Dead Body | മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ മരിച്ച ആ വയോധികയുടെ ഉറ്റവര്‍ എവിടെ? മൃതദേഹം മോര്‍ചറിയില്‍; ബന്ധുക്കളെ തേടുന്നു
തലശ്ശേരി: (www.kasargodvartha.com) മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ വയോധികയുടെ മൃതദേഹം ബന്ധുക്കളെത്താന്‍ കാത്ത് വെച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സീനത്ത് എന്ന് വിളിക്കുന്ന 63 കാരിയാണ് മരിച്ചത്.
കണ്ണൂര്‍ പയ്യാമ്പലത്തെ ഒരു റിസോര്‍ട് നടത്തിപ്പുകാരാണ് വയോധിതകയെ ഇക്കഴിഞ്ഞ മാര്‍ച് 30 ന് മലബാര്‍ കാന്‍സര്‍ സെന്ററിലെത്തിച്ചത്. റിസോര്‍ടില്‍ കഴിഞ്ഞ നാല് വര്‍ഷമായി ശുചീകരണ തൊഴിലാളിയായിരുന്നു സീനത്ത്.
ആളെ തിരിച്ചറിയാന്‍ കൈവശം ഒരു ആധാര്‍ കാര്‍ഡ് മാത്രമെ സീനത്തിനുണ്ടായിരുന്നുള്ളൂ. അതാണ് ആശുപത്രിയിലും നല്‍കിയത്. അതില്‍; സീനത്ത് മട്ടത്തില്‍ -ഡോടര്‍ ഓഫ് മുഹമ്മദ് മട്ടത്തില്‍ - പൂവാലങ്കൈ, പുത്തരിയടുക്കം, നീലേശ്വരം, കാസര്‍കോഡ് എന്ന് കാണാം.
മാര്‍ച് 31ന് രാത്രി സീനത്ത് മരിച്ചതോടെ മയ്യത്ത് ആരെ ഏല്‍പിക്കണമെന്ന കാര്യത്തില്‍ ചോദ്യങ്ങളുയര്‍ന്നു. ആധാറിലെ വിലാസത്തില്‍ നീലേശ്വരത്ത് അന്വേഷിച്ചപ്പോള്‍ സീനത്ത് അവിടെ തനിച്ചു താമസിച്ചതായി മാത്രമാണ് വിവരം ലഭിച്ചത്. ഇതോടെ സീനത്തിന്റെ മയ്യത്ത് കാന്‍സര്‍ സെന്റര്‍ അധികൃതര്‍ തലശ്ശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മൂന്ന് ദിവസമായി മൃതദേഹം ഇവിടെയാണുള്ളത്.
അവകാശികളും ബന്ധപ്പെട്ടവരും എത്തുന്നതുവരെ ഇനിയും ഏതാനും ദിവസം കൂടി മൃതദേഹം ഇവിടെയുണ്ടാവും. പരേതയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ന്യൂ മാഹി പൊലീസ് സ്റ്റേഷനിലോ ( 0490.2356688), കേസന്വേഷിക്കുന്ന പ്രിന്‍സിപല്‍ എസ് ഐ മഹേഷ് കണ്ടമ്പേത്തിനേയോ (8301990611) അറിയിക്കണം.