Action plan | 'കാസർകോട്ടുള്ളത് 4 പുലികൾ'; നേരിടാൻ ജില്ലാതലത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കും

● ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
● പുലികളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നടപടികൾ സ്വീകരിക്കും.
● കാസർകോട് ജില്ലയിലെ മലയോര ഗ്രാമങ്ങളിലാണ് പുലിശല്യം കൂടുതൽ.
കാസര്‍കോട്: (KasargodVartha) ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ പുലിഭീതി വ്യാപകമായതോടെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ വികസന സമിതി തീരുമാനിച്ചു. ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ പുലിയിറങ്ങുന്നത് ജനങ്ങളുടെ സൈ്വര്യജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാന്‍ ഭയപ്പെടുകയാണെന്നും പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടേ മതിയാകൂവെന്നും അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം ബേഡകത്തെ മടയില്‍ പുലി എത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ആ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
വിഷയം സംബന്ധിച്ച് മറ്റ് ജില്ലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് ജില്ലയുടെ പ്രത്യേകതകള്‍ കൂടി പരിഗണിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ഇതിന്റെ ഭാഗമായി പുലി ഭീതി നിലനില്‍ക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഫോറസ്റ്റ്, റവന്യൂ, പോലീസ് എന്നിവരുടെ പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. വിഷയത്തില്‍ പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഡി.എഫ്.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ നാല് പുലികളാണ് ഉള്ളതെന്ന് ഡി.എഫ്.ഒ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പുലികളെ ട്രെയ്‌സ് ചെയ്ത് മയക്കുവെടി വെക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
എരിഞ്ഞിപ്പുഴ ചെക്ക്ഡാം തുടര്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പരിവേഷ് പോര്‍ട്ടലില്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുനര്‍ഗേഹം പദ്ധതിയില്‍ പള്ളിക്കര മിഷന്‍ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് എം.എല്‍.എ പറഞ്ഞു. മൂന്നാംകടവ് ഡാം സംബന്ധിച്ച് ഫീസിബിലിറ്റി സ്റ്റഡി നടത്തും. ബാവിക്കര ടൂറിസം പദ്ധതി പുരോഗതി അവലോകനം ചെയ്തു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മട്ടളായി കുന്നില്‍ പുതിയ ആറ് വരി പാത മണ്ണ് എടുത്ത ശേഷം പഴയറോഡുമായി ലിങ്ക് ചെയ്യുമ്പോള്‍ അവിടുത്തെ പ്രദേശവാസികള്‍ ആശങ്കയിലാണെന്നും മഴക്കാലത്ത് ഉണ്ടായേക്കാവുന്ന വെള്ളക്കെട്ടും മറ്റ് അപകടങ്ങളും അവര്‍ ഭയക്കുന്നുണ്ട്. ദേശീയപാത നിര്‍മ്മാണം നടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ തയ്യാറാകണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. പദ്ധതി വിശദീകരിക്കുന്നതിനും ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും തയ്യാറാണെന്ന് നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
നീലേശ്വരം തൈക്കടപ്പുറം അഴിത്തല പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ മൈനര്‍, മേജര്‍ ഇറിഗേഷന്‍ ഇന്‍ലാന്റ് നാവിഗേഷന്‍ വിഭാഗം എന്നിവയുടെ സംയുക്ത പ്രവര്‍ത്തനം നടത്തും.
കയ്യൂര്‍-ചെമ്പ്രക്കാനം റോഡില്‍ വാട്ടര്‍ അതോറിറ്റി പൊളിച്ചിട്ട റോഡുകള്‍ മഴക്ക് മുന്‍പ് നേരെയാക്കണമെന്നും പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധത്തില്‍ വിഷയം കൈകാര്യം ചെയ്യണമെന്നും എം.എല്‍.എ പറഞ്ഞു.
കൊടക്കാട് തേജസ്വിനി പുഴയിലെ കോട്ടപ്പുറത്ത് ഭാഗികമായി പൊളിഞ്ഞ പഴയ നടപ്പാലം 15 ദിവസത്തിനകം പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് വികസന സമിതി എല്‍.എസ്.ജി.ഡി ജെഡിയോട് നിര്‍ദ്ദേശിച്ചു. വെള്ളച്ചാല്‍ എം.ആര്‍.എസിന് കളിക്കളം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. നീലേശ്വരം റെയില്‍വേ മേല്‍പ്പാലം സൈറ്റ് സന്ദര്‍ശിച്ച് സ്ഥല പരിശോധന നടത്തിയതായും അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് ഒരാഴ്ചക്കകം സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അമ്മയും കുഞ്ഞും ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്തണം, ജില്ലയിലെ വിവിധ വകുപ്പുകളിലുള്ള ഒഴിവുകള്‍ കൃത്യസമയത്ത് പി.എസ്.സിയെ അറിയിക്കണം തുടങ്ങി വിവിധ വിഷയങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രതിനിധി അറിയിച്ചു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, സി.എച്ച്.കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രതിനിധി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
As incidents of tigers venturing into residential areas increase in Kasaragod district, an action plan will be prepared at the district level to ensure the safety of the people. Officials have confirmed the presence of four tigers in the district and are taking steps to monitor and control their movements.
#Kasaragod #TigerMenace #ActionPlan #WildlifeSafety #Kerala