city-gold-ad-for-blogger
Aster MIMS 10/10/2023

Recognition | കാസർകോട്ട് 10 പൊലീസ് ഉദ്യോസ്ഥർക്ക് സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; ഡിവൈഎസ്‌പി സതീഷ്‌കുമാർ ആലക്കലിനും ഇത് അഭിമാന നിമിഷം; തെളിയിച്ചത് ആസൂത്രിതമായ 3 കൊലക്കേസുകൾ

Kasaragod Police Honored for Exemplary Service
Poster courtesy: Police Association Kasaragod

സബ് ഇൻസ്പെക്ടർമാരായ കെ ലതീഷ്, കെ വി ജോസഫ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ എ പി രമേഷ് കുമാർ, കെ വി ഗംഗാധരൻ എന്നിവരും പുരസ്കാരത്തിന് അർഹരായിട്ടുണ്ട്

കാസർകോട്:  (KasargodVartha) സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി ജില്ലയിൽ 10 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചു. സേവനമികവിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്വയം ജീവനൊടുക്കിയതാക്കി മാറ്റിയ മൂന്ന് കൊലകേസുകൾ തെളിയിച്ച, ഇപ്പോൾ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ റൂറൽ ഡിവൈഎസ്‌പി സതീഷ്‌കുമാർ ആലക്കലിനും മെഡൽ ലഭിച്ചതോടെ ഇത് അഭിമാന നിമിഷമാണ്.

ഉപ്പള മിയാപ്പദവ് ഹയര്‍ സെകൻഡറി സ്കൂളിലെ അധ്യാപിക രൂപശ്രീയുടെ കൊലപാതകം, ബേഡകത്തെ അമ്മാളു അമ്മയുടെ കൊലപാതകം, ആദൂരിലെ ശിവപ്പ നായികിൻ്റെ കൊലപാതകം എന്നിവ തെളിയിച്ചതാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനാകാൻ കാരണം. രൂപശ്രീയെ (40) കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസ്, ലോകൽ പൊലീസ് സ്വയം ജീവനൊടുക്കിയതാണെന്ന നിലയ്ക്കായിരുന്നു അന്വേഷിച്ചത്.

10 kasaragod police officers honored with chief ministers m

പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന സതീഷ്കുമാർ ഏറ്റെടുക്കുകയും കൊലപാതകമാണെന്ന് തെളിയിക്കുകയുമായിരുന്നു. സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര (40), സുഹൃത്ത് നിരഞ്ജന്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ അന്തിമവിധിക്ക് വേണ്ടി കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. 

കേസിന്റെ വിചാരണ നടപടികള്‍ അതിന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളു. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിരുന്നു. രൂപശ്രീ വധക്കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാ കോടതി അഡീഷണല്‍ കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിലാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപിച്ചിരുന്നത്.

ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചും തലയണ കൊണ്ട് മുഖം അമർത്തിയും നൈലോൺ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയ കേസ് തെളിയിച്ചതാണ് മറ്റൊരു സംഭവം. ഈ കേസിൽ മരുമകളെ കാസർകോട് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് കഴിഞ്ഞ മാസമാണ്.  കേസിലെ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പി അംബികയെ (47) യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.

2014 സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊളത്തൂര്‍ പെര്‍ളടുക്കം ചേപ്പിനടുക്കയിലെ അമ്മാളു അമ്മ (65) യാണ് കൊല്ലപ്പെട്ടത്. അമ്മാളു അമ്മയെ വീടിന്റെ ചായിപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ മറ്റുബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പരിയാരത്തെ  കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റ് മോര്‍ടത്തിലാണ് മരണം കൊലയാണെന്ന് തെളിഞ്ഞത്.

വീടിൻ്റെ ചായ്പ്പിൽ കിടന്നുറങ്ങുകയായിരുന്ന അമ്മാളു അമ്മയെ മകൻ്റെ ഭാര്യയായ അംബിക കൊലപ്പെടുത്തുകയും, സ്വയം ജീവനൊടുക്കിയതാണെന്ന് വരുത്തി തീർക്കാൻ വേണ്ടി മൃതദേഹം വീടിൻ്റെ ചായ്പ്പിൽ കെട്ടിത്തൂക്കുകയും ചെയ്തുവെന്നാണ് തെളിയിക്കപ്പെട്ടത്. അമ്മാളു അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരിൽ സ്ഥലം വാങ്ങിയത് ചോദിച്ചതിലുള്ള വിരോധത്താലും ഭക്ഷണം കൊടുക്കാത്തതും, ടി വി കാണാൻ അനുവദിക്കാത്തത് അയൽവാസികളോട് പറഞ്ഞതിലുള്ള വിരോധവുമാണ്  കൊലപാതകത്തിന് കാരണമെന്ന് കേസന്വേഷിച്ച ആദൂർ ഇൻസ്പെക്ടർ ആയിരുന്ന എ സതീഷ് കുമാർ കണ്ടെത്തുകയായിരുന്നു. 

