city-gold-ad-for-blogger

അപകടത്തില്‍പെട്ട രോഗിക്ക് ചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും, രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉടമകള്‍ വിസമ്മതിച്ചാല്‍ ഒരുവര്‍ഷം തടവും 25,000 രൂപ വരെ പിഴയും; കരട് ബില്‍ തയ്യാറായി

കാഞ്ഞങ്ങാട്:(www.kasargodvartha.com 05/11/2018) അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് രണ്ടുവര്‍ഷം തടവും കാല്‍ലക്ഷം രൂപ പിഴയും ലഭിക്കുന്ന കരട് ബില്ല് തയ്യാറായി. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മീഷന്‍ തയ്യാറാക്കിയ ബില്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും. ആശുപത്രിയിലെത്തുന്ന രോഗിക്കോ ബന്ധുക്കള്‍ക്കോ സാമ്പത്തിക ശേഷി ഇല്ലെങ്കിലും ചികിത്സ നിഷേധിക്കാന്‍ പാടില്ല.

അടിയന്തരമായ ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കുന്നതും ബില്ലിലുണ്ട്. കേസ് ഭയന്നും ചെലവ് വഹിക്കാന്‍ മടിച്ചും അപകടങ്ങളില്‍ പരിക്കേറ്റവരെ ഏറ്റെടുക്കാനാവില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് പറയാനാവാത്ത വിധമാണ് ബില്ല്. അടിയന്തര ചികിത്സ വേണ്ട രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉടമകള്‍ വിസമ്മതിച്ചാല്‍ ഒരുവര്‍ഷം തടവും 25,000 രൂപ വരെ പിഴയും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു. നഴ്സിംഗ് ഹോമുകള്‍ മുതല്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വരെ ഈ നിയമത്തിന്റെ പരിധിയില്‍ വരും.

അപകടത്തില്‍പെട്ട രോഗിക്ക് ചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും, രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉടമകള്‍ വിസമ്മതിച്ചാല്‍ ഒരുവര്‍ഷം തടവും 25,000 രൂപ വരെ പിഴയും; കരട് ബില്‍ തയ്യാറായി


ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ ചികിത്സാ സഹായപദ്ധതി തുടങ്ങുകയും ആശുപത്രികള്‍ക്കും ആംബുലന്‍സിനും ചെലവായ തുക ഈ പദ്ധതി വഴി നല്‍കണമെന്നും ബില്ലിലുണ്ട്. അത്യാഹിത ചികിത്സയ്ക്കായി ആശുപത്രികള്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുകയും നല്‍കിയ ചികിത്സ, പരിശോധന, ഫീസ് തുടങ്ങി എല്ലാ വിവരങ്ങളും അതില്‍ രേഖപ്പെടുത്തുകയും വേണം. അടിയന്തര ചികിത്സയ്ക്ക് സൗകര്യമില്ലെങ്കില്‍ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് അയയ്ക്കുന്നത് ഡോക്ടറുടെ ചുമതലയായിരിക്കും.

ഇതിന് മതിയായ കാരണം രേഖപ്പെടുത്തുകയും രോഗിയുടെ സമ്മതപത്രം വാങ്ങുകയും ചെയ്യണം. അത്യാഹിത വിഭാഗത്തില്‍ എത്തിച്ച രോഗിക്കും, ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും അപകടമില്ലെന്ന് ഉറപ്പാക്കിവേണം മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍. ജീവന്‍ നിലനിറുത്താന്‍ കഴിയുന്നത് ചെയ്‌തെന്ന് ഉറപ്പാക്കി വേണം ആശുപത്രിമാറ്റം. പരിശോധന, നല്‍കിയ ചികിത്സ തുടങ്ങി എല്ലാ രേഖകളും പ്രത്യേക റിപ്പോര്‍ട്ടും സഹിതമാകണം രോഗിയെ കൊണ്ടുപോകേണ്ടത്. സ്വന്തം ആംബുലന്‍സ് ഇല്ലെങ്കില്‍ സ്വകാര്യ ആംബുലന്‍സിന്റെയോ ഏജന്‍സികളുടെയോ പൊലീസിന്റെയോ സഹായം തേടാം. കഴിഞ്ഞവര്‍ഷം ചാത്തന്നൂരില്‍ അപകടത്തില്‍പ്പെട്ട നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവമാണ് ബില്ല് തയ്യാറാക്കാന്‍ പ്രേരകമായത്.

മുരുകന് കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ നിഷേധിച്ചെന്നായിരുന്നു ആരോപണം. ആശുപത്രികള്‍ ഏറ്റെടുക്കാതെ ഏഴരമണിക്കൂറോളം ആംബുലന്‍സില്‍ കിടന്ന മുരുകന്‍ മരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Accident, Injured, Hospital, 2 year imprisonment and fine for Doctor who not treat patients in Accident case

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia