city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയ്യന്നൂര്‍ രാമന്തളിയില്‍ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം: ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകര്‍ത്തു, ഹര്‍ത്താല്‍ പൂര്‍ണം

പയ്യന്നൂര്‍: (www.kasargodvartha.com 18/09/2015) രാമന്തളിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഗുരുതരമായി വെട്ടേറ്റ സി.പി.എം രാമന്തളി വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ (38) പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സി.പി.എം പുഞ്ചക്കാട് കിഴക്ക് ബ്രാഞ്ച് സെക്രട്ടറി പി. ധനീഷ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ എ.പി. അസീര്‍, എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വടക്കുമ്പാട്ടെ കെ.കെ. ഹാരിസ് എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിണ്ടുണ്ട്. ധനീഷിനെയും അസീറിനെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും ഹാരിസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞ് രാമന്തളി പുന്നക്കടവില്‍ എത്തിയ പോലീസ് സംഘത്തെ രാത്രി 7.30 മണിയോടെ ഒരു സംഗം അക്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ പഴയങ്ങാടി എസ്.ഐ കെ.പി. ഷൈനിന് പരിക്കേറ്റു. വൈകീട്ട് അഞ്ചരയോടെ പയ്യന്നൂര്‍ കേളോത്ത് ഖാദി കേന്ദ്രത്തിനടുത്തുവെച്ചാണ് സംഘര്‍ഷത്തിന് തുടക്കംകുറിച്ചത്.

ധനീഷും അസീറും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ ഹാരിസിന്റെ നേതൃത്വത്തില്‍ ഒരുസംഘം ബൈക്ക് തടഞ്ഞ് അക്രമിക്കുകയായിരുന്നുവെന്നാണ് സി.പി.എം. പ്രവര്‍ത്തകര്‍ പറയുന്നത്. അസീറിനെ കുത്താന്‍ ശ്രമിക്കവെ കൈകൊണ്ട് തടഞ്ഞപ്പോഴാണ് ധനീഷിന്റെ കൈക്ക് വെട്ടേറ്റത്. അസീറിനെതിരെ ഭീഷണിനിലനിന്നിരുന്നതായും സി.പി.എം. നേതൃത്വം പറയുന്നു. 

അതേസമയം സി.പി.എം. പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഹാരിസ് ആരോപിച്ചു. ഇതിനുശേഷമാണ് രാമന്തളിയില്‍ സി.പി.എം വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ. വിജയന് വെട്ടേറ്റത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ കുറുങ്കടവില്‍ വെച്ചാണ് വിജയനുനേരെ ആക്രമം നടന്നത്. റോഡരികില്‍ നില്‍ക്കുമ്പോള്‍ വിളിച്ചുകൊണ്ടുപോയി ഒരുസംഘം വെട്ടുകയായിരുന്നുവെന്നാണ് പരാതി. തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ വിജയനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഏതാനുംപേരെ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. 

സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞി പഴയങ്ങാടിയില്‍നിന്നും വരികയായിരുന്ന എസ്.ഐ. ഷൈനും സംഘവും സഞ്ചരിച്ച ടാറ്റാസുമോ പുന്നക്കടവ് പാലത്തിനടുത്തുവെച്ചാണ് ഒരുസംഘം തടഞ്ഞത്. വാഹനം അടിച്ചുതകര്‍ക്കുമ്പോള്‍ ഗ്ലാസ് കഷണം തെറിച്ചാണ് എസ്.ഐക്ക് പരിക്കേറ്റത്. അക്രമത്തെ തുടര്‍ന്ന് സി.പി.എം. ആഹ്വാനംചെയ്ത ഹര്‍ത്താല്‍ രാമന്തളിയില്‍ പൂര്‍ണമാണ്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 25 ഓളം പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍ രാമന്തളിയില്‍ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം: ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകര്‍ത്തു, ഹര്‍ത്താല്‍ പൂര്‍ണം

Keywords: Payyanur, kasaragod, Kerala, SDPI, CPM, Kannur, Clash, Kerala, Harthal, Harthal in Ramanthali

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia