Hospitalized | 'അമ്മയും കുഞ്ഞും' ആശുപത്രിയിലെ ജെനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് അടുത്തുള്ള സ്‌കൂളിലെ 16 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
കാഞ്ഞങ്ങാട്: (KasargodVartha) 'അമ്മയും കുഞ്ഞും' ആശുപത്രിയിലെ ജെനറേറ്ററിലെ പുക ശ്വസിച്ച് തൊട്ടടുത്ത ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ 16 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച (04.07.2024) രാവിലെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
ജെനറേറ്ററിന് മുകളിലോട്ട് പുകക്കുഴൽ ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് സംശയിക്കുന്നു. ആശുപത്രിയുടെ മതിലിനോട് ചേര്‍ന്ന് തന്നെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. നെഞ്ചെരിച്ചിലും തലക്കറക്കവും തലവേദനയും ശ്വാസംമുട്ടലും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ പറഞ്ഞു. അപര്‍ പ്രൈമറി (Upper Primary) സ്‌കൂളിലെ കുട്ടികളാണ് കൂടുതലും ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. മുകളിലോട്ട് പുക കുഴല്‍ സ്ഥാപിക്കുകയോ അതല്ലെങ്കിള്‍ ജെനറേറ്റര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയോ വേണമെന്ന് അധ്യാപികമാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
അതേസമയം സ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനും കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. കാഞ്ഞങ്ങാട് സബ് കലക്ടറോടാണ് അന്വേഷണം നടത്തി റിപോര്‍ട് നല്‍കാന്‍ അവശ്യപ്പെട്ടിട്ടുള്ളതെന്നും കലക്ടര്‍ പറഞ്ഞു.