Updates | കാസര്‍കോട് ജില്ലയില്‍ മൂന്ന് മാസത്തിനകം 3928 ആധാറുകള്‍ പുതുക്കി; ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു
ജില്ലയില്‍ അഞ്ചു വയസിന് മുകളിലുള്ള 95,584 കുഞ്ഞുങ്ങള്‍ ഇപ്പോഴും ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കാസര്‍കോട്: (KasargodVartha) ജില്ലയില്‍ മൂന്ന് മാസത്തിനകം 3928 ആധാറുകള്‍ പുതുക്കിയതായി ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി വിലയിരുത്തി. ഏപ്രില്‍ മാസത്തിൽ 1361 ആധാറുകളും, മെയ് മാസത്തിൽ 1081 ആധാറുകളും, ജൂണ്‍ മാസത്തിൽ 1486 ആധാറുകളും പുതുക്കി. ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാവര്‍ക്കും ഒടിപി ഉപയോഗിച്ച് ആധാറിലെ വിവരങ്ങള്‍ സെപ്തംബര്‍ 14 വരെ സൗജന്യമായി പുതുക്കാം.
ജില്ലയില്‍ അഞ്ചു വയസിന് മുകളിലുള്ള 95,584 കുഞ്ഞുങ്ങള്‍ ഇപ്പോഴും ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. 15 വയസ്സിന് മുകളിലുള്ള 50,858 വിദ്യാര്‍ത്ഥികളുടെ ആധാര്‍ പുതുക്കലും നടത്താനുണ്ട്. ഇതിനു പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സെപ്തംബര്‍ 30നകം ഐ ടി മിഷന്‍ ക്യാമ്പുകള്‍ നടത്തി ആധാറുകളുടെ പുതുക്കല്‍ നടത്തും.
ജില്ലയിലെ 20 ട്രാന്‍സ്ജെന്ററുകളുടെയും ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള നടപടികളും സുരക്ഷാ വകുപ്പ് ഐ ടി മിഷന്‍ ക്യാമ്പ് നടത്തി പൂര്‍ത്തിയാക്കും. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കെയര്‍ ഹോമുകളിലെ അന്തേവാസികളുടെ ആധാര്‍ പുതുക്കും.
60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാരുടെയും കിടപ്പു രോഗികളുടെയും ആധാര്‍ പുതുക്കുന്നതിനായി അക്ഷയ സെന്റര്‍ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സേവനം നല്‍കും. ഇതിന് ഹോം ആധാര്‍ എന്റോള്‍മെന്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പദ്ധതിയായ 'കണക്ടിങ് കാസര്‍കോട്' പ്രവര്‍ത്തനം അവലോകനം ചെയ്തു.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ വി ശ്രുതി അധ്യക്ഷത വഹിച്ചു. യു ഐ ഡി എ ഐ എസ്ടി പ്രൊജക്ട് മാനേജര്‍ ടി ശിവന്‍ ജില്ലയുടെ ആധാര്‍ സംബന്ധിച്ച സ്ഥിതിവിവരങ്ങള്‍ വിശദീകരിച്ചു. റവന്യൂ റിക്കവറി തഹസില്‍ദാര്‍ കെ വി ശശികുമാര്‍, ഐ ടി മിഷന്‍ ഡി പി എം കപില്‍ദേവ്, തുടങ്ങി വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും സംസാരിച്ചു.
#AadhaarUpdates #Kasaragod #ITMission #GovernmentServices #PublicServices #AadhaarRegistration