Smuggling | ഒരു കോടി രൂപയുടെ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ 19കാരിക്ക് പിന്നില്‍ ആര്? പ്ലസ്ടു കഴിഞ്ഞ ശേഷം എറണാകുളത്ത് പഠിക്കാന്‍ പോയ ശഹല ദുബൈലെത്തിയത് ഇന്റര്‍വ്യൂവിനാണെന്ന് പറഞ്ഞ്; 60,000 രൂപ പ്രതിഫലത്തിന് യുവതിയെ സ്വര്‍ണം കടത്താന്‍ പ്രേരിപ്പിച്ച ആണ്‍സുഹൃത്തടങ്ങുന്ന റാകറ്റിനെ തേടി കസ്റ്റംസും പൊലീസും
കാസര്‍കോട്: (www.kasargodvartha.com) ഒരു കോടി രൂപയുടെ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ 19കാരിക്ക് പിന്നില്‍ ആര്? നാട്ടുകാര്‍ പരസ്പരം ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍ ശഹലയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. പ്ലസ്ടു കഴിഞ്ഞ ശേഷം മൂന്ന് മാസം മുമ്പ് എറണാകുളത്ത് പഠിക്കാന്‍ പോയെന്നാണ് നാട്ടുകാരറിഞ്ഞത്. ഇതിനിടയില്‍ ശഹല ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് ആറ് ദിവസം മുമ്പ് ദുബൈയിലെത്തിയതായാണ് റിപോര്‍ട്.
ശഹലയുടെ പിതാവ് പത്ത് വര്‍ഷമായി ദുബൈലാണുള്ളത്. ആറ് മക്കളുള്ള കുടുംബത്തില്‍ മൂന്ന് ആണും മൂന്ന് പെണ്ണുമാണ് ഉള്ളത്. പിതാവിന് ദുബൈയില്‍ ബിസിനസാണെന്നാണ് പറയുന്നത്. 10 സെന്റ് വീടും സ്ഥലവും മാത്രമാണ് ഇവര്‍ക്കുള്ളത്. ഇടത്തരം കുടുംബമായ ഇവരുടെ മൂത്ത മകളുടെ വിവാഹം മാത്രമാണ് നടന്നത്. ശഹലയുടെ വിവാഹം നടന്നെന്നും ഇല്ലെന്നുമുള്ള പ്രചരണമാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. ശഹലയുടെ ആണ്‍സുഹൃത്തിന്റെ പ്രേരണയിലാണ് സ്വര്‍ണം കടത്തിയതെന്ന വിവരവും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പുറത്തുവന്നിട്ടുണ്ട്.
ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇവരുടെ വീട്. ഈ വീടും കുടുംബ പശ്ചാത്തലവും കസ്റ്റംസും പൊലീസും ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇത്രയും വലിയ ഒരു സ്വര്‍ണക്കടത്തിന് പെണ്‍കുട്ടി തയ്യാറായത് ആരുടെ പ്രേരണയിലാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്വര്‍ണക്കടത്ത് കേസായതിനാല്‍ കേസ് കസ്റ്റംസിനെ ഏല്‍പിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഒരു കോടി രൂപ വിലവരുന്ന 1886 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ തുന്നിചേര്‍ത്താണ് ശഹല വിമാനത്താവളത്തിനുള്ളില്‍ നിന്ന് കൂളായി പുറത്തുകടന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുകടന്ന പെണ്‍കുട്ടിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. കസ്റ്റംസിന്റെ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയിട്ടും ശഹലയില്‍ നിന്നും സ്വര്‍ണം പിടികൂടിയത് വിമര്‍ശന വിധേയമായിട്ടുണ്ട്. കള്ളക്കടത്ത് സംഘത്തിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുട്ടുണ്ടോ എന്ന ആരോപണം വരെ ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്ടുകാര്‍ അടക്കമുള്ള മലബാറിലെ പ്രമുഖ സ്വര്‍ണ കള്ളക്കടത്ത് സംഘം കരിപ്പൂര്‍ വഴി സ്ഥിരമായി സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിമാനത്താവളത്തിന് പുറത്ത് കരിപ്പൂര്‍ പൊലീസിന്റെ 87-ആമത്തെ സ്വര്‍ണ വേട്ടയാണിതെന്നത് കൂടി പുറത്തുവരുമ്പോഴാണ് ഈ ആരേപണത്തില്‍ എത്രത്തോളം കഴമ്പുണ്ടെന്ന കാര്യം കൂടി വ്യക്തമാകുന്നത്. കസ്റ്റംസിന്റെ പരിശോധനയിലെ പാളിച്ചകള്‍ തന്നെയാണ് ഇത്രയും വലിയ സ്വര്‍ണ വേട്ട തുറന്നുകാട്ടുന്നത്.
ശഹലയെ ആദ്യം പരിശോധിച്ചപ്പോള്‍ താന്‍ സ്വര്‍ണക്കടത്തുകാരിയല്ലെന്നും തനിക്ക് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നുള്ള വിവരമാണ് അറിയിച്ചത്. എന്നാല്‍ കൃത്യമായ വിവരം ലഭിച്ചതിനാല്‍ പൊലീസ് പിന്‍തിരിഞ്ഞില്ല. ദേഹപരിശോധന നടത്തിയതോടെയാണ് അടിവസ്ത്രത്തിനുള്ളില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.
Keywords: Kerala,Kannur,news,Top-Headlines,Gold,Smuggling,Dubai, Customs, Ernakulam, Police, Seized,Smuggling of gold worth one crore rupees; Customs and police started investigation.