Campaign | കണ്ണൂര്‍ വിമാനതാവളത്തിന് പോയന്റ് ഓഫ് കാള്‍ പദവിക്കായി ടീം ഹിസ്റ്റോറികല്‍ ജേര്‍ണി ഡല്‍ഹിയില്‍ സമ്മര്‍ദം ശക്തമാക്കും
● കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്മ.
● 12ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സംഘം യാത്ര തിരിക്കും.
● ഇത്തവണത്തെ യാത്രയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് ഭാരവാഹികള്‍.
കണ്ണൂര്‍: (KasargodVartha) വിമാനതാവളത്തിന്റെ വളര്‍ച്ചയ്ക്കുള്ള തടസ്സങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വീണ്ടും ഡല്‍ഹി യാത്രക്കൊരുങ്ങി ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി കൂട്ടായ്മ. പോയിന്റ് ഓഫ് കോള്‍ പദവിയും ആസിയാന്‍, സാര്‍ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ സ്വതന്ത്രമായി പറന്നിറങ്ങാനുള്ള അനുമതിയും അതോടൊപ്പം സാധാരണക്കാരന് വേണ്ടിയുള്ള ഉടാന്‍ സ്‌കീം പുനരാരംഭിക്കാനുള്ള ആവശ്യങ്ങളുമാണ് ലക്ഷ്യം.
12ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സംഘം യാത്ര തിരിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി അഞ്ചു വര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇത്തവണത്തെയും യാത്ര. വടക്കേ മലബാറിന്റെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി ശക്തമായി ശബ്ദമുയര്‍ത്തുന്ന കൂട്ടായ്മയായി ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി മാറിക്കഴിഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എയര്‍ലൈന്‍ കമ്പനികളെയും നിക്ഷേപകരെയും പങ്കെടുപ്പിച്ച് ദുബായില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. രണ്ടാം വാര്‍ഷികം കോവിഡ് സമയത്തായതിനാല്‍ യാത്രക്കാര്‍ക്ക് മാസ്‌കും കിറ്റും നല്‍കികൊണ്ട് ആഘോഷപരിപാടികള്‍ ഒഴിവാക്കി. മൂന്നാം വാര്‍ഷികത്തില്‍ വടക്കേ മലബാറിന്റെ വികസനത്തിനായി ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് കണ്ണൂരില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
നാലാം വാര്‍ഷികത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര നടത്തി. വ്യോമയാനമന്ത്രി, ന്യൂനപക്ഷ ക്ഷേമമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, എംപിമാരായ കെ സുധാകരന്‍, ജോണ്‍ ബ്രിട്ടാസ്, പി സന്തോഷ് കുമാര്‍, ഡോ. വി ശിവദാസന്‍, കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. കണ്ണൂരില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കാനുള്ള തീരുമാനമെടുത്തത് ആ ചര്‍ച്ചയിലായിരുന്നു.
അഞ്ചാം വാര്‍ഷികദിനത്തില്‍ ഗോവയിലേ മോപ്പ എയര്‍പോര്‍ട്ടിലേക്കായിരുന്നു യാത്ര. കണ്ണൂരിനുശേഷം പ്രവര്‍ത്തനം തുടങ്ങുകയും പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കുകയും ചെയ്ത ഗോവയിലെ മനോഹര്‍ വിമാനത്താവളത്തിലെ കാര്യങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കി. ഈ രീതിയില്‍ കണ്ണൂരിലും വിദേശ വിമാനങ്ങള്‍ക്ക് അനുമതി ലഭ്യമാക്കണമെന്ന ആവശ്യം എംപിമാര്‍ മുഖേനെ പാര്‍ലമെന്റില്‍ വീണ്ടും ഉന്നയിച്ചു.
ഇത്തവണത്തെ യാത്രയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, ജയദേവന്‍ മാല്‍ഗുഡി, രക്ഷാധികാരികളായ സദാനന്ദന്‍ തലശ്ശേരി, ആര്‍ക്കിടെക്ട് മധു കുമാര്‍, ടീം കോ-ഓര്‍ഡിനേറ്റര്‍ റഷീദ് കുഞ്ഞി പാറാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
#KannurAirport, #Aviation, #KeralaTourism, #PointOfCallStatus, #TeamHistoricalFlightJourney, #IndianAviation






