മോദിയുടെ യോഗത്തില്‍ തട്ടത്തിന് വിലക്കേര്‍പെടുത്തിയ നടപടി മൗലികാവകാശത്തിന് നേരെയുള്ള വെല്ലുവിളി: എ. അബ്ദുര്‍ റഹ്മാന്‍
Mar 9, 2017, 09:38 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2017) ലോക വനിതാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി ഗുജറാത്ത് അഹമ്മദാബാദ് ഗാന്ധിനഗര്‍ മഹാത്മാ മന്ദറില്‍ നടത്തിയ സ്വഛ് ശക്തി ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്ന് പഞ്ചായത്ത് വനിതാ പ്രസിഡണ്ടുമാരെ തട്ടമിട്ടതിന്റെ പേരില്‍ തടഞ്ഞു വെച്ച സംഭവം രാജ്യത്തിന് അപമാനവും മൗലികാവകാശത്തിനു നേരെയുള്ള കയ്യേറ്റവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ പ്രസ്താവിച്ചു.
പ്രധാനമന്ത്രി മോദി പങ്കെടുത്ത കേന്ദ്ര സര്‍ക്കാര്‍ പരിപാടി സംഘ് പരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായിരുന്നു. യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തട്ടമഴിച്ച് വെക്കണമെന്നും അല്ലാത്തപക്ഷം സന്ദര്‍ശക ഗാലറിയില്‍ ഇരുന്നാല്‍ മതിയെന്നും ഭീഷണി സ്വരത്തില്‍ സുരക്ഷാ വിഭാഗം ആവശ്യപ്പെടുകയായിരുന്നു. തട്ടമഴിക്കില്ലെന്നും ക്ഷണിച്ച് വരുത്തി അപമാനിക്കരുതെന്നും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞപ്പോള്‍ സംസ്ഥാനത്ത് നിന്നുമെത്തിയ മറ്റു പ്രസിഡണ്ടുമാരും പ്രതിഷേധവുമായി കുടെചേരുകയായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെ തട്ടമിട്ട് പ്രവേശിക്കാന്‍ അനുവാദം നല്കുകയായിരുന്നു.
രാജ്യത്തിലെ ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണമെന്നും, എന്ത് പഠിക്കണമെന്നും, വായിക്കണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും, എങ്ങിനെ ജീവിക്കണമെന്നും മരിക്കണമെന്നുമൊക്കെ തീരുമാനിക്കുന്ന സംഘ് പരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ തട്ടമിടുന്ന കാര്യത്തില്‍ പോലും തടസ്സം നില്‍ക്കുകയാണ്. രാജ്യം ഫാസിസത്തിന്റെ കീഴില്‍ അമര്‍ന്നിരിക്കുന്നതിന്റെ അവസാന ഉദാഹരണമാണ് ഗുജറാത്തില്‍ കാണാന്‍ സാധിച്ചത്. സംഘ് പരിവാര്‍ സുരക്ഷാഭടന്മാരുടെ ധിക്കാര നടപടികളെ ധീരമായി പ്രതിരോധിച്ച പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മാതൃകയാണ്.
രാജ്യത്തെ ജനങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്ക് എതിരെ മുഴുവന്‍ ജനാധിപത്യ മതേതര കക്ഷികളും രംഗത്തിറങ്ങണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: A Abdul Rahman against Maftha ban in Modi program, A Abdul Rahman, Muslim League, KAsaragod
Keywords: A Abdul Rahman against Maftha ban in Modi program, A Abdul Rahman, Muslim League, KAsaragod