത്ത കഥാപാത്രങ്ങളാണ് ഈ നോവലിലെ നായകര്‍. അതു കുഞ്ചുവിന്റെ കാഴ്ച്ചപ്പാടില്‍ പറഞ്ഞതാണ് വികാരത്തിന്റെ ഭാഷയിലല്ലാതെയുള്ള ഈ നോവല്‍.
#Khabbinale, #AtiqBawinch, #NovelAnalysis, #LiteraryCriticism, #MalayalamLiterature, #NarrativeStyle
വികാരത്തിന്റെ കുത്തൊഴുക്കില്‍ എഴുതപ്പെടുന്ന നോവലുകള്‍ ശീലിച്ചവര്‍ക്ക് ഇതൊരു മറു മരുന്നാണ്. ചിലയിടങ്ങളില്‍ എഴുത്തുകാരന്‍ പ്രത്യക്ഷപ്പെടേണ്ടി വന്നിട്ടുണ്ട് എന്ന നോവലിസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യത്തിലെ ആത്മാര്‍ത്ഥത മനസ്സിലാക്കുന്നു. മനുഷ്യരായ കഥാപാത്രങ്ങളെപ്പറ്റി പറയാന്‍ ഈ നോവല്‍ എന്നെ അനുവദിക്കുന്നില്ലെങ്കിലും ഈ വനമേഖലയില്‍ പെട്ടുപോയ മുള്‍ട്ടിപ്പാടി സുധാകരനെ ഓര്‍ത്തുകൊണ്ട് എപ്പോഴും ചിരിക്കുന്നു. മലയാളികളായ എല്ലാവരേയും മരം മുറിയരായി കാണുന്ന ഖബ്ബിനാലെയിലെ ഓരോ മനുഷ്യരേയും നോവല്‍ വായിച്ചശേഷവും ഓര്‍ക്കുന്നു.