Plus One | 'തുടർപഠനത്തിന് അവസരമില്ല'; കാസർകോട്ട് പ്ലസ് വൺ പ്രവേശനത്തിന് പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് എ അബ്ദുൽ റഹ്‌മാൻ
* നിലവിലുള്ള പ്ലസ് വൺ ക്ലാസുകളിലെല്ലാം 65 വിദ്യാർത്ഥികൾ വരെയുണ്ട്
കാസർകോട്: (KasargodVartha) എസ്എസ്എൽസിക്ക് ശേഷം ഉപരിപഠനത്തിനായി അർഹത നേടിയ ജില്ലയിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരമുണ്ടാക്കാൻ പ്ലസ് വണിന് പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
ജില്ലയിൽ ഈ വർഷം ഉപരിപഠനത്തിനായി അർഹത നേടിയത് 20473 വിദ്യാർത്ഥികളാണ്. ഇതിൽ 2910 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടുമുണ്ട്.
ഉപരിപഠനത്തിനായി ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഐ.ടി.ഐ, എയ്ഡഡ്, അൺ എയ്ഡഡ് ഉൾപ്പടെ ജില്ലയിലുള്ള ആകെ അവസരം പതിനേഴായിരത്തോളം മാത്രമാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ തുടർ പഠനത്തിന് അവസരമില്ലാതെ പെരുവഴിയിലാണ്. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ പോലും ഇഷ്ടമുള്ള വിഷയങ്ങളും, സ്കൂളും ലഭിക്കാൻ നെട്ടോട്ടമോടുന്നു.
നിലവിലുള്ള പ്ലസ് വൺ ക്ലാസുകളിലെല്ലാം 65 വിദ്യാർത്ഥികൾ വരെയുണ്ട്. ശരിയായ രീതിയിൽ ക്ലാസുകളിൽ ഇരിക്കാനും ശ്രദ്ധിക്കാനും കഴിയാതെ വിദ്യാർത്ഥികളും നേരാംവണ്ണം പഠിപ്പിക്കാൻ കഴിയാതെ അദ്ധ്യാപകരും വിഷമിക്കുകയാണ്. വിദ്യാർത്ഥികൾ എവിടെയെങ്കിലും എങ്ങിനെയെങ്കിലും പഠിച്ചോട്ടെ എന്ന സർക്കാർ സമീപനം വിദ്യഭ്യാസ അവകാശങ്ങൾ നിഷേധിക്കലാണ്.
ജില്ലയിൽ തുടർ പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ജില്ലയിൽ തന്നെ അവസരമൊരുക്കാൻ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നും വിദ്യാർത്ഥികളെ തുടർന്നും പെരുവഴിയിലാക്കിയാൽ പഠിക്കാനുള്ള അവസരത്തിനായി മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോവുമെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.