Conviction | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ 61 കാരന് ഇരട്ട ജീവപര്യന്തം
● കേസ് രജിസ്റ്റർ ചെയ്തത് ചീമേനി പൊലീസ് സ്റ്റേഷനിൽ.
● വിധി പറഞ്ഞത് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി.
● പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
കാഞ്ഞങ്ങാട്: (KasargodVartha) 12 കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ വി കുഞ്ഞികൃഷ്ണനെ (61) യാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്‌ജ് പി എം സുരേഷ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2020ൽ കോവിഡ് കാലത്ത് പെൺകുട്ടി ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തും, ഏഴാംക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ 2021 നവംബർ മാസം കോവിഡ് കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരു ദിവസവും, അതിനിടയിലുള്ള പല ദിവസങ്ങളിലും പ്രതി തൻ്റെ വീട്ടിൽ വച്ച് പെൺകുട്ടിയെ വീടിൻ്റെ മുകളിലെ കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
പോക്സോ നിയമം 6(1) റെഡ് വിത് 5(ഐ) പ്രകാരം ജീവപര്യന്തം തടവും 1,50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവും, പോക്സോ നിയമം 6(1) റെഡ് വിത് 5 (എം) പ്രകാരം ജീവപര്യന്തം തടവും 1,50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവും, പോക്സോ നിയമം 10 റെഡ് വിത് 9 (ഐ) പ്രകാരം ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവും, 10 റെഡ് വിത് 9(എം) പ്രകാരം ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവുമാണ് ശിക്ഷ വിധിച്ചത്.
ചീമേനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. അന്നത്തെ സബ് ഇൻസ്പെക്ടർ കെ അജിതയായിരുന്നു കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂടർ എ ഗംഗാധരൻ ഹാജരായി.
#childabuse #POCSO #justiceforchildren #India #Kerala #Kasargod