Penalty | മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രതൈ! കാഞ്ഞങ്ങാട്ട് നിയമലംഘനങ്ങൾക്ക് പിഴയിട്ടത് 53,000 രൂപ
![Kanhangad waste disposal enforcement check](https://www.kasargodvartha.com/static/c1e/client/114096/uploaded/af6dea278b5ca4d5905be9d5ca49330c.jpg?width=823&height=463&resizemode=4)
● പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അധികൃതർ അറിയിച്ചു.
● 'പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി നിരവധി നിയമലംഘനങ്ങൾ കണ്ടെത്താനായി.
● പിഴ ചുമത്തിയ സ്ഥാപന ഉടമകൾക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിശദമായ ബോധവൽക്കരണം നൽകി.
കാഞ്ഞങ്ങാട്: (KasargodVartha) മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ടൗണിൽ ജില്ലാ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ വ്യാപക പരിശോധനയിൽ മാലിന്യം വലിച്ചെറിഞ്ഞതിന് അടക്കം വിവിധ നിയമലംഘനങ്ങൾക്ക് സ്ഥാപന ഉടമകൾക്ക് 53,000 രൂപ പിഴ ചുമത്തി. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപന ഉടമകൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.
'പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി നിരവധി നിയമലംഘനങ്ങൾ കണ്ടെത്താനായി. ബേക്കൽ ഇന്റർനാഷണൽ കെട്ടിട സമുച്ചയത്തിൽ നിന്നുള്ള ഉപയോഗജലവും മാലിന്യവും തുറന്ന സ്ഥലത്ത് കണ്ടെത്തിയതിനെ തുടർന്ന് 20,000 രൂപയാണ് പിഴ ചുമത്തിയത്. അതുപോലെ, എലൈറ്റ് റസ്റ്റോറന്റ്, ഉഡുപ്പി റസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളുടെ മലിനജലം തുറന്ന കുഴിയിലേക്ക് ഒഴുക്കി വിട്ടതിന് 10,000 രൂപ വീതം പിഴ ചുമത്തി.
എലൈറ്റ് റസ്റ്റോറന്റിന് സമീപമുള്ള ഒരു കെട്ടിട സമുച്ചയത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുകയും ഉപയോഗജലം പൈപ്പ് ലൈൻ ലീക്കിലൂടെ പുറത്തേക്ക് ഒഴുകുകയും ചെയ്തതിനെ തുടർന്ന് 10,000 രൂപ പിഴ ചുമത്തി. കാഞ്ഞങ്ങാട് നഴ്സിംഗ് ഹോം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയും അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്തതിനെ തുടർന്ന് 5,000 രൂപ പിഴ ചുമത്തി', അധികൃതർ അറിയിച്ചു.
പിഴ ചുമത്തിയ സ്ഥാപന ഉടമകൾക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിശദമായ ബോധവൽക്കരണം നൽകി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഇനിയും ശക്തമായ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്പെക്ടർ നിഖിത പി വി, സ്ക്വാഡ് അംഗം ഫാസിൽ എന്നിവർ പരിശോധനാ സംഘത്തിൽ പങ്കെടുത്തു.
#WasteDisposal, #Kanhangad, #PlasticWaste, #EnvironmentalLaws, #Penalty, #PublicHealth