Civil Service| സിവില്‍ സര്‍വീസില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും ആദ്യ 1000 റാങ്കില്‍ ഉള്‍പെട്ടത് 4 പേര്‍; നാടിന് അഭിമാനമായി അനുഷയും സൂരജും
* അഭിനന്ദിക്കാന്‍ കോടോം-ബേളൂര്‍ പഞ്ചായത് പ്രസിഡന്റ് ശ്രീജയും പ്രദേശവാസികളും വീട്ടിലെത്തിയിരുന്നു
* ഉന്നത നേട്ടം കൈപ്പിടിയിലൊതുക്കിയവരില്‍ സാധാരണക്കാരും
കാസര്‍കോട്: (KasargodVartha) ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ 1000 റാങ്കില്‍ ജില്ലയില്‍ നിന്നും ഉള്‍പെട്ടത് നാലുപേര്‍. ഉദുമയിലെ രാഹുല്‍ രാഘവനും നീലേശ്വരം പള്ളിക്കരയിലെ കാജല്‍ രാജുവിനും പുറമെ രാജപുരം ഒടയംചാല്‍ ചെന്തളത്തെ അനുഷ ആര്‍ ചന്ദ്രനും കാസര്‍കോട് അടുക്കത്ത് ബയലിലെ ആര്‍ കെ സൂരജും റാങ്ക് പട്ടികയില്‍ തിളങ്ങി.
791 -ാം റാങ്ക് നേടിയാണ് അനുഷ നാടിന് അഭിമാനമായി മാറിയത്. തയ്യല്‍ തൊഴിലാളിയായ രാമചന്ദ്രന്‍ - കൂലിത്തൊഴിലാളിയായ വനജ ദമ്പതികളുടെ മകളായ അനുഷ സാധാരണ കുടുംബത്തില്‍ നിന്നാണ് ഉന്നത നേട്ടം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. സഹോദരന്‍ അഖില്‍.
കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളിലാണ് ഒന്നു മുതല്‍ പ്ലസ് ടു വരെ അനുഷ പഠിച്ചത്. ലഭിക്കുന്ന പദവിയില്‍ ട്രെയിനിങ്ങിന് ചേര്‍ന്ന് വീണ്ടും പരീക്ഷയെഴുതി ഉയര്‍ന്ന നേട്ടം കൈവരിക്കണമെന്നാണ് ആഗ്രഹമെന്ന് അനുഷ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തിരുവനന്തപുരം ഫോര്‍ച്യൂണ്‍ ഐഎഎസ് അകാഡമിയിലായിരുന്നു കോചിങ്ങിന് ചേര്‍ന്നിരുന്നത്. രണ്ടാമത്തെ പരിശ്രമത്തിലാണ് റാങ്കിന്റെ തിളക്കം നേടിയെടുക്കാന്‍ കഴിഞ്ഞത്. റാങ്ക് നേടിയ അനുഷയെ അഭിനന്ദിക്കാന്‍ കോടോം-ബേളൂര്‍ പഞ്ചായത് പ്രസിഡന്റ് ശ്രീജയും പ്രദേശവാസികളും വീട്ടിലെത്തിയിരുന്നു.
കാസര്‍കോട് ബീരന്ത് ബയലിലെ ആര്‍ കെ സൂരജ് 843-ാം റാങ്ക് നേടിയാണ് ജില്ലയ്ക്ക് അഭിമാനമായത്. ബംഗ്ലൂരിലെ ഐടി കംപനിയില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നതിനിടയിലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. 2017 മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നുണ്ടെങ്കിലും ആദ്യമായാണ് ആദ്യ 1000 റാങ്കിനുള്ളിലെത്തുന്നത്. 2018, 2020 വര്‍ഷങ്ങളില്‍ ഇന്റര്‍വ്യു വരെയെത്തി. മുന്നോട്ടുള്ള യാത്ര എങ്ങനെയെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ് സൂരജ് പറയുന്നത്.
കാസര്‍കോട് കെ എസ് ആര്‍ ടി സിയിലെ മുന്‍ ഇന്‍സ്പെക്ടറായ കെ രാമകൃഷ്ണന്റെയും കാസര്‍കോട് ആസ്ട്രല്‍ വാചസ് മുന്‍ ജീവനക്കാരി ടി കെ സബിതയുടെയും മകനാണ്. സഹോദരി ആര്‍ കെ സ്മിത കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് അകൗണ്ടന്റാണ്.