Treatment | ജനറേറ്ററിൽ നിന്നും പുക ശ്വസിച്ച 2 വിദ്യാർഥിനികളെ വിദഗ്‌ധ ചികിത്സയ്ക്കായി മംഗ്ളൂറിലേക്ക് മാറ്റി; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് 50 ഓളം കുട്ടികൾ
സുരക്ഷാ മാനദണ്ഡങ്ങളൊന്നും നോക്കാതെയാണ് സ്ഥാപിച്ചതെന്ന് പരാതി
കാഞ്ഞങ്ങാട്: (KasargodVartha) സ്‌കൂൾ മതിലിനോട് ചേർന്ന, കാഞ്ഞങ്ങാട് പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യവും ഛർദിയും തലകറക്കവും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 50 ഓളം കുട്ടികളിൽ നിന്ന് രണ്ട് വിദ്യാർഥിനികളെ വിദഗ്‌ധ ചികിത്സയ്ക്കായി മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
പുതിയ കോട്ടയിലെ ലിറ്റിൽ ഫ്‌ലവർ ഗേൾസ് ഹയർ സെകൻഡറി സ്‌കൂളിലെ കുട്ടികളാണ് പുക ശ്വസിച്ച് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളിലെ കുട്ടികൾ ഓരോരുത്തരായി കുഴഞ്ഞുവീഴാൻ തുടങ്ങിയത്. പ്ലസ് വൺ, പ്ലസ് ടു, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥിനികളാണ് ശ്വാസം മുട്ടി തലകറങ്ങി വീണത്. ആദ്യം 16 കുട്ടികളാണ് കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ അരമണിക്കൂറിനുള്ളിൽ നൂറോളം കുട്ടികളെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു.
ശ്വാസ തടസത്തിന്റെ കാരണം എന്താണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടാണ് ആശുപത്രി കെട്ടിടത്തോട് ചേർന്ന് സ്ഥാപിച്ച ജനറേറ്ററിലെ പുകയാണ് കാരണമെന്ന് അധികൃതർ തിരിച്ചറിഞ്ഞത്. വൈകീട്ടോടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട കുട്ടികളെ വീട്ടിലേക്ക് വിട്ടിരുന്നു. എന്നാൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികളായ ചിലരെ രാത്രിയോടെ വീണ്ടും ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു. ഇവരെല്ലാവരും ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ഇവരിൽ ഒരു കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്കും, പിന്നീട് രണ്ട് കുട്ടികളെ കാസർകോട്ടെ ആശുപത്രിയിലേക്കും മാറ്റി. ഇവരെയാണ് വെള്ളിയാഴ്ച രാവിലെ മംഗ്ളൂറിലെ യൂനിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികളായ റിജുവ റിയാസ് തൈകടപ്പുറം, റിഫ നീലേശ്വരം നെടുങ്കണ്ട എന്നിവരാണ് മംഗ്ളൂറിൽ ചികിത്സയിലുള്ളത്.
ആശുപത്രി വളപ്പിൽ മുകളിലോട്ട് പുകക്കുഴൽ ഇല്ലാത്ത ജനറേറ്ററിലെ കരിമ്പുക തുപ്പിയത് സ്‌കൂളിന്റെ ഭാഗത്തേക്കായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും നോക്കാതെയാണ് ജനറേറ്റർ ഇവിടെ സ്ഥാപിച്ചതെന്നും പരാതി ഉയർന്നിട്ടുണ്ട്. കലക്ടർ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കലക്ടറോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജനറേറ്റർ ഇവിടെ നിന്നും അധികൃതർ മാറ്റിയത്.
നവജാത ശിശുക്കൾ അടക്കം എത്തുന്ന ആശുപത്രിയിൽ ജനറേറ്ററിന്റെ പുകക്കുഴൽ സുരക്ഷിത സ്ഥാനത്ത് സ്ഥാപിക്കുന്നതിന് പകരം സ്‌കൂളിന് നേർക്ക് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അധികൃതർ പറഞ്ഞു. അതേസമയം കലക്ടർ നിർദേശിച്ചത് പ്രകാരമുള്ള അന്വേഷണ റിപോർട് ഇതുവരെ കൈമാറിയിട്ടില്ലെന്നും വെള്ളിയാഴ്ച രാത്രിയോടെ തന്നെ കലക്ടർക്ക് നൽകുമെന്നും കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹ്‌മദ് കാസർകോട് വാർത്തയോട് പറഞ്ഞു.