city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

400 കോടിയുടെ ഫ്‌ളൈഓവര്‍ കാഞ്ഞങ്ങാട് നഗരത്തെ വിഴുങ്ങുമെന്ന് വിദഗ്ദ്ധര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.05.2018) സംസ്ഥാന ബഡ്ജറ്റിലും കാഞ്ഞങ്ങാട് നഗരസഭയും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയ വന്‍ വികസന പദ്ധതികള്‍ കാഞ്ഞങ്ങാട് നഗരത്തെ തന്നെ ഇല്ലാതാക്കുമെന്ന് പൗരപ്രമുഖരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരില്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് മുന്നില്‍ നിന്ന് ആരംഭിച്ച് ഇഖ്ബാല്‍ ജംഗ്ഷനില്‍ അവസാനിക്കുന്ന ഫ്‌ളൈഓവര്‍ കാഞ്ഞങ്ങാട് നഗരത്തെ വിഴുങ്ങുക തന്നെ ചെയ്യും. ഈ ആകാശപ്പാത നിലവില്‍ വന്നാല്‍ നഗരം അനാഥമാകുകയും വ്യാപാര സ്ഥാപനങ്ങള്‍ തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്യും. കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്ത സവിശേഷതയുള്ള നഗരമാണ് കാഞ്ഞങ്ങാട്. കിലോമീറ്ററുകളോളം നീളുന്ന ടൗണ്‍ സമുച്ചയം കാഞ്ഞങ്ങാട്ടിന്റെ മാത്രം പ്രത്യേകതയുമാണ്.

അലാമിപ്പള്ളി മുതല്‍ ഇഖ്ബാല്‍ ജംഗ്ഷന്‍ വരെ ആകാശ പാത വന്നാല്‍ സംസ്ഥാനപാതയിലെ യാത്രക്കാര്‍ മുഴുക്കെ നഗരം തൊടാതെ പറക്കും. ഇത് കാഞ്ഞങ്ങാട്ടെ വ്യാപാര മേഖലയെ സ്തംഭിപ്പിക്കുക തന്നെ ചെയ്യും. 400 കോടി രൂപയാണ് ഈ ബൃഹത് പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 40 കോടി രൂപ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. വിശദമായ സാങ്കേതിക പഠനങ്ങളോ, സാമൂഹിക-സാമ്പത്തിക ആഘാത പഠനങ്ങളോ, പരിസ്ഥിതി പഠനങ്ങളോ നടത്താതെയാണ് ഈയൊരു നിര്‍ദ്ദേശം വെച്ചിട്ടുള്ളത്. ടൗണ്‍ പ്ലാനിംഗ് വകുപ്പ് തയ്യാറാക്കിയ നഗരത്തിന്റെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനില്‍ ഫ്‌ളൈഓവറിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ലെന്നിരിക്കെ ഇത്തരത്തിലുള്ള ഒരു പദ്ധതി ചട്ടവിരുദ്ധമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇത്രയും കോടി രൂപ ചിലവഴിച്ച് യാഥാര്‍ത്ഥ്യമാക്കുന്ന ഫ്‌ളൈഓവര്‍ ഗുണഫലങ്ങളേക്കാളേറെ ദോഷമാണുണ്ടാക്കുക. ഇക്കേരി രാജാക്കന്മാര്‍ സ്ഥാപിച്ച പുതിയകോട്ടയെയും, ബേക്കല്‍ കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കെഎസ്ടിപി റോഡിന്റെയും കാഞ്ഞങ്ങാട് നഗരത്തിന്റെയും നാശത്തിനായിരിക്കും ഫ്‌ളൈഓവര്‍ വഴിയൊരുക്കുക.

  400 കോടിയുടെ ഫ്‌ളൈഓവര്‍ കാഞ്ഞങ്ങാട് നഗരത്തെ വിഴുങ്ങുമെന്ന് വിദഗ്ദ്ധര്‍

ലോകബാങ്കില്‍ നിന്നും കിലോമീറ്ററിന് അഞ്ചരക്കോടി രൂപ വീതം എടുത്ത് നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന കെഎസ്ടിപി റോഡിന്റെ കരാര്‍ പ്രകാരം ഇതിന്റെ ആയുര്‍ദൈര്‍ഘ്യം 30 വര്‍ഷമാണ്. അതിനുമുമ്പായി ഫ്‌ളൈഓവറിനോ മറ്റേതെങ്കിലും ആവശ്യത്തിനോ റോഡ് കുഴിച്ച് മാറ്റം വരുത്താനാവില്ലെന്ന് കരാറുണ്ട്. പിന്നെങ്ങനെ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയും. ഫ്‌ളൈഓവറുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാല്‍ ലോകമാസകലമുള്ള വന്‍ നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ളവ പൊളിച്ചുമാറ്റാനും പുതിയവയെ നിരുത്സാഹപ്പെടുത്താനും നിര്‍ദ്ദേശിക്കുമ്പോള്‍ കാഞ്ഞങ്ങാട് പോലുള്ള ചെറുനഗരം എങ്ങനെ ഫ്‌ളൈഓവറുകളെ താങ്ങുമെന്നും സംശയമായിരുന്നു. നഗരത്തിന് മുകളിലൂടെ ഫ്‌ളൈഓവര്‍ കടന്നുപോകുമ്പോള്‍ കച്ചവട സ്ഥാപനങ്ങളും മറ്റും വന്‍ പ്രതിസന്ധികളെ നേരിടും. എന്നു മാത്രമല്ല, തെരുവു നായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രമായി അടിപ്പാതകള്‍ മാറുകയും ചെയ്യും.

അലാമിപ്പള്ളി മുതല്‍ പുതിയകോട്ട വരെ കെഎസ്ടിപി പാതയില്‍ രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്.
മൂന്ന് മീറ്ററോളം വീതിയുള്ള കൂറ്റന്‍ തൂണുകള്‍ റോഡില്‍ പണിതാല്‍ എങ്ങനെ ഗതാഗതം സാധ്യമാകും എന്നതുപോലെ  ദേവാലയങ്ങള്‍ നിറഞ്ഞ ഈ റോഡില്‍ നൂറ്റാണ്ടുകളായി പരമ്പരാഗതമായി നടക്കുന്ന ആനയെഴുന്നള്ളത്തും ഉത്സവാഘോഷങ്ങളും, പള്ളിപ്പെരുന്നാളുകളും, ഉറൂസുകളും നടത്താനും കഴിയാതെയും വരും.

ഇത്തരമൊരു വന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പ് ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ച് വിശദമായ പഠനവും ഓരോ സ്ഥലത്തെ മണ്ണു പരിശോധനയും പാരിസ്ഥിതിക, സാമ്പത്തിക, ഗതാഗതം തുടങ്ങിയവ സംബന്ധിച്ച ആഘാതപഠനങ്ങളും ഇത് ബാധിക്കാന്‍ പോകുന്ന പൊതുജനങ്ങളുമായുള്ള ചര്‍ച്ചയും നടത്താതെ ഫ്‌ളൈഓവര്‍ എന്ന ആശയം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നില്‍ ചില ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും സൂചനയുണ്ട്. 400 കോടിയുടെ പദ്ധതിയില്‍ ചില സാമ്പത്തിക ലക്ഷ്യങ്ങളും സ്വപ്‌നം കാണുന്നവരുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Kanhangad-town, Flyover, Road, 400 crore flyover will swallow Kanhangad Town

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia