Food Poisoning | കാസർകോട്ട് സ്കൂളിൽ നിന്നും നൽകിയ പാലും മുട്ടയും കഴിച്ചവർക്ക് വിഷബാധ; 50 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ
● എൻഎ നെല്ലിക്കുന്ന് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും വിവിധ പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്
● ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കാസർകോട്: (KasargodVartha) സ്കൂളിൽ നിന്നും നൽകിയ പാലും മുട്ടയും കഴിച്ച വിദ്യാർത്ഥികൾക്ക് വിഷബാധയുണ്ടായതിനെ തുടർന്ന് 50 ഓളം വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആലംപാടി ഹയർ സെക്കൻഡറി സ്കൂളിലെ എൽപി, യുപി ക്ലാസുകളിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വിതരണം ചെയ്ത പാലും മുട്ടയും കഴിച്ച വിദ്യാർത്ഥികൾക്കാണ് ചർദ്ദിയും തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടത്.
കാസർകോട് ജനറൽ ആശുപത്രി, ചെങ്കള നായനാർ സഹകരണ ആശുപത്രി, വിദ്യാനഗറിലെ ചൈത്ര ആശുപത്രി എന്നിവിടങ്ങളിലായാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. രാവിലെ പാൽസൊസൈറ്റിയിൽ നിന്നും സ്കൂളിലെത്തിക്കുന്ന പാൽ ഉച്ചക്ക് ശേഷമാണ് തിളപ്പിച്ച് നൽകുന്നത്. കൃത്യമായി പാൽ തിളപ്പിക്കാതെ നൽകിയതാണ് വിഷബാധയ്ക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്. പാചകപ്പുരയിലെ ശുചിത്വമില്ലായ്മയെ കുറിച്ചും രക്ഷിതാക്കളിൽ നിന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വിവരമറിഞ്ഞ് എൻഎ നെല്ലിക്കുന്ന് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും വിവിധ പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
#KasaragodNews #FoodPoisoning #StudentsHealth #KeralaUpdates #EducationNews #PublicHealth