Young Artist | തബലയിൽ മാസ്മരിക പ്രകടനയുമായി കാണികളെ കോരിത്തരിപ്പിച്ച് 14 വയസുകാരൻ മുഈനുദ്ദീൻ; ഖവാലിയിൽ ലയിച്ച് ആസ്വാദകർ
● 1ഏഴ് വർഷമായി സ്വപ്രയത്നത്താലാണ് മുഈനുദ്ദീൻ തബലയിൽ പ്രാവീണ്യം നേടിയെടുത്തത്.
● വീടിനടുത്തുള്ള മജ്‌ലിസിൽ എല്ലാ ഞായറാഴ്ചയും സംഗീത പരിപാടികൾ നടത്താറുണ്ട്.
● മുഈനുദ്ദീൻ ഇളയ സഹോദരൻ നിസാമുദ്ദീൻ ഹാർമോണിയത്തിൽ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
കാസർകോട്: (KasargodVartha) തബലയിൽ മാസ്മരിക പ്രകടനവുമായി കാണികളെ കോരിത്തരിപ്പിച്ച് 14 വയസുകാരൻ മുഈനുദ്ദീൻ. കാസർകോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി നടന്ന ഖവാലിയിലാണ് ആസ്വാദകരെ പുളകം കൊള്ളിച്ചത്. കോഴിക്കോട് കല്ലായി പള്ളിക്കണ്ടിയിലെ പി പി യൂനുസ് - ഫസീല ദമ്പതികളുടെ മകനാണ് തബലയെ പ്രണയിച്ച ഈ കൊച്ചുകലാകാരൻ.
ഏഴ് വർഷമായി സ്വപ്രയത്നത്താലാണ് തബലയിൽ പ്രാവീണ്യം നേടിയെടുത്തത്. വീട്ടുകാരുടെയും മറ്റ് ബന്ധുക്കളുടെയും പ്രോത്സാഹനത്തിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുഈനുദ്ദീൻ തബലയിലെ മാന്ത്രിക വിരൽത്തുമ്പുകളിലൂടെ ആസ്വാദകരെ ഹരം കൊള്ളിക്കുന്നത്
വീടിനടുത്തുള്ള മജ്‌ലിസിൽ എല്ലാ ഞായറാഴ്ചയും സംഗീത പരിപാടികൾ നടത്താറുണ്ട്. ഇതിൽ തബല വായിക്കുന്നത് മുഈനുദ്ദീനാണ്. പ്രശസ്ത സംഗീതജ്ഞരായ സമീർ ബിൻസി, കെ എച്ച് താനൂർ തുടങ്ങി പ്രമുഖരെല്ലാം ഈ സംഗീത വിരുന്നിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി നാടിന് തന്നെ അഭിമാനമായി മാറിയിരുന്നു
മുഈനുദ്ദീന്റെ ഇളയ സഹോദരൻ നിസാമുദ്ദീൻ ഹാർമോണിയത്തിൽ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. സഹോദരി മുർശിദ ചിത്രകാരിയും പാട്ടുകാരിയും ആണെങ്കിലും പുറത്ത് പരിപാടികളിൽ ഒന്നും പോയിട്ടില്ല. മുഈനുദ്ദീന്റെ വലിയുപ്പ നാസറിന്റെ ഖവാലി കണ്ടാണ് തബലയിൽ താത്‌പര്യം വളർന്നതെന്ന് ഈ കൊച്ചുകലാകാരൻ പറയുന്നു.
തബലിസ്റ്റ് സുലൈമാന്റെ പിന്തുണയും പ്രചോദനമായി. തബലയിൽ തന്നെ ഉയരങ്ങൾ കീഴടക്കാനുള്ള പ്രയത്നത്തിലാണ് മുഈനുദ്ദീൻ. കാണികളെ കൂടി തന്റെ തബലയിൽ ആകർഷിപ്പിക്കുകയും അവരെ കൂടി കയ്യടിപ്പിക്കുകയും ചെയ്യാൻ കഴിയുന്നുവെന്നതും എടുത്തു പറയേണ്ടതാണ്.
#Kasargod #Tabla #YoungArtist #MusicPerformance #Qawwali #TalentShowcase