തൊഴിലുറപ്പ് പദ്ധതി: 70 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും വാര്‍ഷിക കര്‍മ്മ പദ്ധതിക്ക് അംഗീകാരം
Apr 11, 2012, 13:54 IST

കാസര്‍കോട്: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് പുതിയ സാമ്പത്തിക വര്‍ഷം 70 ലക്ഷത്തില്‍പരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന വാര്‍ഷിക കര്‍മ്മ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്‍കി. കാറഡുക്ക ഒഴികെയുള്ള അഞ്ച് ബ്ളോക്ക് പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. 30 ഗ്രാമപഞ്ചായത്തുകളിലായി 70,98,084 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയിലെ നിര്‍ദ്ദേശം.
116 കോടി രൂപ തൊഴിലാളികള്‍ക്ക് വേതന ഇനത്തില്‍ വിതരണം ചെയ്യും. വേതനയിതര വിഭാഗത്തില്‍ ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 133 കോടി രൂപ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി ജില്ലയില്‍ ചെലവഴിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഗ്രാമബ്ളോക്ക് പഞ്ചായത്തുകള്‍ സമര്‍പ്പിച്ചത്. മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്തില്‍ 8.97 ലക്ഷവും, കാഞ്ഞങ്ങാട് 9.16, നീലേശ്വരം 1.12, കാസര്‍കോട് 2.51, പരപ്പ 1.64 ലക്ഷവും തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. പുതിയ സാമ്പത്തിക വര്‍ഷം ജില്ലക്ക് അനുവദിച്ചിട്ടുള്ള 68 കോടി രൂപയുടെ ലേബര്‍ ബജറ്റിന് അനുസൃതമായിട്ടാവും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക. കേരത്തിലെ വേതന നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ 150 രൂപയില്‍ നിന്ന് 164 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ 2011-12 വാര്‍ഷിക പദ്ധതിയുടെ അവലോകനവും ഭരണ സമിതി പൂര്‍ത്തിയാക്കി. ഉല്‍പാദന മേഖലയില്‍ മൂന്ന് കോടി രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു. സേവന മേഖലയില്‍ 6.93 കോടിയും പശ്ചാത്തല മേഖലയില്‍ 11.93 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. വിവിധ വികസന മേഖലകളിലായി 25.77 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ആകെ ചെലവഴിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യമാളാ ദേവി യോഗത്തില്‍ അധ്യക്ഷയായി.
Keywords: Jobs,Panchayath,Kasaragod