റബർ തോട്ടത്തിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി; പോസ്റ്റുമോർട്ടം നടത്തും
● ഏകദേശം അഞ്ച് വയസ്സ് പ്രായം വരുന്ന ആൺ പുലിയുടെ ജഡമാണ് കണ്ടെത്തിയത്
● കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി
● പുലിയുടെ ശരീരത്തിൽ പരിക്കുകളോ മറ്റ് അസ്വാഭാവിക പാടുകളോ കണ്ടെത്തിയിട്ടില്ല
● വയനാട്ടിൽനിന്ന് വെറ്ററിനറി ഡോക്ടറെത്തി പോസ്റ്റുമോർട്ടം നടത്തും
രാജപുരം: (KasargodVartha) പാണത്തൂർ കല്ലപ്പള്ളി കമ്മാടിയിൽ റബർ തോട്ടത്തിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി. കമ്മാടിയിലെ പി കെ ഗോപാലൻ്റെ തോട്ടത്തിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 1) ഉച്ചയോടെയാണ് അഞ്ച് വയസ്സ് പ്രായം വരുന്ന ആൺ പുലിയുടെ ജഡം കണ്ടെത്തിയത്. റബർ വെട്ടാൻ എത്തിയ തൊഴിലാളിയാണ് പുലിയെ ചത്തനിലയിൽ ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിൻ്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പരിക്കുകളില്ലെന്ന് പ്രാഥമിക നിഗമനം
പുലിയുടെ ശരീരത്തിൽ പരിക്കുകളോ മറ്റ് അസ്വാഭാവിക പാടുകളോ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്ന് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ കാസർകോട് വാർത്തയോട് പറഞ്ഞു. വയനാട്ടിൽനിന്ന് വെറ്ററിനറി ഡോക്ടർ എത്തി പോസ്റ്റുമോർട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകൂ. പനത്തടി സെക്ഷൻ ഓഫീസിൽ പുലിയുടെ ജഡം എത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയ ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കുകയുള്ളുവെന്നും ഫോറസ്‌റ്റ് ഓഫീസർ പറഞ്ഞു. ഇതിന് ശേഷം സംസ്കരിക്കും.
മുൻപ് കണ്ട പുലിയാണോയെന്ന് സംശയം
മുൻപ് ഈ പ്രദേശത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട പുലി തന്നെയാണോ ചത്തതെന്ന് സംശയമുണ്ട്. ഇക്കാര്യം വനംവകുപ്പ് പരിശോധനയിൽ വ്യക്തമാകും.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 📢
Article Summary: A 5-year-old male leopard was found dead in a rubber plantation in Rajapuram.
#KasargodVartha #RajapuramNews #LeopardFoundDead #KasaragodNews #KeralaForestDepartment #MalayalamLocalNews #RenuNews







