എന്‍ഡോസള്‍ഫാന്‍: മന്ത്രി ആര്യാടനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
Mar 24, 2013, 11:10 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാസര്‍കോട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന് മുന്നില്‍ പ്രതിഷേധവുമായി ചാടിവീണു.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കാസര്‍കോട് ഗസ്റ്റ് ഹൗസിലാണ് സംഭവം. കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ ഉദ്ഘാടനം ഉള്‍പെടെയുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രി കാസര്‍കോട്ടെത്തിയത്. മന്ത്രി ഗസ്റ്റ് ഹൗസില്‍ എത്തിയ വിവരമറിഞ്ഞ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിലേക്ക് മുദ്രാവാക്യം വിളികളുമായി പാഞ്ഞടുക്കുകയായിരുന്നു.
ഗെയ്റ്റിന് മുന്നില്‍ പ്രവര്‍ത്തകരെ ടൗണ്‍ സി.ഐ സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തടയുകയും പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായ വിതരണം അഞ്ച് വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കാസര്‍കോട്ട് 35 ദിവസമായി നടത്തിവരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിലേക്ക് പാഞ്ഞടുത്തത്. മന്ത്രിക്ക് മുന്നില്‍ കരിങ്കൊടി കാട്ടുകയും ചെയ്തു.
മന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ രാജ്‌മോഹന്‍, ശിവപ്രസാദ്, കെ.മണികണ്ഠന്‍, കെ.രവീന്ദ്രന്‍, രാജേഷ്, രാജേന്ദ്രന്‍, നാരായണന്‍ തുടങ്ങി 18 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത് ജാമ്യത്തല്‍ വിട്ട പ്രവര്‍ത്തകര്‍ പിന്നീട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹന്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ വി. പ്രകാശന്‍, ജോയിന്റ് സെക്രട്ടറി എ.വി. സഞ്ജയന്‍, വൈസ് പ്രസിഡന്റ് ടി. കെ. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.










