അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വില വരുന്ന 3 മാന്‍ കൊമ്പുകളും 11 ആമകളുമായി നാലംഗ സംഘം കാസര്‍കോട്ട് അറസ്റ്റില്‍; പിടിയിലായത് അന്താരാഷ്ട്ര ബന്ധമുള്ള കണ്ണികളെന്ന് വനം വകുപ്പ്
Oct 13, 2017, 16:22 IST
കാസര്‍കോട്: (www.kasargodvartha.com 13.10.2017) അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വില വരുന്ന മൂന്ന് മാന്‍ കൊമ്പുകളും സംരക്ഷിത ഇനത്തില്‍പെട്ട 11 ആമകളുമായി നാലംഗ സംഘത്തെ കാസര്‍കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. മൊഗ്രാലിലെ മുഹമ്മദ് അബ്ദുല്ല മൊയ്തീന്‍ (46), മൊഗ്രാല്‍പുത്തൂരിലെ വി. ഇമാം അലി (49), മായിപ്പാടിയിലെ കരീം (40), മൊഗ്രാല്‍ കൊപ്രബസാറിലെ ബി.എം ഖാസിം (55) എന്നിവരെയാണ് ഡിഎഫ്ഒ എം രാജീവന്‍, കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെ കുമ്പള പേരാല്‍കണ്ണൂരില്‍ വെച്ചാണ് രണ്ട് ആള്‍ട്ടോ കാറുകളിലായി കലമാന്‍ കൊമ്പുകളും ആമകളുമായി പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ഒരു സംഘത്തിന് കൈമാറാന്‍ വേണ്ടി മാന്‍ കൊമ്പുകളും ആമകളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ സമര്‍ത്ഥമായി പിടികൂടിയത്.
രണ്ട് മാസം മുമ്പ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കു വേണ്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വലവിരിച്ചിരിക്കുകയായിരുന്നു. എസ്‌കോര്‍ട്ട് ആയി ബൈക്കില്‍ പോയ സംഘത്തിലെ ചിലര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കു വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് കാസര്‍കോട് റേഞ്ച് ഓഫീസര്‍ വി. അനില്‍ കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഉത്തരേന്ത്യയില്‍ പൂജ ആവശ്യത്തിനായും മറ്റും മാന്‍ കൊമ്പും ആമകളും ഉപയോഗിക്കുന്നുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. അമേരിക്കയില്‍ മാന്‍ കൊമ്പിനും ആമകള്‍ക്കും വലിയ ഡിമാന്‍ഡ് ആണ് ഉള്ളത്. വിദേശത്തേക്ക് കടത്തിയാല്‍ കോടികളാണ് ഇതിന് വിലവരുന്നത്. ഷെഡ്യൂള്‍ (ഒന്ന്) ഇനത്തില്‍പെട്ട നാല് വെള്ള ആമകളും, ഷെഡ്യൂള്‍ നാല് ഇനത്തില്‍പെട്ട ഏഴ് ബ്ലാക്ക് ആമകളുമാണ് പിടിച്ചെടുത്തവയിലുള്ളത്. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അഞ്ചു ലക്ഷത്തിനാണ് ഇവ വില പറഞ്ഞുവെച്ചതെന്ന് പ്രതികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. വന്‍ ശൃംഖല തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികളെ പിടികൂടിയ സംഘത്തില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.ആര്‍ ഷാജീവ്, ഫോറസ്റ്റ് ഓഫീസര്‍മാരായ ചന്ദ്രന്‍ നായര്‍, വി.വി രാജഗോപാലന്‍, എം.കെ നാരായണന്‍, ബീറ്റ് ഓഫീസര്‍മാരായ കെ. ധനഞ്ജയന്‍, കാഞ്ഞങ്ങാട് റേഞ്ച് ബീറ്റ് ഓഫീസര്‍ ഹരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൗക്കത്ത്, ജോഷി ജോസഫ്, ധനേഷ്, ഡ്രൈവര്‍മാരായ രമേശന്‍, രാഹുല്‍ എന്നിവരും ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Held, forest-range-officer, 4 held with deer horn and 11 tortoise