പഞ്ചായത്തുകളുടെ 68 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി
Apr 17, 2012, 14:15 IST

കാസര്‍കോട്: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, ബ്ളോക്ക് പഞ്ചായത്തുകള്‍ എന്നിവയുടെ 68 പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം സാധൂകരണം നല്‍കി. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഡി.പി.സി അംഗീകാരമില്ലാതെ തന്നെ ചില പദ്ധതികള്‍ക്ക് പഞ്ചായത്ത് ചെലവഴിച്ച ഫണ്ടുകള്‍ക്കാണ് യോഗം സാധൂകരണം നല്‍കിയത്. കയ്യൂര്‍ ചീമേനി, ബദിയഡുക്ക, കുറ്റിക്കോല്‍, മൊഗ്രാല്‍ പുത്തൂര്‍, ഉദുമ, ചെറുവത്തൂര്‍, വോര്‍ക്കാടി, ഈസ്റ് എളേരി, പടന്ന, ചെമ്മനാട്, കാറഡുക്ക, കുമ്പള, വെസ്റ് എളേരി, മധൂര്‍, മഞ്ചേശ്വരം, ബളാല്‍, എന്‍മകജെ, ചെങ്കള, കള്ളാര്‍, പള്ളിക്കര, തൃക്കരിപ്പൂര്‍, പിലിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും കാസര്‍കോട്, കാഞ്ഞങ്ങാട്, പരപ്പ ബ്ളോക്ക് പഞ്ചായത്തുകളുടെയും നീലേശ്വരം, കാസര്‍കോട് നഗരസഭകളുടെയും പ്രോജക്ടുകള്‍ക്കാണ് സാധൂകരണം നല്‍കിയത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 80 ശതമാനം പദ്ധതി തുക ചെലവഴിച്ചതായി യോഗം വിലയിരുത്തി. 38 ഗ്രാമപഞ്ചായത്തുകള്‍ 76 ശതമാനവും ആറ് ബ്ളോക്ക് പഞ്ചായത്തുകള്‍ 85 ശതമാനവും ജില്ലാ പഞ്ചായത്ത് 88 ശതമാനവും പദ്ധതി തുക ചെലവഴിച്ചതായി യോഗം വിലയിരുത്തി.
ജില്ലയില്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 68 ശതമാനവും നോണ്‍ റോഡ് മെയിന്റനന്‍സില്‍ 66 ശതമാനവും ലോകബാങ്ക് വിഹിതം 56 ശതമാനവും ചെലവഴിച്ചു. പള്ളിക്കര 90 ശതമാനം, മടിക്കൈ 93 ശതമാനം, കള്ളാര്‍ 94 ശതമാനം, തൃക്കരിപ്പൂര്‍ 96 ശതമാനം, ഉദുമ 99 ശതമാനം എന്നിങ്ങനെയാണ് തുട വിനിയോഗിച്ചത്. കിനാനൂര്‍ കരിന്തളം, വലിയപറമ്പ, വെസ്റ് എളേരി, ചെറുവത്തൂര്‍, പടന്ന, ബേഡഡുക്ക, കയ്യൂര്‍ ചീമേനി, പിലിക്കോട് എന്നീ പഞ്ചായത്തുകള്‍ 87 ശതമാനം വീതവും കുമ്പഡാജെ 88 ശതമാനവും മറ്റ് ഒമ്പത് പഞ്ചായത്തുകള്‍ 80 ശതമാനത്തിലധികവും തുക വിനിയോഗിച്ചു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് 51 ശതമാനവും ബെള്ളൂര്‍ 53 ശതമാനവും മാത്രമേ ചെലവഴിച്ചുള്ളൂ. 36 ഗ്രാമപഞ്ചായത്തുകളും 60 ശതമാനത്തിലധികം ചെലവഴിച്ചു. 60 ശതമാനത്തില്‍ താഴെ പദ്ധതി വിഹിതം ചെലവഴിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2012-13 ലെ പദ്ധതി വിഹിതത്തില്‍ കുറവ് വരുത്തുമെന്ന് ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. ബ്ളോക്ക് പഞ്ചായത്തുകളില്‍ 96 ശതമാനം ചെലവഴിച്ച നീലേശ്വരം മുന്നിലാണ്. കാറഡുക്ക 95 ശതമാനവും പരപ്പ 91 ശതമാനവും കാഞ്ഞങ്ങാട് 86 ശതമാനവും കാസര്‍കോട് 80 ശതമാനവും മഞ്ചേശ്വരം 67 ശതമാനവും പദ്ധതി വിഹിതം ചെലവഴിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റി 94 ശതമാനം വിഹിതം ചെലവഴിച്ചു. കാഞ്ഞങ്ങാട് 80 ശതമാനവും നീലേശ്വരം 56 ശതമാനവുമാണ് ചെലവഴിച്ചത്.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ജനറല്‍ വികസന ഫണ്ടിന്റെ 83 ശതമാനം പട്ടികജാതി വികസന ഫണ്ടിന്റെ 91 ശതമാനം പട്ടികവര്‍ഗ്ഗ വികസന ഫണ്ടിന്റെ 93 ശതമാനം മൊത്തം 88 ശതമാനം വിഹിതവും ചെലവഴിച്ചതായി യോഗം വിലയിരുത്തി. 38 ഗ്രാമപഞ്ചായത്തുകള്‍ പട്ടികജാതി വികസന ഫണ്ടിന്റെ 62 ശതമാനവും ബ്ളോക്ക് പഞ്ചായത്തുകള്‍ 78 ശതമാനവും ജില്ലാ പഞ്ചായത്ത് 91 ശതമാനവും നഗരസഭകള്‍ 70 ശതമാനവും തുക ചെലവഴിച്ചു.
പട്ടികവര്‍ഗ്ഗ വികസന ഫണ്ടിന്റെ 73 ശതമാനവും ഗ്രാമപഞ്ചായത്തുകള്‍ ചെലവഴിച്ചു. ബ്ളോക്ക് പഞ്ചായത്തുകള്‍ 98 ശതമാനവും ജില്ലാ പഞ്ചായത്ത് 93 ശതമാനവും നഗരസഭകള്‍ 76 ശതമാനവും തുകയും വിനിയോഗിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി കഴിഞ്ഞ വര്‍ഷത്തെ പദ്ധതി പുരോഗതിയുടെ വിശദാംശങ്ങള്‍ ഏപ്രില്‍ 19 ന് സര്‍ക്കാരിനെ അറിയിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ കെ.ജയ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ.എസ്.കുര്യാക്കോസ്, പാദൂര്‍ കുഞ്ഞാമു, എം.തിമ്മയ്യ, കെ.സുജാത, എ.ജാസ്മിന്‍, ഓമന രാമചന്ദ്രന്‍, ഡെപ്യൂട്ടി പ്ളാനിംഗ് ഓഫീസര്‍ കെ.ജി.ശങ്കര നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: 68 projects, Recognized, Kasargod panchayath