അഡൂര്‍ മല്ലംപാറ ചാമക്കൊച്ചിയിലെ ശിവപ്പ നായിക്കിന്റെ (35) മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തിയതും സംഭവത്തില്‍ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തതും ആദൂര്‍ സി ഐ ആയിരുന്ന എ സതീഷ് കുമാറായിരുന്നു. 2013 ഫെബ്രുവരി 23ന് ഉച്ചയ്ക്കാണ് ശിവപ്പ നായിക്കിനെ മല്ലംപാറയിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമ ശേഖരന്‍ (26), എം ജനാര്‍ധന്‍ (28), എം. സുബ്ബറായ (38), വെങ്കപ്പ (32), എം സീതാരാമ (32) എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. 

ശിവപ്പ നായിക്കിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചും പുനരന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കള്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി മോഹന ചന്ദ്രന്‍ നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി 22ന് രാത്രി നാട്ടിലെ ഒരു വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ശിവപ്പ നായിക്കിനെ പിറ്റേന്ന് ഉച്ചയ്ക്കാണ് വഴിവക്കിലെ 12 മീറ്ററോളം ആഴവും ഒരടിയോളം വെള്ളവുമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദ്യം അപകടമരണമാണെന്ന് കരുതിയിരുന്നു. എന്നാല്‍ പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ടത്തില്‍ മരിക്കുന്നതിന് മുമ്പ് ശിവപ്പ നായിക്കിന് മര്‍ദനമേറ്റിരുന്നതായും കഴുത്തിനുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായും കണ്ടെത്തുകയായിരുന്നു.  പ്രതികളില്‍ ഒരാളായ സോമശേഖരനും ശിവപ്പയും തമ്മില്‍ നേരത്തെ വഴി തര്‍ക്കത്തെ ചൊല്ലി വൈരാഗ്യമുണ്ടായിരുന്നു. ശിവപ്പ നായിക്കിനെ മരിച്ച നിലയില്‍ കാണുന്നതിന്റെ തലേന്ന് രാത്രി ശിവപ്പ നായിക്കും പ്രതികളും തമ്മില്‍ വഴിയില്‍ വെച്ച് കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. 

ഇതേ തുടര്‍ന്ന് പ്രതികള്‍ ശിവപ്പ നായിക്കിനെ മര്‍ദിക്കുകയും കഴുത്തില്‍ തോര്‍ത്ത് മുണ്ടിട്ട് മുറുക്കുകയും ചെയ്തു. അവശനായി ബോധം നഷ്ടപ്പെട്ട ശിവപ്പ നായിക്കിനെ അക്രമികള്‍ താങ്ങിക്കൊണ്ടു പോയി 600 മീറ്റര്‍ അകലെ വഴിയോരത്തെ കുളത്തില്‍ കൊണ്ടിട്ടു. അതിന് ശേഷം ഇയാളുടെ തല വെള്ളത്തില്‍ മുക്കിപ്പിടിച്ച് മരണം ഉറപ്പ് വരുത്തുകയും ചെയ്തു. പിന്നീട് കുളത്തിലേക്ക് വഴുതി വീണതാണെന്ന് വരുത്താന്‍ കുളക്കരയിലെ മണ്ണ് അടര്‍ത്തുകയും ശിവപ്പ നായിക്കിന്റെ കൈകളില്‍ ഇലകളും പുല്ലും പിടിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇദ്ദേഹത്തിന് പുറമെ സബ് ഇൻസ്പെക്ടർമാരായ കെ ലതീഷ്, കെ വി ജോസഫ്, എ പി രമേഷ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ വി ഗംഗാധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ ബിന്ദു, വി സുധീർബാബു, ദീപക് വെളുത്തൂട്ടി, കെ രജീഷ്, കെ എം സുനിൽകുമാർ, പി ആർ ശ്രീനാഥ്, എന്നിവരും മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia